മാലിന്യ മുക്ത ഇന്ത്യ എന്ന ആശയം കൂടുതൽ പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനമായ സിക്കിമും ഈ മാറ്റം പിന്തുടരുകയാണ്. ജനസംഖ്യയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സിക്കിം പ്രകൃതിഭംഗികൊണ്ട് മുന്നില്‍ തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും ശുചിത്വപൂര്‍ണമായ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് സിക്കിമിന്റെ സ്ഥാനം. പ്ലാസ്റ്റിക് ബാഗുകള്‍ ഇവിടെ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ പുതിയൊരു നിയമം കൂടെ കൊണ്ടുവന്ന് രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് സിക്കിം. സംസ്ഥാനത്തേക്ക് പ്രവേശിച്ചിരിക്കുന്ന എല്ലാ വാഹനങ്ങളിലും ഒരു മാലിന്യ സഞ്ചി ഉണ്ടായിരിക്കണമെന്നതാണ് സിക്കിമിലെ പുതിയ നിയമം. ടൂറിസം, സിവില്‍ ഏവിയേഷന്‍ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഈ ഉത്തരവിനെ കുറിച്ച് സഞ്ചാരികളെ അറിയിക്കേണ്ടത് ട്രാവല്‍ ഏജന്‍സികളുടെയും ടൂറിസം ഓപ്പറേറ്റര്‍മാരുടെയും ഉത്തരവാദിത്വമായിരിക്കും. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കര്‍ശനമായ പരിശോധനകളുണ്ടാവും. ലംഘിക്കുന്ന യാത്രക്കാരില്‍ നിന്ന് പിഴയീടാക്കും എന്നും ഉത്തരവിൽ പറയുന്നു.
സുസ്ഥിരമായ വിനോദസഞ്ചാര മാതൃകകള്‍ സംസ്ഥാത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. മാലിന്യ സംസ്കരണത്തെ കുറിച്ചും സുസ്ഥിരമായ ടൂറിസത്തെ കുറിച്ചും സഞ്ചാരികളെ ബോധവത്കരിക്കാനായി ക്യാംപെയിനുകളും നടത്താന്‍ തീരുമാനമായിട്ടുണ്ട്.
രാജ്യത്തെ ആദ്യത്തെ ഓര്‍ഗാനിക് സംസ്ഥാനമായി സിക്കിം മാറിയത് സമീപകാലത്താണ്. ഈ കുഞ്ഞന്‍ സംസ്ഥാനം, സെവന് സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ഏഴ് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ്. ബുദ്ധാശ്രമങ്ങളും പര്‍വതങ്ങളും താഴ്വരകളും തടാകങ്ങളും തുടങ്ങി സിക്കിമില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഇടങ്ങളുണ്ട്.