ട്രെയിനി ഐഎഎസ് ഓഫീസർ പൂജ ഖേദ്കറിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുൻപ് തന്നെ അടുത്ത വിവാദം ഉയരുന്നത് മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനായ അഭിഷേക് സിംഗിനെ കുറിച്ചാണ്. അംഗപരിമിത സർട്ടിഫിക്കറ്റ് വ്യാജമായി ചമച്ചെന്ന ആരോപണത്തിൽ ആയിരുന്നു ഐഎഎസ് പ്രൊബേഷണറി ഓഫീസർ പൂജാ ഖേദ്കറിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ സർവീസിൽ സ്ഥാനം ഉറപ്പിക്കാൻ അംഗപരിമിത സർട്ടിഫിക്കറ്റുകൾ തെറ്റായി ഉപയോഗിച്ചു എന്നത് തന്നെയാണ് അഭിഷേകിനെതിരെയും ഉയരുന്ന ആരോപണം.
2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അഭിഷേക്, അഭിനയത്തിലേക്ക് കടക്കുവാനും നടൻ ആകുവാനും വേണ്ടി കഴിഞ്ഞ വർഷം ജോലി രാജിവച്ചിരുന്നു. യുപിഎസ്സി സെലക്ഷൻ പ്രക്രിയയിൽ ഇളവുകൾ ലഭിക്കുന്നതിന് തനിക്ക് ലോക്കോമോട്ടർ വൈകല്യമുണ്ടെന്ന് അഭിഷേക് അവകാശപ്പെട്ടിരുന്നു എന്നാണ് ആരോപണം. സോഷ്യൽ മീഡിയയിൽ അദ്ദേഹം നൃത്തം ചെയ്യുകയും വ്യായാമം ചെയ്യുകയും ചെയ്യുന്ന വീഡിയോകൾ ആണ് ഇതിനെതിരെയുള്ള തെളിവുകൾ ആയി ആളുകൾ ചൂണ്ടിക്കാണിക്കുന്നത്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിലെ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു എന്ന തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി അഭിഷേക് സിംഗ് എത്തിയിരുന്നു. “സംവരണത്തെ എതിർക്കുന്നവരും, ഇതിൽ വിഷമിക്കുന്നവരും, തങ്ങളുടെ കഴിവിൽ അഭിമാനിക്കുന്നവരും, ഇത്രയും കഴിവുണ്ടെങ്കിൽ സർക്കാർ ജോലികളിലേക്ക് കടന്നുകയറുന്നത് നിർത്തി, തുറസ്സായ സ്ഥലത്ത് വന്ന് ബിസിനസ്സ് ചെയ്യൂ, വ്യവസായിയാകൂ , ഒരു കളിക്കാരനാകൂ, ഒരു നടനാകൂ എന്ന് ഞാൻ പറയും. അവിടെ നിങ്ങളുടെ സീറ്റ് ആരും ചോദിക്കില്ല ” എന്നാണ് അഭിഷേക് പറഞ്ഞത്. കൂടാതെ പിതാവ് ഐപിഎസ് ഉദ്യോഗസ്ഥനായതിനാൽ യുപിഎസ്സി സെലക്ഷൻ സമയത്ത് തന്നെ സഹായിച്ചെന്ന വാദവും അഭിഷേക് സിംഗ് തള്ളി.
“എൻ്റെ അച്ഛൻ വളരെ ദരിദ്രമായ പശ്ചാത്തലത്തിൽ നിന്നും ഉയർന്നുവന്ന ആളാണ്. അദ്ദേഹം പിപിഎസ് ഓഫീസറായി തുടങ്ങി ഐപിഎസിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച വ്യക്തിയാണ്. എൻ്റെ അനുജത്തിയും സഹോദരനും യുപിഎസ്സിക്ക് തയ്യാറെടുത്തു, പക്ഷേ അവർ തിരഞ്ഞെടുക്കപ്പെട്ടില്ല. ഇത് കൂടാതെ എൻ്റെ ഏഴ് കസിൻമാരും യുപിഎസ്സിക്ക് ശ്രമിച്ചു, ഇപ്പോഴും ശ്രമിക്കുന്നു, പക്ഷേ ഇതുവരെ ആരും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. എൻ്റെ മുഴുവൻ കുടുംബത്തിലും ഞാൻ മാത്രമാണ് ഐഎഎസിൽ തിരഞ്ഞെടുക്കപ്പെട്ടത്” എന്നാണ് അഭിഷേക് പറഞ്ഞത്.
കഴിഞ്ഞ വർഷം സിവിൽ സർവീസ് ഉപേക്ഷിച്ച അഭിഷേക് സിംഗ്, സണ്ണി ലിയോൺ, ആദാ ശർമ്മ തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം ചില സംഗീത വീഡിയോകളിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ സെലിബ്രിറ്റികൾക്കും രാഷ്ട്രീയക്കാർക്കുമൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങളുമുണ്ട്.
2023 ഫെബ്രുവരിയിൽ റവന്യൂ വകുപ്പിൽ ജോലി ചെയ്തിരുന്ന അഭിഷേക് സിംഗിനെ ഔദ്യോഗിക അനുമതിയില്ലാതെ അവധിയിൽ പ്രവേശിച്ചതിന് ഉത്തർപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. 2022 നവംബറിൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ജനറൽ ഒബ്സർവർ സ്ഥാനത്തുനിന്ന് അഭിഷേക് സിംഗിനെ ഒഴിവാക്കിയിരുന്നു. ഔദ്യോഗിക വാഹനവുമായി പോസ് ചെയ്യുന്നതിലും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിലും തിരഞ്ഞെടുപ്പ് കമ്മീഷൻ എതിർപ്പ് അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്. ഇപ്പോൾ അഭിഷേക് സിംഗ് തൻ്റെ ആദ്യ ചിത്രമായ ‘മാ കാളി’യുടെ ഒരുക്കത്തിലാണ്.
ഇതിനിടയിൽ ഡിസ് എബിലിറ്റി മാനദണ്ഡങ്ങൾക്ക് കീഴിലുള്ള യുപിഎസ്സി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സൂക്ഷ്മപരിശോധന ശക്തമാക്കി. പൂജ ഖേദ്കറുടെ കേസ് ഇതിനകം തന്നെ അന്വേഷിക്കാൻ കേന്ദ്രം ഏകാംഗ സമിതിയെ നിയോഗിച്ചു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, വസ്തുതകൾ മറച്ചുവെച്ചതിനും തെറ്റായി ചിത്രീകരിച്ചതിനും പൂജയ്ക്കെതിരെ പിരിച്ചുവിടലും ക്രിമിനൽ കുറ്റങ്ങളും ഫയൽ ചെയ്യും.
Delve into the controversies surrounding trainee IAS officer Puja Khedkar and former bureaucrat Abhishek Singh, raising questions about the integrity and transparency of the bureaucratic selection process under disability criteria.