‘പ്രായത്തേക്കാൾ കവിഞ്ഞ ബുദ്ധിയുണ്ട്’ എന്നൊക്കെ ചില ചെറിയ കുട്ടികളെ നോക്കി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത് അക്ഷരാർത്ഥത്തിൽ ശരി വയ്ക്കും പോലെ ഉള്ള ഒരാൾ ആണ് അക്രിത് പ്രാൺ ജസ്വാൾ എന്ന ഹിമാചൽ സ്വദേശി. അസാമാന്യ ബുദ്ധി ഉള്ളവരും സൂപ്പർ ഹീറോസും സിനിമകളിലും പുസ്തകങ്ങളിലും മാത്രമല്ല ജീവിതത്തിലും ഉണ്ടെന്നു തെളിയിച്ച ആളാണ് ഈ ചെറുപ്പക്കാരൻ. 7 വയസ്സിൽ ശസ്ത്രക്രിയ നടത്തി “ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശസ്ത്രക്രിയാ വിദഗ്ധൻ” എന്ന വിശേഷണം നേടിക്കൊണ്ടാണ് അക്രിത് ഇത് തെളിയിച്ചത്.

10 മാസം പ്രായമുള്ളപ്പോൾ തന്നെ നന്നായി നടക്കാനും സംസാരിക്കാനും അക്രിതിന് സാധിച്ചിരുന്നു. മറ്റുള്ള കുട്ടികൾക്ക് സാധിക്കാത്ത വിധം ഈ അസാധാരണമായ പെരുമാറ്റങ്ങൾ അന്നേ മതപൈതാക്കൾ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. രണ്ട് വയസ്സായപ്പോഴേക്കും അക്രിത് എഴുത്തും വായനയും തുടങ്ങി.  5 വയസ്സുള്ളപ്പോൾ ഇംഗ്ലീഷ് ക്‌ളാസിക്ക് നോവലുകൾ വായിച്ച അക്രിത്, ഏഴാം വയസ്സിൽ മറ്റ് 7 വയസ്സുള്ള കുട്ടികൾ അടിസ്ഥാന ഗണിതവും സയൻസും പഠിക്കുവാൻ തന്നെ കഷ്ടപ്പെടുമ്പോൾ സ്വന്തമായി ഒരു ശസ്ത്രക്രിയ തന്നെ ചെയ്ത് ലോകത്തെ അമ്പരപ്പിച്ചു.

ഹിമാചൽ പ്രദേശിലെ നൂർപൂരിൽ ആണ് ആകൃതിന്റെ ജനനം. പൊള്ളലേറ്റ ഒരു എട്ടുവയസ്സുകാരന്‍റെ കൈകളിലാണ് ആദ്യമായി അക്രിത് ശസ്ത്രക്രിയ നടത്തിയത്. ഇവിടെയും തീർന്നില്ല, 12-ാം വയസ്സിൽ, “രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ യൂണിവേഴ്സിറ്റി വിദ്യാർത്ഥി” എന്ന അംഗീകാരം നേടിക്കൊണ്ടാണ് അക്രിത് ഒരിക്കൽ കൂടി വാർത്തകളിൽ ഇടം നേടിയത്. 13-ാം വയസ്സിൽ, ആ പ്രായപരിധിയിലെ ഏറ്റവും ഉയർന്ന IQ- ഉള്ള ഒരാൾ (146) എന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി. ഇതിഹാസതാരം ഓപ്ര വിൻഫ്രി അവതാരകയായ ലോകപ്രശസ്ത ടോക്ക് ഷോയിൽ പങ്കെടുത്ത അക്രിത് ജസ്വാളിന്‍റെ അസാധാരണമായ പ്രകടനം അദ്ദേഹത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തിരുന്നു.

“എൻ്റെ ഗവേഷണത്തിൻ്റെയും എൻ്റെ സിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തിൽ ഞാൻ ഓറൽ ജീൻ തെറാപ്പി എന്ന ഒരു ആശയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സംവിധാനത്തിൽ പ്രവർത്തിക്കുന്നതിൽ ഞാൻ തികച്ചും അർപ്പണബോധമുള്ളവനാണ്. 6 വയസ്സ് മുതൽ ഞാൻ ആശുപത്രികളിൽ പോകുന്നു, അതിനാൽ വേദന അനുഭവിക്കുന്ന ആളുകളെ ഞാൻ നേരിട്ട് കണ്ട് അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയിട്ടുണ്ട്. എനിക്ക് വളരെ സങ്കടമുണ്ട്, എങ്കിലും വൈദ്യത്തോടും ക്യാൻസറിനോടുമുള്ള എൻ്റെ അഭിനിവേശത്തിൻ്റെ പ്രധാന കാരണം ഇതാണ്” എന്നൊരിക്കൽ ഒരു അഭിമുഖത്തിൽ അക്രിത് പറഞ്ഞിട്ടുണ്ട്.

‘മെഡിക്കൽ ജീനിയസ്’ എന്നറിയപ്പെടുന്ന അക്രിത് ബയോ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയത് കാൺപൂർ ഐഐടിയിൽ നിന്നാണ്. 12-ാം വയസില്‍ ചണ്ഡീഗഡ് സര്‍വകലാശാലയില്‍ സയന്‍സ് ബിരുദം പഠിക്കാന്‍ ചേര്‍ന്ന അക്രിത്, 17-ാം വയസിലാണ് അപ്ലൈഡ് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിത്. ഇപ്പോള്‍ 31 വയസ് പൂര്‍ത്തിയായ അക്രിത് ക്യാന്‍സര്‍ രോഗത്തിനുള്ള മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version