കുറഞ്ഞ നിരക്കിലുള്ള എയർലൈൻ എന്നത് ഏതൊരു പ്രവാസിയും സ്വപ്നം കാണുന്ന ഒന്നാണ്. ഇത് യാഥാർഥ്യമായാൽ ഇന്ത്യൻ പ്രവാസികൾക്ക് വളരെ ലാഭകരമായ നിരക്കിൽ താമസിയാതെ നാട്ടിലേക്ക് പറക്കാൻ സാധിക്കും. ദുബായ് ആസ്ഥാനമായുള്ള രണ്ട് ബിസിനസുകാരുടെ പദ്ധതി ആയ എയർ കേരളയ്ക്ക് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ലഭിച്ചു. ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സെറ്റ്ഫ്ലൈ ഏവിയേഷൻ എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ എയർലൈൻസിന് മൂന്ന് വർഷത്തേക്ക് ഷെഡ്യൂൾഡ് കമ്മ്യൂട്ടർ എയർ ട്രാൻസ്പോർട്ട് സർവീസ് നടത്താനുള്ള അനുമതിയുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യുഎഇ സംരംഭകരായ അഫി അഹമ്മദിൻ്റെയും അയൂബ് കല്ലടയുടെയും ആശയമാണ് എയർ കേരള. യാഥാർഥ്യമായാൽ ഇത് കേരളത്തിലെ ആദ്യത്തെ പ്രാദേശിക എയർലൈൻ ആയിരിക്കും ഇത്.
വർഷങ്ങളായുള്ള തങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലമാണിതെന്ന് ഖലീജ് ടൈംസിനോട് സംസാരിക്കവെ അഫി അഹമ്മദ് പറഞ്ഞു. “ഇത് യാഥാർത്ഥ്യമാക്കാൻ ഞാനും എൻ്റെ പങ്കാളികളും കഠിന പരിശ്രമത്തിലാണ്. പലരും ഞങ്ങളെ ചോദ്യം ചെയ്യുകയും ഇത് ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്ന് പറഞ്ഞു തള്ളുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്, അതുകൊണ്ട് തന്നെ ഈ NOC ലഭിച്ചത് ഞങ്ങൾ ഒരു വലിയ ചുവടുവയ്പ്പായി കാണുന്നു” എന്നാണ് അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ വർഷം സ്മാർട്ട് ട്രാവൽസിൻ്റെ സ്ഥാപകനായ അഫി അഹമ്മദ്, airkerala.com എന്ന ഡൊമെയ്ൻ വാങ്ങാനായി ഒരു പ്രാദേശിക കമ്പനിക്ക് ഒരു ദശലക്ഷം ദിർഹം ഏകദേശം 2.2 കോടി രൂപ നൽകിയിരുന്നു. 2005-ൽ കേരള സർക്കാർ എയർ കേരള എന്ന പദ്ധതി പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിലും പ്രതീക്ഷകൾ പുനരുജ്ജീവിച്ച് തുടങ്ങി.
എൻഒസി കയ്യിൽ ഉള്ളതിനാൽ, എയർലൈൻ ഇപ്പോൾ അതിൻ്റെ ഫ്ലൈറ്റുകൾ സമാരംഭിക്കുന്നതിന് മുൻപ് തന്നെ അടിസ്ഥാന ജോലികൾ ചെയ്യണം. അടുത്ത വർഷം ആദ്യപാദത്തിൽ 2 വിമാനങ്ങളുമായി ആഭ്യന്തര സർവീസുകൾ ആരംഭിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. 20 വിമാനങ്ങൾ സ്വന്തമാക്കിയ ശേഷം ഗൾഫ് ഉൾപ്പെടെയുള്ള രാജ്യാന്തര സർവീസുകളും ആരംഭിക്കുമെന്ന് പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ ഏവിയേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് വ്യക്തമാക്കി.
നേരത്തെ ഉമ്മൻചാണ്ടി സർക്കാർ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്ന എയർ കേരള പദ്ധതി പിന്നീട് ഉപേക്ഷിച്ച നിലയിൽ ആയിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം എയർ കേരള വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഇപ്പോൾ സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണ് കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക് പറന്ന് ഉയരാൻ തയ്യാറെടുക്കുന്നത്.
തുടക്കത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവീസ്. ഇതിനായി 3 എ.ടി.ആർ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. നിർമാതാക്കളിൽ നിന്ന് വിമാനങ്ങൾ നേരിട്ട് സ്വന്തമാക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. സ്ഥാപനത്തിലേക്ക് കേരളത്തിൽ നിന്നുള്ള വ്യോമയാന മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേയ്ക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് പദ്ധതി. ഇത് മലയാളി പ്രവാസികൾക്ക് നൽകുന്ന ഒരു സമ്മാനം കൂടിയാണ്. കമ്പനി സിഇഒ ഉൾപ്പെടെ പ്രാധാന തസ്തികയിലേക്ക് ഉള്ളവരെ നിർദ്ദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉചിതമായ സമയത്ത് ഉണ്ടാവും. മലയാളി സമൂഹത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന വിമാനകമ്പനി എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകൾ ഇതിനുണ്ട്. എയർകേരള (airkerala.com) എന്ന ബ്രാൻഡിലാകും കമ്പനി സർവീസുകൾ നടത്തുകയെന്നും അഫിഅഹമ്മദ് പറഞ്ഞു. പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ മലയാളികളെയും ഇതിന്റെ ഭാഗമാക്കാൻ വേണ്ട കാര്യങ്ങൾ ആലോചനയിലാണെന്നും അറിയിച്ചു.
“ഞങ്ങളുടെ അടുത്ത ഘട്ടങ്ങളിൽ വിമാനം വാങ്ങുന്നതും ഞങ്ങളുടെ എയർ ഓപ്പറേറ്ററുടെ സർട്ടിഫിക്കറ്റ് (AOC) ലഭിക്കുന്നതിന് ആവശ്യമായ നിയന്ത്രണ ആവശ്യകതകൾ പാലിക്കുന്നത് ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്, ഏവിയേഷൻ അധികാരികൾ നിശ്ചയിച്ചിട്ടുള്ള എല്ലാ സുരക്ഷാ, പ്രവർത്തന മാനദണ്ഡങ്ങളും ഞങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഒരു നിർണായക ഘട്ടമാണിത്.” എന്ന് അയൂബ് കല്ലട പറയുന്നു.
അഫി അഹമ്മദ്, അയൂബ് കല്ലട, കനിക ഗോയൽ എന്നിവരാണ് സെറ്റ്ഫ്ലൈ ഏവിയേഷൻ്റെ ബോർഡ്. മൂന്നുപേർക്കും വ്യോമയാന വ്യവസായത്തിൽ വിപുലമായ അനുഭവപരിചയം ഉള്ളവരാണ്. വിമാനം വാങ്ങിക്കഴിഞ്ഞാൽ, രാജ്യാന്തര വിമാനങ്ങളിലേക്ക് പറക്കുന്നതിന് മുമ്പ് എയർ കേരള പ്രാദേശികമായി സർവീസ് നടത്തേണ്ടിവരും.
“ഞങ്ങളുടെ പ്രോജക്റ്റിന് ആവശ്യമായ പ്രാരംഭ നിക്ഷേപം ഏകദേശം 110 ദശലക്ഷം ദിർഹത്തിന് തുല്യമാണ്” എന്നാണ് ഇവർ പറയുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ വിമാനക്കമ്പനി കേരളത്തിൽ വിനോദസഞ്ചാരവും വ്യാപാരവും പ്രോത്സാഹിപ്പിക്കുമെന്നും നഗരത്തിൽ കുറഞ്ഞത് 350 തൊഴിലവസരങ്ങൾ കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നു.