കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും ബിസിനസ് ലോകത്തും ഏറ്റവും അധികം ചർച്ച ആവുന്ന രണ്ടുപേരാണ് ബൈജൂസും അൺഅക്കാദമിയും. ആദ്യം ബൈജൂസിന്റെ തകർച്ചയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം എന്ന നിലയിൽ അൺഅക്കാദമിയുടെ സിഇഒ ഗൗരവ് മുഞ്ജൽ ഒരു പ്രതികരണം നടത്തിയിരുന്നു. ഈ പ്രതികരണം വൈറൽ ആവുകയും നിരവധി ആളുകൾ ഇതിൽ അനുകൂലവും പ്രതികൂലവുമായ മറുപടിയുമായി എത്തുകയും ചെയ്തിരുന്നു. ഇതിനിടയിൽ അൺഅക്കാദമിയും തകർച്ചയുടെ വക്കിൽ ആണെന്നും ഈ  കമ്പനിയിൽ നിന്നും 250 ജീവനക്കാരെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പിരിച്ചു വിട്ടതായും റിപ്പോർട്ടുകൾ പുറത്തു വന്നു. ഇതിനെതിരെ പ്രതികരിക്കുകയാണ് ഗൗരവ് ഇപ്പോൾ.

കമ്പനിയുടെ തകർച്ചയെക്കുറിച്ചുള്ള പ്രചരിക്കുന്ന കിംവദന്തികൾ തള്ളിക്കളഞ്ഞിരിക്കുകയാണ് എഡ്‌ടെക് ഭീമൻ അൺഅക്കാദമി സിഇഒ ഗൗരവ്. 2024-ൽ സ്ഥാപനം ഏറ്റവും മികച്ച വളർച്ചയും ലാഭവും കൈവരിക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. 250 ജീവനക്കാരെ പിരിച്ചു വിട്ടു എന്ന വാർത്തകൾ കിംവദന്തി ആണെന്ന രീതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സ്’-ൽ ആണ് തന്റെ സ്ഥാപനത്തിനെതിരെ വന്ന കിംവദന്തികളെ അഭിസംബോധന ചെയ്തുകൊണ്ട് മുഞ്ജൽ സംസാരിച്ചത്. “നിലവിൽ അൺഅക്കാദമിയെക്കുറിച്ച് ധാരാളം കാര്യങ്ങൾ ആളുകൾ പറയുന്നുണ്ട്. റെക്കോർഡ് നേരെയാക്കാനും, വളർച്ചയുടെയും ലാഭത്തിൻ്റെയും കാര്യത്തിൽ അൺഅക്കാദമിയ്ക്ക് അതിൻ്റെ ഏറ്റവും മികച്ച വർഷമായിരിക്കും ഈ വർഷം. ഞങ്ങൾക്ക് നിരവധി വർഷത്തെ യാത്ര കാലഘട്ടം മുന്നിലുണ്ട്. ഒരുപാട് വർഷം മുന്നിലേക്ക് സഞ്ചരിക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ അൺ അക്കാദമിയെ നയിക്കുന്നത്. കിംവദന്തികൾ അവഗണിക്കുക.” എന്നാണ് ഗൗരവ് എഴുതിയത്. മാർക്ക് ട്വെയിനിന്റെ  വരികൾ ഉദ്ധരിച്ചുകൊണ്ട്  തൻ്റെ വളർച്ചയുടെ ആത്മവിശ്വാസവും ഗൗരവ് അടിവരയിട്ടു. “എൻ്റെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വളരെ അതിശയോക്തിപരമാണ്” എന്ന വരികൾ ആണ് അദ്ദേഹം കുറിച്ചത്.

ജൂലൈ 2 ന്, വിവിധ വകുപ്പുകളിലായി അൺഅക്കാദമി ഏകദേശം 250 ജീവനക്കാരെ പിരിച്ചുവിട്ടതായി ലൈവ്മിൻ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 150 സെയിൽസ് ഉദ്യോഗസ്ഥരും 100 അധിക ജീവനക്കാരും ഉൾപ്പെടുന്നു എന്നും വിപുലമായ പുനർനിർമ്മാണത്തിൻ്റെയും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വെട്ടിച്ചുരുക്കലിൻ്റെയും ഭാഗമായി ആണ് ഈ പിരിച്ചു വിടൽ എന്നുമായിരുന്നു റിപ്പോർട്ടുകൾ.

ഒരു അൺഅക്കാദമി ജീവനക്കാരൻ ഈ  പിരിച്ചുവിടൽ സ്ഥിരീകരിച്ചു എന്നും എന്നാൽ നിർദ്ദിഷ്ട റോളുകളെക്കുറിച്ചോ ബാധിച്ച ജീവനക്കാരുടെ ആകെ എണ്ണത്തെക്കുറിച്ചോ വിശദീകരിച്ചിട്ടില്ല എന്നും റിപ്പോർട്ടിൽ പ്രതിപാദിച്ചിരുന്നു.  കെ-12 ടെക്‌നോ സർവീസസുമായി അൺഅക്കാദമി ഒരു ലയനം പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്തിന്റെ ഇടയിൽ ആയിരുന്നു ഈ പിരിച്ചുവിടൽ വാർത്തകളും.

കമ്പനിയുടെ നേതൃത്വ ടീമിലും അടുത്തിടെ മാറ്റങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം, സഹസ്ഥാപകനായ ഹേമേഷ് സിംഗ് ചീഫ് ടെക്നോളജി ഓഫീസർ (സിടിഒ) എന്ന പദവിയിൽ നിന്ന് ഉപദേശക സ്ഥാനത്തേക്ക് മാറിയിരുന്നു. തുടക്കം മുതൽ, സോഫ്റ്റ്‌ബാങ്ക് ഗ്രൂപ്പ്, ടെമാസെക്, ബ്ലൂം വെഞ്ചേഴ്‌സ്, പീക്ക് എക്‌സ്‌വി പാർട്‌ണേഴ്‌സ്, നെക്‌സസ് വെഞ്ച്വർ പാർട്‌ണേഴ്‌സ് തുടങ്ങിയ നിക്ഷേപകരിൽ നിന്ന് അൺഅക്കാദമി മൊത്തം 877 മില്യൺ ഡോളർ ധനസഹായം നേടിയിട്ടുണ്ട്. 

Unacademy CEO Gaurav Munjal affirms strong growth and profitability for 2024 despite recent layoffs. Learn about Unacademy’s plans and financial performance.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version