ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പഴമാണ് പാഷൻ ഫ്രൂട്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷൻ ഫ്രൂട്ട് ഗുണകരമാണ്. വൈറ്റമിൻ സി യും ഇതിൽ ഉണ്ട്. കൂടാതെ പൊട്ടാസ്യം, കാൽസ്യം, അയൺ, ഫൈബർ എന്നിവയും ഫോസ്ഫറസ്, നിയാസിൻ, വൈറ്റമിൻ ബി 6 എന്നിവയും പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ ഭക്ഷണ പ്രേമികളുടെ ഇഷ്ട പഴങ്ങളിൽ ഒന്ന് തന്നെയാണ് പാഷൻ ഫ്രൂട്ട്.
എന്നാൽ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ ഇപ്പോൾ പാഷൻ ഫ്രൂട്ടിന്റെ വില ഇടിഞ്ഞിരിക്കുകയാണ്. ജനുവരി മുതൽ ഏപ്രിൽ വരെ 50 മുതൽ 70 രൂപ വരെ വില ലഭിച്ചുകൊണ്ടിരുന്ന പാഷൻ ഫ്രൂട്ടിന് ഇപ്പോൾ 30 മുതൽ 40 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. മഴക്കാലത്ത് പാഷൻ ഫ്രൂട്ട് പൾപ്പ് നിർമാണവും ചെലവും കുറഞ്ഞതും ഉത്പാദനം വർധിച്ചതുമാണ് വിലയിടിയാൻ കാരണം.
കോട്ടയത്തും കൊച്ചിയിലുമുള്ള ചെറുകിട വ്യാപാരികളും, പൾപ്പ്, സിറപ്പ് നിർമാതാക്കളും, കയറ്റുമതിക്കാരുമാണ് പാഷൻ ഫ്രൂട്ടിന്റെ പ്രധാന ആവശ്യക്കാർ. മഴക്കാലം തുടങ്ങിയതോടെ പൾപ്പ് ഉപയോഗിച്ചുള്ള ജ്യൂസ് നിർമാണം കുറഞ്ഞു. അതുകൊണ്ട് തന്നെ ഇവർ പാഷൻ ഫ്രൂട്ട് ശേഖരിക്കുന്നത് നിർത്തുകയുംചെയ്തു.
കാണാൻ ആകർഷകമായ ചുവന്ന, റോസ് കളറുകളുള്ള ഹൈബ്രിഡ് പാഷൻ ഫ്രൂട്ടും മഞ്ഞനിറമുള്ള നാടൻ പാഷൻ ഫ്രൂട്ടും വിപണിയിലെത്തുന്നുണ്ട്. കാണാൻ ആകർഷകമായതിനാലും വലുപ്പം കൂടുതലായതുകൊണ്ടും ഹൈബ്രിഡ് ഇനത്തിനാണ് ചെറുകിട വിപണിയിൽ ആവശ്യക്കാർ ഏറെ. ഉള്ളിലെ പൾപ്പിന് നിറവും മണവും കൂടുതൽ നാടൻ ഇനത്തിനാണ്. അതുകൊണ്ട് തന്നെ പൾപ്പും സിറപ്പും നിർമിക്കുന്നവർക്ക് മഞ്ഞനിറമുള്ള നാടൻ ഫ്രൂട്ടാണ് ആവശ്യം.
നാടൻ ഹൈബ്രിഡ് പാഷൻ ഫ്രൂട്ട് ഇനങ്ങൾ ആഭ്യന്തരവിപണി കൈയ്യടക്കുമ്പോൾ കയറ്റുമതിക്കാർ ഹൈറേഞ്ചിൽ തേടുന്നത് കാന്തല്ലൂർ പാഷൻഫ്രൂട്ടാണ്. മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി മധുരവും ചെറിയ സുഗന്ധവുമാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. വളം, കീടനാശിനി എന്നിവ ഉപയോഗിക്കാതെ വളരുന്ന ഇവ, പ്രദേശത്ത് എത്തുന്ന സഞ്ചാരികളും വലിയ തോതിൽ വാങ്ങുന്നുണ്ട്. കാന്തല്ലൂരിന് പുറത്ത് ഇവയ്ക്ക് വിളവ് ലഭിക്കില്ല. വിപണിയിൽ ആവശ്യക്കാർ കുറഞ്ഞതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ വ്യാപാരികൾ പാഷൻഫ്രൂട്ട് ശേഖരിക്കുവാൻ മടിക്കുന്നു. ശേഖരിച്ചവ വിറ്റുപോയില്ലെങ്കിൽ നഷ്ടം വരുമെന്നതാണ് കാരണം.
Explore the fluctuating prices and market dynamics of passion fruit, including its health benefits and varieties. Learn about the impact of seasonal changes on production and consumer preferences in high-range markets.