ഫ്രഞ്ച് വിമാന നിർമാണ കമ്പനിയായ എയർബസ് എച്ച്125 ഹെലികോപ്റ്ററുകള്‍ അസംബിള്‍ ചെയ്യുന്നതിനുളള പ്ലാന്റ് നിര്‍മിക്കുന്നതിന് ഇന്ത്യയിൽ എട്ട് സ്ഥലങ്ങള്‍ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. സ്ഥലങ്ങള്‍ എവിടെ വേണമെന്നത് സംബന്ധിച്ച് കമ്പനി അന്തിമ വിലയിരുത്തൽ ഘട്ടത്തിലാണ്. ഉടനെ ഇക്കാര്യം പ്രഖ്യാപിക്കാൻ കഴിയുമെന്ന് എയർബസ് ഹെലികോപ്റ്റര്‍ ആഗോള ബിസിനസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഒലിവിയർ മൈക്കലോൺ പറഞ്ഞു. ദക്ഷിണേഷ്യൻ, ഇന്ത്യൻ മേഖലകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആറ് പേർക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററാണ് എച്ച്125. ടാറ്റ ആഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (TASL) നൊപ്പം ചേർന്നാണ് ഈ പദ്ധതി ഒരുക്കുന്നത്.
ഇന്ത്യയിലെ H125 ൻ്റെ അസംബ്ലി ലൈൻ (FAL) രാജ്യത്തെ ആദ്യത്തെ സ്വകാര്യ മേഖലയിലെ സിവിൽ ഹെലികോപ്റ്റർ അസംബ്ലി ലൈൻ ആയിരിക്കും. സ്ഥലം ഏറ്റെടുക്കുന്ന തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ജീവനക്കാർക്കുള്ള ആകർഷണീയത, വ്യാവസായിക പ്രവർത്തനങ്ങൾക്ക് അനുയോജ്യത, ചുറ്റുമുള്ള ലോജിസ്റ്റിക്സ് ഇക്കോസിസ്റ്റം എന്നിവ ഉൾപ്പെടുന്നു. ഇതിന്റെ തറക്കല്ലിടൽ ചടങ്ങ് വർഷാവസാനത്തോടെ പ്രതീക്ഷിക്കുന്നുണ്ട്. പ്രാരംഭ ഉൽപ്പാദനം എന്ന നിലയിൽ ആദ്യ കാലങ്ങളിൽ വർഷം തോറും പത്ത് സിംഗിൾ ഹെലികോപ്റ്ററുകൾ നിർമ്മിക്കാൻ ആണ് ഇവിടെ പ്ലാൻ ചെയ്യുന്നത്. 2026 ഓടെ ഇവിടെ നിന്നുളള ഹെലികോപ്റ്ററുകള്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. വരുന്ന 20 വർഷത്തിനുള്ളിൽ ഈ ഹെലികോപ്റ്ററുകളുടെ ആവശ്യം 500 എണ്ണമായി ഉയരുമെന്നാണ് എയർബസ് പ്രതീക്ഷിക്കുന്നത്.
എയർബസും TASL ഉം തമ്മിലുള്ള സഹകരണം 2024 ജനുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള ഉന്നതതല ചർച്ചകൾക്കിടെയാണ് പ്രഖ്യാപിച്ചത്. ഈ കരാർ മേക്ക് ഇൻ ഇന്ത്യ ആശയത്തെ മുന്നോട്ട് കൊണ്ടുപോകുകയും തന്ത്രപ്രധാന പ്രതിരോധ-വ്യവസായ സഹകരണത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എയർബസ് ഇന്ത്യയിൽ സ്ഥാപിച്ച 56 C-295 വിമാനങ്ങളുടെ നിർമ്മാണ ശൃംഖലയുടെ പിന്നാലെയാണ് ഈ H125 നിർമ്മാണ ശൃംഖല സ്ഥാപിക്കുന്നത്.
ഇന്ത്യ, ദക്ഷിണേഷ്യ രാജ്യങ്ങളില്‍ സര്‍ക്കാര്‍ അധീനതയിലും വ്യക്തികളുടെ ഉടമസ്ഥതയിലുമായി നിലവില്‍ 350 ഹെലികോപ്റ്ററുകളാണ് ഉളളത്. ഇതില്‍ 250 ഓളം ഹെലികോപ്റ്ററുകളും ഇന്ത്യയിലാണ് സർവീസ് നടത്തുന്നുന്നത്. ഇന്ത്യയിൽ നൂറോളം എയർബസ് ഹെലികോപ്റ്ററുകൾ ഉണ്ട്, അവയിൽ ഭൂരിഭാഗവും എച്ച്125, എച്ച്130 ഹെലികോപ്റ്ററുകളാണെന്നും എയര്‍ബസ് വ്യക്തമാക്കുന്നു.
Airbus Helicopters, in collaboration with Tata Advanced Systems Limited, is establishing a new production line for the H125 helicopter in India. This facility will cater to the projected demand for 500 helicopters in India and South Asia over the next 20 years.