കേരള സമൂഹത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തി, കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മഹാ ദുരന്തമായി വയനാട്ടിലെ ഉരുൾപൊട്ടൽ മാറുകയാണ്. ഒരു പ്രദേശവും ജനസമൂഹവും ആണ് കുത്തൊഴുക്കിൽ പെട്ടു പോയത്. മുമ്പൊന്നും ഒരു മഹാമാരിയിലും കേട്ട് കേൾവിയില്ലാത്ത വിധം, ജീവൻ നഷ്ടമായവവരുടെ കണക്കുകൾ കേരളം ഞെട്ടലോടെയാണ് ഏറ്റുവാങ്ങുന്നത്.
മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ തിങ്കളാഴ്ച രാത്രി 12.30 മുതൽ ഉണ്ടായ മൂന്ന് ഉരുൾപൊട്ടലിൽ ഒരു ഗ്രാമം മുഴുവൻ പൂർണമായും ഒലിച്ചു പോയിരിക്കുകയാണ്. 1200 ഓളം കുടുംബങ്ങൾ ആണ് ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. കേരളത്തിൽ അപകടങ്ങൾ എന്ത് ഉണ്ടായാലും ഒറ്റക്കെട്ടായി നാടും നാട്ടുകാരും സർക്കാരും നിൽക്കുന്ന കാഴ്ച വയനാട്ടിലും പ്രകടമാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ ആണ് ഇപ്പോഴും വയനാട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.
ഇന്ത്യൻ സേനയും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. ലെഫ്റ്റനന്റ് കേണലിന്റെ നേതൃത്വത്തിലുള്ള സൈനിക ടീം പുഴ മുറിച്ചുകടന്ന് മുണ്ടക്കൈ മാർക്കറ്റ് മേഖലയിലെത്തി പരിക്കേറ്റ് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവരികയാണ്. ഇതിനായി താല്ക്കാലിക പാലം നിർമ്മിച്ചു. ഹെലികോപ്ടറും ഉപയോഗിച്ചു. കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർ,സേനയുടെ മദ്രാസ് എൻജിനീയറിംഗ് വിഭാഗം എന്നിവയ്ക്കു പുറമേ, നേവിയും എൻ.ഡി.ആർ.എഫും രക്ഷാദൗത്യത്തിലുണ്ട്. ഫയർഫോഴ്സും പൊലീസും രാവിലെ മുതൽ രക്ഷാ പ്രവർത്തനം തുടങ്ങിയിരുന്നു.
സന്നദ്ധ പ്രവർത്തകർ സ്വന്തം നിലയിൽ നിരവധി മൃതദേഹങ്ങൾ അതിസാഹസികമായി പുറത്തെടുത്തു. പലിടത്തായി അമ്പതിലേറെ മൃതദേഹങ്ങളുണ്ട്. വൈകിട്ടോടെ കോട(മഞ്ഞ്) നിറഞ്ഞതോടെ രക്ഷാ പ്രവർത്തനം ദുഷ്കരമായി. ഇതിനിടയിൽ പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും അനുവദിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 5 കോടി രൂപ അടിയന്തര സഹായം അനുവദിച്ചു. ഡോക്ടർമാർ ഉൾപ്പെട്ട സംഘത്തെ ദുരന്തഭൂമിയിലയയ്ക്കും. കർണാടക, ഗോവ സർക്കാരുകളും സഹായം വാഗ്ദാനം ചെയ്തു.
‘രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ അഞ്ചു മന്ത്രിമാരെ നിയോഗിച്ചിട്ടുണ്ട്. സാദ്ധ്യമായ എല്ലാ ശക്തിയും മാർഗങ്ങളും ഉപയോഗിച്ച് രക്ഷാ പ്രവർത്തനം തുടരും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾ സംഭാവന നൽകണം.’ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. വിവിധ സ്ഥലങ്ങളിൽ വയനാട്ടിലേക്ക് സഹായം എത്തിക്കാനുള്ള ക്യാമ്പുകൾ തുറന്നു കഴിഞ്ഞിട്ടുണ്ട്.
The Wayanad landslide disaster in Kerala has devastated entire villages, leaving many dead and missing. Rescue operations are underway with the help of Indian forces and volunteers. Aid and support pour in from various states and the Prime Minister.