വിദേശജോലി മതിയാക്കി തമിഴ്നാട്ടിൽ കൃഷിയിൽ മുതൽ മുടക്കിയ മലയാളിയുവസംരംഭകൻ വർക്കി ജോർജ് പൊട്ടൻ കുളത്തിന്റെ മെഗാ ഫ്രൂട്ട് പാർക്ക് വിജയമാകുന്നു. കമ്പം ഉത്തമപാളയത്തെ വർക്കിയുടെ കൃഷിയിടത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന പഴവർഗങ്ങളും, പച്ചക്കറിയും വൻതോതിൽ കയറ്റിയയക്കുന്നുണ്ട് .
25 ഏക്കറിൽ പച്ചക്കറിയും, അൽഫോൺസോ, ഹിമപസന്ത് എന്നീ മാവിനങ്ങൾ, സീഡ് ലെസ് മുന്തിരിയും, മാതളവും, മേയർ ലെമണും, സപ്പോട്ടയും, അവ്ക്കാഡോയുമൊക്കെ വൻതോതിൽ ഉൽപാദിക്കുന്ന മെഗാ ഫ്രൂട്ട് പാർക്ക് ആണ് കമ്പം ഉത്തമപാളയത്തെ സൺബ്ലൂം ഫാം. ഇവിടെനിന്നുള്ള പഴങ്ങൾ ഗ്രേഡ് ചെയ്തു പാക്കറ്റുകളിലാക്കി കൊച്ചിയിലെയും ബെംഗളൂരുവിലെയും സൂപ്പർ മാർക്കറ്റുകളില്‍ എത്തിക്കുന്നു.
വിദേശജോലി മതിയാക്കി നാട്ടിൽ കൃഷി ആരംഭിച്ച യുവസംരംഭകൻ വർക്കി, തന്റെ കാർഷിക സംരംഭത്തെ ഇപ്പോൾ വിജയത്തിലെത്തിച്ചിരിക്കുകയാണ്. അമേരിക്കയിലെ പ്രശസ്തമായ ടെക്സസ് ഇൻസ്ട്രമെന്റ്സിലെ ജോലി മതിയാക്കി കോട്ടയം കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചെത്തിയ വർക്കി തമിഴ്നാട്ടിലെ കുടുംബസ്വത്ത് ഏറ്റെടുത്ത് പഴവർഗക്കൃഷി ചെയ്യുകയായിരുന്നു.
കൂടുതൽ ഭൂമി വാങ്ങാൻ സാധിക്കുമെന്നതു മാത്രമല്ല തമിഴ്നാടിനെ കർഷകസൗഹൃദമാക്കുന്നത്. വേണ്ടത്ര വെള്ളം ലഭ്യമല്ലെന്നതായിരുന്നു മുന്‍പ് അവിടെ കൃഷിക്കു തടസ്സം. അതു മാറ്റാന്‍ കുഴൽക്കിണറുകളിൽ യഥേഷ്ടം ജലം ഉറപ്പാക്കുന്നതിനു വാട്ടർ റീചാർജിങ്ങിനായി അടിസ്ഥാനസൗകര്യവികസനവും ഉൾപ്പെടെ ജലസേചനത്തിനാവശ്യമായ സൗജന്യ വൈദ്യുതിയും മറ്റ് പ്രോത്സാഹനങ്ങളും സർക്കാർ നൽകുന്നുണ്ട്. കൃഷിയിടങ്ങളോടു ചേർന്ന് അണക്കെട്ടുകളിൽനിന്നു വെള്ളം സംഭരിക്കുന്നതിന് വലിയ കുളങ്ങളുടെ ശൃംഖല തമിഴ്നാട് സർക്കാർ ഒരുക്കി. സൺബ്ലൂം ഫാമിനോടു ചേർന്നും ഏക്കറുകൾ വിസ്തൃതിയുള്ള കുളമുണ്ട്. അതുകൊണ്ടു തന്നെ ജലസേചനം നടത്തുന്ന കിണറുകളിൽ നിറയെ വെള്ളമുണ്ട്. നല്ല സൂര്യപ്രകാശവും, കൃഷിക്കനുയോജ്യമായ വളക്കൂറുള്ള മണ്ണും വിപണിയിൽ നല്ല വില തരുന്ന പഴ വർഗങ്ങൾക്ക് പറ്റിയ അന്തരീക്ഷമാണ് ഇവിടെ ഒരുക്കുന്നത്.
Discover the success story of Varki George Poten Kulam and Sunbloom Farm in Tamil Nadu, known for their diverse range of fruits including Alphonso mangoes, seedless grapes, and pomegranates. Learn about the entrepreneur’s journey from working abroad to establishing a thriving agricultural venture, supported by Tamil Nadu’s agricultural incentives and infrastructure developments.