ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടെ ടെസ്റ്റിങ് പൂർത്തിയാക്കി ട്രാക്കിൽ ഇറങ്ങാൻ തയ്യാറെടുക്കുകയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ രണ്ടെണ്ണം കേരളത്തിനും ലഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. വന്ദേ ഭാരത് ട്രെയിനുകളുടെ നിർമ്മാണ വേഗത കൂട്ടിയിട്ടുണ്ട്. പത്തു ദിവസത്തിൽ ഒരു വന്ദേ ഭാരത് ട്രെയിൻ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെയാണിപ്പോൾ നിർമാണം പുരോഗമിക്കുന്നത്. ട്രെയിൻ ടെസ്റ്റിങ് ഊർജ്ജിതമായി നടക്കുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. വന്ദേ മെട്രോ ട്രെയിനുകളും ടെസ്റ്റിങ്ങിലേക്ക് കടക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ഇതോടൊപ്പം 50 അമൃത് ഭാരത് ട്രെയിനുകളും അനുവദിച്ചിട്ടുണ്ട്.
കേരളത്തിന് ലഭിക്കുന്ന രണ്ട് വന്ദേ സ്ലീപ്പറുകൾ നിലവിലെ യാത്രാതടസം പരിഹരിക്കുന്നവയാകും. കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരു വരെ പോകുന്നതായിരിക്കും ഒരു സർവീസ്. രണ്ടാമത്തേത് കന്യാകുമാരിയിൽ നിന്ന് ശ്രീനഗർ വരെ ഉള്ള സർവീസ് ആയിരിക്കും. ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ ദിവസവും സർവ്വീസ് നടത്തും. ശ്രീനഗർ വന്ദേ ഭാരത് സ്ലീപ്പർ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമായി പരിമിതപ്പെടുത്തും. ഉധംപൂർ – ബാലാമുള്ള റെയിൽവേ ട്രാക്കിന്റെ ജോലികൾ തീർന്നാലുടനെ കന്യാകുമാരി – ശ്രീനഗർ സർവ്വീസ് നടക്കും.
16 കോച്ചുകളാണ് ഓരോ വന്ദേ സ്ലീപ്പറിലും ഉണ്ടാവുക. ആകെ 823 യാത്രക്കാരെ ഓരോ വന്ദേ സ്ലീപ്പറിനും വഹിക്കാനാകും. ടെസ്റ്റിങ് കഴിഞ്ഞ്ഓ ഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിൽ തന്നെ വന്ദേ സ്ലീപ്പറുകൾ ട്രാക്കിലിറങ്ങും. ദീർഘദൂര- രാത്രികാല റൂട്ടുകളിലാണ് വന്ദേ സ്ലീപ്പറുകൾ സർവീസിനെത്തുക. നിലവിൽ ഓടുന്ന രാജധാനി എക്സ്പ്രസ് ട്രെയിനുകൾക്ക് പകരമായാണ് അത്യാധുനിക സൗകര്യങ്ങളും, സംവിധാനങ്ങളും ഉള്ള വന്ദേ സ്ലീപ്പറുകൾ അവതരിപ്പിക്കുന്നത്. അതെസമയം നിലവിലുള്ള രാജധാനി ട്രെയിനുകൾ സർവ്വീസ് തുടരുകയും ചെയ്യും.
ഇതോടൊപ്പം 22 കോച്ചുകൾ വീതമുളള 50 അമൃത് ഭാരത് ട്രെയിനുകളും പടിപടിയായി ട്രാക്കിലെത്തും. ഇവയിൽ 11 ഏസി കോച്ചുകളും 11 ജനറൽ കോച്ചുകളും ഉണ്ടായിരിക്കും. 2023 ഡിസംബർ മാസത്തിലാണ് അമൃത് ഭാരത് ട്രെയിനുകളുടെ വരവ് പ്രഖ്യാപിച്ചതിനു പിന്നാലെ ഉല്പാദനവും വർധിപ്പിച്ചത്. നിലവിൽ രണ്ട് അമൃത് ഭാരത് ട്രെയിനുകൾ മാത്രമാണ് രാജ്യത്ത് ഓടുന്നത്. ദർഭംഗ – അയോധ്യ – ആനന്ദ് വിഹാർ അമൃത് ഭാരത് എക്സ്പ്രസ്സും, മാൾദ ടൗൺ – ബെംഗളൂരു അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനും. ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവരുടെ യാതാദുരിതം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് റയിൽവേയുടെ ഈ വൈവിധ്യവൽക്കരണം.
Indian Railways will trial the new Vande Bharat sleeper trains on the Delhi-Mumbai corridor starting August 15, 2024, promising enhanced comfort and efficiency for long-distance travel.