ഒരു ഐഎഎസ് ഓഫീസർ ആകുക എന്നത് പലരുടെയും പ്രിയപ്പെട്ട സ്വപ്നമാണ്, എന്നാൽ ഏതാനും ചിലർ മാത്രമാണ് ഓരോ വർഷവും ഈ അഭിമാനകരമായ ഈ നേട്ടം സ്വന്തമാക്കുന്നത്. നമുക്ക് ലഭിക്കുന്ന ഓരോ അവസരങ്ങളും നമ്മെ പല വഴിത്തിരിവുകളിലേക്കും നയിക്കുന്നവയാണ്. സുഖമുള്ള അനുഭവങ്ങളേക്കാൾ, കഠിനമായ അനുഭവങ്ങളായിരിക്കും പലപ്പോഴും ജീവിത വിജയത്തിന് മാറ്റ് കൂട്ടുന്നത്. കഠിനമായ അനുഭവങ്ങൾക്കു മുന്നിൽ തളർന്നുവീണാൽ ഒരാൾക്കും മുന്നോട്ടു നടക്കാനാവില്ല. ബി അബ്ദുൾ നാസർ ഐഎഎസ് എന്ന ഈ മലയാളിയുടെ പ്രചോദനാത്മകമായ യാത്രയും ഇതൊക്കെ തന്നെയാണ് നമ്മളോട് പറയുന്നത്. യുപിഎസ്സി പരീക്ഷയിൽ മികവ് തെളിയിച്ചല്ല നാസർ, ഐഎഎസ് നേടിയെടുത്തത് എന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശിയായ നാസർ ജീവിതത്തിൻ്റെ തുടക്കത്തിൽ തന്നെ വലിയ വെല്ലുവിളികൾ നേരിട്ടിരുന്നു. വെറും അഞ്ച് വയസ്സുള്ളപ്പോൾ തന്നെ അദ്ദേഹത്തിന് പിതാവിനെ നഷ്ടപ്പെട്ടു. അമ്മ വീട്ടുജോലി ചെയ്ത് കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ തുടങ്ങിയതോടെ ഇളയ മകനെ അനാഥാലയത്തിൽ ചേർക്കാൻ അമ്മ തീരുമാനിച്ചു. അനാഥാലയത്തിലെ 12 വർഷത്തെ ജീവിതത്തിനിടയിൽ പല തവണ അവിടെനിന്ന് നാസർ ഓടിപ്പോയി. ഹോട്ടൽ വിതരണക്കാരനായും ക്ലീനറായും ജോലി തുടങ്ങിയപ്പോൾ അതിലെ ബുദ്ധിമുട്ടുകൾ സഹിക്കവയ്യാതെയും പഠനം പൂർത്തിയാക്കുവാനും വേണ്ടി അദ്ദേഹം അനാഥാലയത്തിലേക്ക് തന്നെ മടങ്ങി. കുടുംബത്തെ പോറ്റാൻ, ഫോൺ ഓപ്പറേറ്റർ, ട്യൂഷൻ ടീച്ചർ, ന്യൂസ്പേപ്പർ ഡെലിവറി മാൻ തുടങ്ങി വിവിധ ജോലികൾ അദ്ദേഹം ചെയ്തു.
അനാഥാലയം സന്ദർശിക്കാൻ വന്ന ഒരു കളക്ടറെ കണ്ടപ്പോൾ ആണ് സർക്കാർ ഉദ്യോഗസ്ഥനാകണമെന്നും ഐഎഎസിനുവേണ്ടി ശ്രമിക്കണമെന്നുമുള്ള ആഗ്രഹം നാസറിന് ഉണ്ടാകുന്നത്. ഇംഗ്ലിഷിൽ എംഎ പൂർത്തിയാക്കിയ പിഎസ്സി ജോലിക്കായി പരിശ്രമിച്ച ആ യുവാവ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലിക്കു കയറി. പിന്നീടു ഡപ്യൂട്ടി കലക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോഴും ശ്രമം ഉപേക്ഷിച്ചില്ല. കിട്ടുമെന്ന വിശ്വാസമേ ഇല്ലാതെ എഴുതിയ ആ പരീക്ഷയിൽ വിജയിക്കുന്നു. 2006 ൽ ഡപ്യൂട്ടി കലക്ടറായി സർവീസിൽ. 2017-ൽ നാസർ, ഐഎഎസ് ഉദ്യോഗസ്ഥനായി അഭിമാനകരമായ സ്ഥാനക്കയറ്റം നേടി. കേരള സർക്കാരിൻ്റെ ഹൗസിംഗ് കമ്മീഷണറായി സേവനമനുഷ്ഠിച്ച അദ്ദേഹം 2019 ൽ കൊല്ലം ജില്ലാ കളക്ടറായിരുന്നു.
Discover the inspiring journey of IAS B Abdul Nasar from humble beginnings in Kerala to becoming a distinguished IAS officer. Learn about his perseverance, determination, and remarkable achievements.