പ്രകൃതിയ്ക്ക് ഭീഷണി ആവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകളെ കുറിച്ച് മാത്രം കേട്ടിട്ടുള്ള മലയാളികൾക്ക് വ്യത്യസ്തമായ ഒരു ആശയം പങ്കുവച്ചുകൊണ്ടാണ് വയനാട് നിന്നും യുവ സംരംഭകൻ നീരജ് തന്റെ ബിസിനസ് സംരഭം തുടങ്ങുന്നത്. പ്രകൃതിക്ക് ഭീഷണി ആവാത്ത, മണ്ണിൽ അലിഞ്ഞു ചേരുന്ന, കാഴ്ച്ചയിൽ പ്ലാസ്റ്റിക്ക് പോലെ തോന്നുന്നവയാണ് നീരജിന്റെ ഉത്പ്പന്നമായ ക്യാരി ബാഗുകൾ. ബയോ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ ആണ് വയനാട് നടവയൽ സ്വദേശി ആയ നീരജ് ഡേവിസ് ഉത്പാദിപ്പിക്കുന്നത്. ചോളത്തിൽ നിന്നാണ് നീരജ് ഈ ബയോ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ ഉത്പാദിപ്പിക്കുന്നത്. ഇങ്ങിനെ ഒരു ആശയം പ്രാബല്യത്തിൽ കൊണ്ട് വന്നതിനെ കുറിച്ച് ചാനൽ ഐ ആമിന് നൽകിയ പ്രത്യക അഭിമുഖത്തിൽ നീരജ് സംസാരിക്കുന്നു.
ഇത്തരം ഒരു സംരംഭം തുടങ്ങാനുള്ള പ്രചോദനം
പഠിക്കുമ്പോൾ മുതൽ തന്നെ എന്തെങ്കിലും സ്റ്റാർട്ടപ്പ് തുടങ്ങണം എന്ന് തന്നെ ആയിരുന്നു ആഗ്രഹം. എല്ലാവർക്കും ജോലി മാത്രം ലക്ഷ്യം വയ്ക്കാൻ സാധിക്കില്ലല്ലോ. വയനാട് എക്കോ ഫ്രണ്ട്ലി ആയ ബിസിനസുകൾക്ക് പറ്റിയ സ്ഥലമാണ്. അതുകൊണ്ടാണ് എന്റെ നാട്ടിൽ തന്നെ ഇത്തരം ഒരു ബിസിനസ് ആരംഭിച്ചത്. എന്ത് തുടങ്ങും എന്ന ആലോചന ആയിരുന്നു പിന്നീട്. മൂന്നുവർഷം മുൻപ് ഞാൻ ഈ ബിസിനസ് തുടങ്ങുമ്പോൾ പ്ലാസ്റ്റിക്ക് നിരോധനം കർശനം ആവുന്ന സമയം ആയിരുന്നു. ഇതിനു പകരം എന്ത് എന്നതിൽ ഒരു കൺഫ്യൂഷൻ ആളുകൾക്ക് ഉണ്ടായിരുന്നു. തുണിയും പേപ്പറും മാത്രമാണ് ഇതിനു പകരമായി ഉണ്ടായിരുന്നത്. ഇത് രണ്ടും പ്ലാസ്റ്റിക്കിനു പകരം ആവില്ലായിരുന്നു. അങ്ങിനെ ഞാൻ നടത്തിയ ഗവേഷണം ആണ് ബയോ പ്ലാസ്റ്റിക്കിൽ എത്തിയത്.
ലോകത്ത് നിരവധി സ്ഥലങ്ങളിൽ ആളുകൾ ഇത്തരം ബയോ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നുണ്ട്. അത് എന്തുകൊണ്ട് കേരളത്തിൽ ചെയ്തുകൂടാ എന്ന ആശയം തോന്നുന്നത്. കേരളത്തിൽ ആ സമയത്ത് ഇത്തരം ബയോ പ്ലാസ്റ്റിക്കുകൾ പുറത്ത് നിന്നും ആയിരുന്നു വന്നിരുന്നത്. അങ്ങിനെയാണ് ഇത് തുടങ്ങിയത്. എന്റെ കമ്പനിയിൽ 10 ടൺ ആണ് പ്രതിമാസം പ്രൊഡക്ഷൻ. ഇത്രയും പ്രൊഡക്ഷൻ നടക്കുമ്പോൾ ഇത്രയും പ്ലാസ്റ്റിക്ക് ഒഴിവാകുന്നു എന്നതാണ്. പതിനായിരം കിലോ പ്ലാസ്റ്റിക്ക് നമ്മുടെ ആൾക്കാർ ഉപയോഗിക്കുന്നത് കുറയുകയാണ്. പ്ലാസ്റ്റിക്ക് കൊണ്ടുള്ള എല്ലാ ദോഷവും നമ്മൾ ഇതിലൂടെ ഒഴിവാക്കുകയാണ്. അതുകൊണ്ട് തന്നെ എന്റെ പ്രോഡക്ട് കൊണ്ട് എന്തെങ്കിലും മാറ്റം കൊണ്ടുവരണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. 10 ടൺ മാലിന്യം ആണ് ഞാൻ ഒഴിവാക്കുന്നത്. PMEGP സ്കീമിൽ ആണ് ഇത് ആരംഭിച്ചിരിക്കുന്നത്.
കംബോസ്റ്റബിൾ ക്യാരി ബാഗ് കാഴ്ച്ചയിൽ പ്ലാസ്റ്റിക് പോലെയാണ്, എങ്ങിനെ ഇവ വേർതിരിച്ചറിയാം?
കംബോസ്റ്റബിൾ ക്യാരി ബാഗ് കാഴ്ച്ചയിൽ ഏകദേശം പ്ലാസ്റ്റിക്ക് പോലെ ആണെങ്കിലും പെട്ടെന്ന് തിരിച്ചറിയാൻ പറ്റുന്നത് ഇതിൽ കുറെയധികം പ്രിന്റുകൾ ഉണ്ട്. പിന്നെ ഇതിൽ ഒരു ക്യൂആർ കോഡ് ഉണ്ടായിരിക്കും. “ഞാൻ പ്ലാസ്റ്റിക്ക് അല്ല” എന്ന് മലയാളത്തിലും “AM NOT PLASTIC” എന്ന് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ടാകും. കമ്പനിയുടെ അഡ്രസ് ഇതിൽ ഉണ്ടാകും. പിന്നെ ക്യൂആർ കോഡ് സ്കാൻ ചെയ്താൽ ഈ ബയോ പ്ലാസ്റ്റിക്ക് ക്യാരി ബാഗ് ലാബിൽ ടെസ്റ്റ് ചെയ്തതിന്റെയും ഇത് മണ്ണിൽ അലിയുന്നത് ആണ് എന്നുള്ളതിന്റെയും റിപ്പോർട്ടുകൾ കാണാൻ സാധിക്കും. അതുപോലെ തന്നെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും അംഗീകരിച്ച വിവിധ സർട്ടിഫിക്കറ്റുകളും കാണാൻ സാധിക്കും. ഇതൊക്കെ പ്ലാസ്റ്റിക്ക് അല്ല എന്ന് തെളിയിക്കുന്നവ ആണ്.
ഇത് വീട്ടിൽ തന്നെ ടെസ്റ്റ് ചെയ്യാനും സാധിക്കും. വീട്ടിൽ തന്നെ ഈ ബയോ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ കത്തിച്ചു നോക്കിയാൽ ചാരമായി മാറുന്നത് കാണാം. പ്ലാസ്റ്റിക്ക് കത്തിച്ചാൽ അവ ഉരുകി പോകുകയാണ് ചെയ്യുന്നത്, എന്നാൽ ഇവ ചാരമായി മാറുന്നു. ഡൈക്ളോറൈഡ് മീഥെയ്ൻ എന്നൊരു സൊല്യൂഷൻ ഉണ്ട്, അതിലേക്ക് ഇത് ഇട്ടാൽ അത് പൂർണമായും അലിഞ്ഞു ചേരുന്നത് കാണാം. പ്ലാസ്റ്റിക്ക് ഒരിക്കലും ഇതിൽ അലിഞ്ഞു ചേരില്ല.
ബയോ പ്ലാസ്റ്റിക്കിന്റെ ഭാവി
ഇനിയുള്ള കാലം ബയോ പ്ലാസ്റ്റിക്കുകളുടേതാണ്. ഇപ്പോൾ പ്ലാസ്റ്റിക്ക് ഉപയോഗം നിരോധിച്ചിരിക്കുകയാണ്. പേപ്പർ പ്ലാസ്റ്റിക്ക് വാഴയിലകൾ വരെ നിരോധിച്ചു. ചൂടുള്ള ഒരു വസ്തു, ഒരു പ്ലാസ്റ്റിക് കപ്പിലേക്ക് ഒഴിച്ച് കുടിക്കുമ്പോൾ അതിനുള്ളിലെ പ്ലാസ്റ്റിക്ക് കോട്ടിങ് ഉരുകും. ഈ ഉരുകിയ മൈക്രോ പ്ലാസ്റ്റിക്ക് ആണ് നമ്മൾ കുടിക്കുന്നത്. ഇത് കാൻസർ രോഗികളുടെയും ഡയാലിസിസ് രോഗികളുടെയും എണ്ണം ആണ് വർധിപ്പിക്കുന്നത്. ഒരുപാട് കെമിക്കൽസ് ആണ് പ്ലാസ്റ്റിക്കിൽ ഉള്ളത്. ഇതൊക്കെ നിരോധിച്ചെങ്കിലും, കേരളത്തിൽ ഒരു നാൽപ്പത് ശതമാനം ആളുകൾ ആണ് പ്ലാസ്റ്റിക്ക് ഉപയോഗിക്കാത്തത്. ഇതൊരു വലിയ ചേഞ്ച് തന്നെയാണ്. അഞ്ചാറ് വർഷത്തിന് ശേഷം പൂർണ്ണമായും ആളുകൾ ബയോ പ്ലാസ്റ്റിക്കിലേക്ക് മാറും എന്ന് പ്രതീക്ഷിക്കുന്നു.
ചോളം എന്ന ആശയത്തിന് പിന്നിൽ?
ചോളം എന്ന് പറയുന്നുണ്ടെങ്കിലും സ്റ്റാർച്ചിൽ നിന്നാണ് ഇത് ഉത്പാദിപ്പിക്കുന്നത്. അത് കരിമ്പിന്റെയോ കപ്പയുടെയോ എന്തിന്റെ വേണമെങ്കിലും സ്റ്റാർച്ച് ആകാം. നമുക്ക് ഇപ്പോൾ വിപണിയിൽ ഏറ്റവും വില കുറവിൽ ലഭ്യമാകുന്നത് ചോളത്തിൽ നിന്നുള്ള സ്റ്റാർച്ച് ആണ്. കോസ്റ്റ് കുറക്കാനുള്ള ലക്ഷ്യം വച്ചിട്ടാണ് ഇങ്ങിനെ ചെയ്യുന്നത്. സ്റ്റാർച്ച് മാത്രമല്ല അതിൽ PLA എന്നൊരു കെമിക്കൽ ഉണ്ട്. അത് ഭക്ഷ്യയോഗ്യമായ ഡിഗ്രേഡബിൾ ആയിട്ടുള്ള ഒരു കെമിക്കൽ ആണ്. കോൺ സ്റ്റാർച്ചും PLA യും ചേർന്നുള്ള PBAT എന്നാണ് ഈ റോ മെറ്റീരിയലിന്റെ പേര്. ഇതിൽ നോർമൽ കാൽസ്യവും ഉണ്ടാവും. ഈ കവറിന് വെള്ള നിറം വരാൻ കാരണം ഇതിൽ കാൽസ്യം ആഡ് ചെയ്യുന്നത് കൊണ്ടാണ്. ഇതിന്റെ ബേസ് എന്ന് പറയുന്നത് ചോളത്തിന്റെ സ്റ്റാർച്ച് ആണ്. ഇതൊരു സ്റ്റാർച്ച് ബേസ്ഡ് പോളിമർ ആണ്.
ബയോ പ്ലാസ്റ്റിക് ക്യാരി ബാഗ് വിജയത്തിലെത്തിയോ?
കമ്പനി തുടങ്ങിയിട്ട് ഏകദേശം മൂന്ന് വർഷം പിന്നിടുന്നു. മാർക്കറ്റിലേക്ക് കൂടുതലായി എത്തി വന്നത് ഈ വർഷമാണ്. കാരണം ഇതിന്റെ റേറ്റ് ഞാൻ തുടങ്ങിയ സമയത്ത് കൂടുതൽ ആയിരുന്നു. ഇപ്പോൾ റോ മെറ്റീരിയൽ പ്രൊഡക്ഷൻ കൂടി. ഒരുപാടുപേർ ഇമ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോൾ പ്ലാസ്റ്റിക്കിന്റെ അതേ റേറ്റാണ്. അതുകൊണ്ട് ഈ വർഷം ആണ് ഇതിനു ചെറിയ രീതിയിൽ ഹൈപ്പ് കിട്ടിതുടങ്ങിയത്. പ്ലാസ്റ്റിക്കിന് പകരം ഇത് ഉപയോഗിക്കാം എന്ന് ആൾക്കാർ മനസിലാക്കി തുടങ്ങിയതും ഇപ്പോഴാണ്. ഇൻവെസ്റ്റ് ചെയ്ത തുക തിരിച്ചു കിട്ടി തുടങ്ങിയിട്ടില്ലെങ്കിലും കമ്പനി ലാഭത്തിലായി തുടങ്ങിയത് ഇപ്പോഴാണ്.
Discover Neeraj Davis’s innovative bioplastic carry bags made from corn starch. Learn about his journey and how these eco-friendly bags are transforming waste reduction in Kerala.