തമിഴ്നാടിന്റെ  ഹൊസൂരിലെ പുതിയ വിമാനത്താവളം മലയാളി വ്യവസായികൾക്കും, ഐ ടി ജീവനക്കാർക്കും ഏറെ പ്രതീക്ഷ നല്കുന്നതാണ്. കേരളത്തിൽ നിന്നും വിമാനമാർഗം  ബംഗളുരു ഐ ടി നഗരത്തിലെത്താൻ ഇനി യാത്ര കുറച്ചു കൂടി എളുപ്പമാകും. ബംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീണ്ട  യാത്ര വേണ്ടി വരുന്നു എന്ന യാത്രക്കാരുടെ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാനും ആകും.

കർണാടക അതിർത്തിയിലുള്ള തമിഴ്നാട്ടിലെ  വ്യവസായ കേന്ദ്രമായ ഹൊസൂരിലെ 2000 ഏക്കറിലാണ് അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കാൻ തമിഴ്നാട് പദ്ധതിയിട്ടിരിക്കുന്നത്.  കർണാടകത്തിൻ്റെ തലസ്ഥാനമായ ബെംഗളൂരുവിൽനിന്ന് കേവലം 40 കിലോമീറ്റർ മാത്രം അകലെയുള്ള ഹൊസൂർ, വ്യവസായ ഭീമന്മാരായ ടിവിഎസിൻ്റെയും ടാറ്റയുടെയുടെയും അടക്കം കേന്ദ്രമാണ്. ഹൊസൂരിൽ വിമാനത്താവളം സ്ഥാപിക്കുന്നത് തമിഴ്നാടിനും കർണാടകയ്ക്കും ഒരു പോലെ ഗുണം ലഭിക്കും.

 ഹൊസൂർ വിമാനത്താവളം യാഥാർത്ഥ്യമായാൽ ബെംഗളൂരുവിലെ ടെക്കികൾക്കും ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. പ്രാദേശിക വികസനത്തിൽ നിർണായകമാകും എന്ന് മാത്രമല്ല തമിഴ്‌നാട്-കർണാടക അതിർത്തിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഹൊസൂർ വിമാനത്താവളത്തിനാകും. പുതിയ വിമാനത്താവളം എത്തുന്നത് ബെംഗളൂരുവിലെ ഐടി ഇടനാഴിക്കും ഇലക്ട്രോണിക്സ് സിറ്റിക്കും ഏറെ പ്രയോജനം ചെയ്യും.  

ഹൊസൂരിനു പുറമേ, അയൽജില്ലകളായ കൃഷ്ണഗിരി, ധർമപുരി എന്നിവിടങ്ങളുടെ വ്യാവസായിക വികസനം കൂടി ലക്ഷ്യമിട്ടാണ് തമിഴ്നാട് സർക്കാരിൻ്റെ പ്രഖ്യാപനം. അതേസമയം 2033 വരെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ 150 കിലോമീറ്റ‍ർ പരിധിയിൽ പുതിയൊരു വിമാനത്താവളം നി‍ർമിക്കരുതെന്ന കരാ‍ർ ബെംഗളൂ ഇൻ്റ‍ർനാഷണൽ എയർപോർട്ട് ലിമിറ്റഡും സർക്കാരുമായുണ്ട്.  ഈ വിമാനത്താവളത്തിലൂടെ പ്രതിവർഷം മൂന്ന് കോടി യാത്രക്കാർ യാത്രചെയ്യുമെന്നാണ് കരുതുന്നത്.   തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള സമീപ പ്രദേശങ്ങൾക്കും ഇത് നേട്ടമാകും.

ബെംഗളൂരുവിൽ നിന്ന് ഏകദേശം 60 കിലോമീറ്ററിലധികം അകലെ സ്ഥിതി ചെയ്യുന്ന കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയേക്കാൾ ബെംഗളൂരു നിവാസികൾക്ക് എളുപ്പം ഹൊസൂരാണ്. ഇലക്‌ട്രോണിക്‌സ് സിറ്റിയിലേക്കുള്ള യാത്രയും ഇത് എളുപ്പമാക്കും. വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ഇപ്പോൾ വലിയ വെല്ലുവിളിയാണ്. ഹൊസൂരിലെ വ്യവസായികൾ ഈ മേഖലയിൽ വിമാനത്താവളത്തിനായി കഴിഞ്ഞ കുറേ വർഷങ്ങളായി ആവശ്യം ഉന്നയിക്കുന്നുണ്ട്.

  2030 ഓടെ തമിഴ്നാട് സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി ഒരു ട്രില്യൺ ഡോളറിലേക്ക് അതായത് 85 കോടി രൂപ എത്തിക്കാനുള്ള ഡിഎംകെ സർക്കാരിൻ്റെ ലക്ഷ്യത്തിൻ്റെ ഭാഗം കൂടിയാണ് വ്യവസായ കേന്ദ്രമായ ഹൊസൂരിലെ വിമാനത്താവള പദ്ധതി. നിലവിൽ തമിഴ്നാട്ടിൽ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും രണ്ട് ആഭ്യന്തര വിമാനത്താവളങ്ങളുമാണ് ഉള്ളത്. ചെന്നൈ, കോയമ്പത്തൂർ, തൃച്ചി, മധുരൈ എന്നിവിടങ്ങളിലാണ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ. സേലത്തും തൂത്തുക്കുടിയിലുമാണ് ആഭ്യന്തര വിമാനത്താവളങ്ങൾ സ്ഥിതിചെയ്യുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version