അടുത്തിടെയാണ് അമേരിക്കല്‍ വാഹന നിര്‍മാതാക്കളായ ജീപ്പ്, ഇന്ത്യയിലെ ബ്രാന്റ് പാര്‍ട്ണറായി ബോളിവുഡ് താരം ഹൃത്വിക് റോഷനെ നിയമിച്ചത്. ഇപ്പോഴിതാ കമ്പനിയുടെ ബ്രാന്റ് അംബാസിഡറായതിന് പിന്നാലെ ജീപ്പ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഏറ്റവും പുതിയ റാംഗ്ലര്‍ റൂബിക്കോണ്‍ അദ്ദേഹം സ്വന്തമാക്കിയ സന്തോഷവും ജീപ്പ് ഇന്ത്യ പങ്കുവെച്ചിട്ടുണ്ട്. പുതിയ മോഡലിന്റെ ഇന്ത്യയിലെ ആദ്യ ഉടമയാണ് ഹൃത്വിക് റോഷന് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലാസി ബ്ലാക്ക് നിറത്തിലുള്ള റൂബിക്കോണ്‍ ആണ് ഹൃതിക് സ്വന്തമാക്കിയത്.
ഏതാനും മാസങ്ങള്‍ക്ക് മുൻപാണ് റാംഗ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അണ് ലിമിറ്റഡ്, റൂബിക്കോണ്‍ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 67.65 ലക്ഷം രൂപയും 71.65 ലക്ഷം രൂപയുമാണ് വില. പഴയ പതിപ്പിനേക്കാള്‍ അഞ്ചുലക്ഷം രൂപ കൂടുതൽ ആണ്. മുന്‍ മോഡലിനെ അപേക്ഷിച്ച് ചെറിയ മാറ്റങ്ങളൊക്കെ വരുത്തിയാണ് പുതിയ പതിപ്പ് എത്തിച്ചിരിക്കുന്നത്.
ജീപ്പിന്റെ യുകണക്ട് 5 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്ക്രീനാണ് ഡാഷിലെ താരം. വലിയ സ്ക്രീൻ വന്നതോടെ സെന്‍ട്രല്‍ എയര്‍ വെന്റുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീനിന് താഴേക്ക് മാറി. 12 തരത്തില്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകളും ഹൈലൈറ്റാണ്.
ഓഫ് റോഡുകള്‍ക്കും ഇണങ്ങുന്ന വാഹനമായതിനാല്‍ തന്നെ സുരക്ഷയിലും മുന്നിലായാണ് ഈ വാഹനം. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്ട്രോള്, ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ക്യാമറ എന്നിവയ്ക്ക് പുറമേ അഡാസും കൂടി ചേരുന്നതോടെ സുരക്ഷയിൽ മുന്നിലാണെന്ന് ഈ വാഹനം തെളിയിക്കുന്നു.
രണ്ട് വേരിയന്റുകളിലും 2.0 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ ടര്‍ബോപെട്രോള്‍ എന്‍ജിനാണ് വരുന്നത്. 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. 270 ബി.എച്ച്.പി. പവറില്‍ പരമാവധി 400 എന്‍.എം. ടോര്‍ക്ക് വരെയാണ് ഉത്പാദിപ്പിക്കുക. ജീപ്പിന്റെ സെലക്ട്രാക്ക് ഫുള്‍ടൈം ഫോര്‍വീല്‍ ഡ്രൈവ് മുഴുവന്‍ സമയവും സജ്ജമാണ്. അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍, ബ്രേക്ക്ഓവര്‍ ആംഗിള്‍ എന്നിവ യഥാക്രമം 36 ഡിഗ്രി, 31 ഡിഗ്രി, 20 ഡിഗ്രി (റൂബിക്കോണിന് 21 ഡിഗ്രി) എന്നിങ്ങനെയാണ്.
Bollywood star Hrithik Roshan joins Jeep India as a brand friend, promoting the adventurous spirit of the Jeep Wrangler. Discover the 2024 Jeep Wrangler with advanced features and off-road capabilities, starting at Rs 67.65 lakh.