സൂര്യനെക്കുറിച്ച് പഠിക്കാൻ ഇന്ത്യ വിക്ഷേപിച്ച ഇന്ത്യയുടെ പ്രഥമ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ-എൽ1, സൂര്യന്റെയും ഭൂമിയുടെയും ഇടയിലെ എൽ1 ലഗ്രാൻജിയൻ പോയിൻ്റിന് ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിൽ ആദ്യ വലംവയ്ക്കൽ പൂർത്തിയാക്കി. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഈ പോയിന്റ്. ആദിത്യ-എൽ1 ആദ്യത്തെ ഹാലോ ഭ്രമണപഥം വിജയകരമായി പൂർത്തിയാക്കിയത് ഐഎസ്ആർഒ ആണ് അറിയിച്ചത്. 2023 സെപ്തംബർ രണ്ടിനാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. 2024 ജനുവരി 6-നാണ് പേടകം ഭ്രമണപഥത്തിൽ എത്തിയത്. ആദ്യഭ്രമണം പൂർത്തീകരിച്ചത് 178 ദിവസമെടുത്താണ്. 5 വർഷം സൂര്യനെ നിരീക്ഷിക്കാൻ ആണ് ഇത് ലക്ഷ്യം വയ്ക്കുന്നത്.
ആദ്യത്തെ ഭ്രമണപഥം പൂർത്തിയാക്കിയെങ്കിലും പേടകം ഉദ്ദേശിച്ച പാതയിൽ നിന്ന് വ്യതിചലിക്കാൻ കാരണമായേക്കാവുന്ന കാരണങ്ങളെ ഇപ്പോഴും അഭിമുഖീകരിക്കുന്നുവെന്നും ഐഎസ്ആർഒ അറിയിച്ചു. ഈ പ്രശ്നം പരിഹരിക്കാനായി ദൗത്യത്തിൻ്റെ തുടക്കം മുതൽ ഐഎസ്ആർഒ മൂന്ന് നിർണായക സ്റ്റേഷൻ കീപ്പിംഗ് നടപടികളാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി വലംവയ്ക്കുന്നതിനിടെ ഭ്രമണപഥത്തിൽനിന്ന് അകന്നു പോകാതിരിക്കാൻ ഫെബ്രുവരി 22നും ജൂൺ7നും ദൗത്യപേടകത്തിലെ ബൂസ്റ്ററുകൾ ജ്വലിപ്പിച്ചിരുന്നു. ആദിത്യ-എൽ1 യാത്ര തുടരുമ്പോൾ, സൗരപ്രതിഭാസങ്ങളെക്കുറിച്ചുള്ള മൂല്യവത്തായ വിവരങ്ങൾ ലഭ്യമാകുമെന്നാണ് ഇസ്രോയുടെ പ്രതീക്ഷ.
India’s first solar exploration mission, Aditya-L1, successfully completes its first halo orbit around the L1 Lagrangian point, 15 lakh km from Earth. Launched by ISRO, the mission aims to study the Sun for 5 years.