യുവാക്കൾ, വനിതകൾ, കർഷകർ, പാവപ്പെട്ടവർ എന്നിവരിൽ കേന്ദ്രീകരിച്ചു നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചപ്പോൾ ഇന്ത്യൻ റയിൽവെയുടെ വിഹിതത്തെ പറ്റി പരാമർശിക്കാൻ മറന്നുപോയതാകുമോ. സമയക്കുറവ് എന്ന കാരണം ചൂണ്ടിക്കാട്ടി പ്രതിരോധം, ആരോഗ്യം എന്നീ മേഖലകൾക്കൊപ്പം റയിൽവേക്കായുള്ള പദ്ധതികൾ ഇത്തവണ ധനമന്ത്രി പ്രഖ്യാപിച്ചില്ല. പശ്ചാത്തല വികസന പദ്ധതികൾക്കായി ബജറ്റിൽ 11,11,111 കോടി രൂപ ഇത്തവണ ബജറ്റിൽ വകയിരുത്തിയ പശ്ചാത്തലത്തിലാണ് ഈ അവഗണന.
വന്ദേ ഭാരത് , ബുള്ളെറ്റ് ട്രെയിൻ അടക്കം അതിവേഗ റെയിൽ പദ്ധതികൾ രാജ്യത്തു വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കാലയളവായിരുന്നു രണ്ടാം മോദി സർക്കാരിന്റെ അവസാന കാലം. അതുകൊണ്ടു തന്നെ മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റിൽ ഈ റെയിൽ പദ്ധതികൾക്കായുള്ള വിഹിതം പ്രതീക്ഷിച്ചിരുന്നു. പക്ഷെ ബഡ്ജറ്റ് അവതരണ വേളയിൽ അതുണ്ടായില്ല. ബജറ്റിന്റെ ധനാഭ്യർത്ഥനാ ചർച്ചാ വേളയിൽ റെയിൽവേ വകുപ്പിനായുള്ള പദ്ധതികൾ പ്രഖ്യാപിച്ചേക്കാം.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ, കോറിഡോറിലെ സൂറത്തിനും ബിലിമോറയ്ക്കും ഇടയിൽ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് 2026 ൽ ഓടിത്തുടങ്ങുമെന്നു റെയിൽവേ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ ഈ അഭിമാന പദ്ധതിക്കും ബഡ്ജറ്റിൽ ഒന്നും വകയിരുത്തിയിട്ടില്ല. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ കോറിഡോറിന് 1.08 ലക്ഷം കോടി രൂപയാണ് ചെലവ്. ജപ്പാന്റെ സഹായത്തോടെ ബുള്ളറ്റ് ട്രെയിനുകളും ഇന്ത്യ നിർമിക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബജറ്റിൽ ഇതേ പറ്റി ഒരു പരാമർശവുമുണ്ടായില്ല.
രാജ്യത്തെ വിവിധ നഗരയാത്രകൾക്കായി അത്യാധുനിക വന്ദേ ഭാരത് ട്രെയിനുകൾ നിർമാണ ഘട്ടത്തിലാണ്. കേരളത്തിലേ വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ രാജ്യത്തേക്കും വച്ച് റെക്കോർഡ് വരുമാനമാണ് റെയിൽവെയ്ക്ക് നേടികൊടുക്കുന്നത്. ബംഗളുരു- എറണാകുളം, ചെന്നൈ -തിരുവനന്തപുരം റൂട്ടുകളിൽവന്ദേ ഭാരത് ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം . വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഈ റൂട്ടുകളിലേക്കു രാത്രി യാത്രക്കായി അനുവദിക്കുമെന്ന സൂചനയുണ്ടായിരുന്നു.
അങ്കമാലി മുതൽ എരുമേലി വരെയുള്ള ശബരി റെയിൽ പാത വിഴിഞ്ഞം തുറമുഖത്തിനടുത്തുള്ള ബാലരാമപുരം വരെ നീട്ടണമെന്ന് പഠന റിപ്പോർട്ട് സഹിതം കേരളത്തിന്റെ ചീഫ് സെക്രട്ടറി കേന്ദ്രത്തോട് ആവശ്യപെട്ടിരുന്നു. പക്ഷെ പതിവ് പോലെ ശബരി റെയിൽ പാതക്കും പരിഗണന കിട്ടിയില്ല. വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള ചരക്കു നീക്കം സുഗമമാക്കാൻ കേരളത്തിന് ഈ റെയിൽ പാത അത്യാവശ്യവുമാണ് എന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നതാണ്.
കഴിഞ്ഞ പത്ത് വര്‍ഷമായിട്ട് സംസ്ഥാനത്ത് കാര്യമായ പദ്ധതികളൊന്നും ലഭിച്ചിരുന്നില്ല.ലൈറ്റ് മെട്രോ, ടൂറിസം മേഖലകളിലെ പദ്ധതികള്‍, വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനം, റെയില്‍വേ വികസനം, സില്‍വര്‍ലൈന്‍ തുടങ്ങിയ പ്രതീക്ഷകളും കേരളത്തിനുണ്ടായിരുന്നു. ഈ പ്രതീക്ഷകളെയെല്ലാം തെറ്റിക്കുന്ന വിധത്തിലായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണം.
Finance Minister Nirmala Sitharaman’s Union Budget 2024 notably lacked allocations for Indian Railways, including high-speed rail projects like Vande Bharat and Bullet Train. Discover the implications of this omission and its impact on railway development in India.