വയനാടിനെ ദുരന്തഭൂമിയാക്കിയ ഉരുൾ പൊട്ടലിന് കേരളം സാക്ഷിയാകുമ്പോൾ വേദനയോടെ അല്ലാതെ വയനാട്ടിലെ കാഴ്ചകൾ നമുക്ക് കണ്ടു തീർക്കാൻ ആവില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ, ഒരു ആയുസിന്റെ കഷ്ടപ്പാടും അധ്വാനവും നഷ്ടപ്പെട്ടവർ അങ്ങിനെ നമ്മുടെ ഒക്കെ ഉള്ളുപൊള്ളിക്കുന്ന നിരവധി കാഴ്ചകൾ ആണ് വയനാട്ടിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. മഴക്കാലം നമുക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുന്നു. തുടരെ തുടരെയുള്ള കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മഴവെള്ളപാച്ചിലും ഒക്കെ നമ്മുടെ കൂടെപ്പിറപ്പുകളെ കൂടി കൊണ്ടുപോകുകയാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി എല്ലാവർഷവും നമ്മളിലേക്ക് എത്തുന്ന ക്ഷണിക്കാത്ത അതിഥിയായി മാറിയിരിക്കുകയാണ് ഉരുൾപൊട്ടൽ. പുത്തുമല, കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കൽ, കൊക്കയാർ ഇപ്പോൾ ഇതാ  വയനാട്ടിലെ മുണ്ടക്കയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടലും.

 വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പോലെത്തന്നെ ഏറ്റവും അപകടകരമായ ഒന്നാണ് ഉരുൾപൊട്ടൽ. താങ്ങാനാവുന്നതിൽ കൂടുതൽ മഴ പെയ്യുമ്പോൾ പല പ്രദേശങ്ങളിലും ഉരുൾപൊട്ടലും മണ്ണിലിടിച്ചിലും ഉണ്ടാകുന്നു. എന്നാൽ മഴ മാത്രമാണോ ഉരുൾപൊട്ടലിന് കാരണമാകുന്നത്?
 ഭൂസ്ഥിരത നഷ്ടപ്പെടുന്നത് മൂലം ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്ണും പാറയും ചരലും ഉരുളന്‍കല്ലുകളും മറ്റ് ഭൂവസ്തുക്കളും വന്‍തോതില്‍ വളരെ പെട്ടെന്ന് താഴ്ന്ന സ്ഥലങ്ങളിലേക്ക് പതിക്കുന്ന പ്രതിഭാസമാണ് ഉരുള്‍പൊട്ടല്‍.

വയനാട്ടില്‍ ഉള്‍പ്പടെ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ പശിമ കൂടിയ, അഥവാ ചെളി കൂടുതലായി അടങ്ങിയിട്ടുള്ള മണ്ണാണ് ഉള്ളത്. ഇവിടങ്ങളില്‍ മഴ പെയ്യുമ്പോള്‍ വെള്ളത്തോടൊപ്പം ഈ ചെളിയും മണ്ണിലൂടെ ഭൂമിക്കുള്ളിലേക്ക് ഊര്‍ന്നിറങ്ങും. ക്രമേണയായി സംഭവിക്കുന്ന പ്രക്രിയയാണിത്. ഇങ്ങനെ ഒലിച്ചിറങ്ങുന്ന ചെളി ഉള്‍ഭാഗങ്ങളിലെ വലിയ കരിങ്കല്ലുകള്‍ക്ക് സമീപമാണ് അടിയുന്നത്. ചരിവുള്ള മേഖലകളില്‍ കനത്ത മഴ പോലുള്ള സാഹചര്യങ്ങളില്‍ വെള്ളം കൂടുതലായി ഭൂമിക്കുള്ളിലേക്ക് ഇറങ്ങുമ്പോള്‍ ചെളി അടിഞ്ഞുകൂടിയ ഇത്തരം കരിങ്കല്ലുകള്‍ തെന്നിമാറുന്ന സ്ഥിതിയുണ്ടാകുന്നു. ഈയൊരു സാഹചര്യത്തില്‍ പ്രദേശമൊന്നാകെ വെള്ളത്തില്‍ കുതിര്‍ന്നിരിക്കുമ്പോള്‍ കുഴമ്പ് രൂപത്തില്‍ മണ്ണും അടിയിലെ കരിങ്കല്ലുകളും ഭൂമിയില്‍ നിന്ന് അടര്‍ന്നുമാറുന്നു.

ഈ സമയത്ത് അതികഠിനമായ മഴ കൂടിയുണ്ടെങ്കില്‍ ഇത് ചരിവിലൂടെ അടുത്തുള്ള നദിയിലേക്കോ വെള്ളപാച്ചിലിലേക്കോ അതിവേഗത്തില്‍ ഒഴുകും. ഇതാണ് ഉരുള്‍പൊട്ടലായി മാറുന്നത്. കരിങ്കല്ലും മണ്ണും വെള്ളവും ചരിഞ്ഞ പ്രതലത്തിലൂടെ അതിവേഗത്തില്‍ ശക്തിയായി ഒഴുകുമ്പോള്‍ പോകുന്ന വഴിയിലുള്ളവയെ എല്ലാ തുടച്ചുനീക്കാനുള്ള ശക്തി അതിനുണ്ടാകും. മാത്രമല്ല അത്തരത്തില്‍ തുടച്ചുനീക്കപ്പെടുന്ന കൂറ്റന്‍ മരങ്ങളും മറ്റ് അവശിഷ്ടങ്ങളും മുമ്പിലുള്ള പാതയില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കും. ചരിവിലൂടെ അതിവേഗത്തില്‍ ഒഴുകിയെത്തുന്ന ഈ ഉരുള്‍പൊട്ടല്‍ അതിന്റെ പാതയിലുള്ള വമ്പന്‍ കെട്ടിടങ്ങളെ വരെ തകര്‍ക്കാന്‍ കെല്‍പ്പുള്ളവ ആയിരിക്കും.

പൊതുവേ ഭൂമിയുടെ ചരിവാണ് ഉരുള്‍പൊട്ടലിന്റെ പ്രധാന കാരണങ്ങളിലൊന്ന്. എങ്കിലും വനനശീകരണവും ഭൂമിയുടെ ഘടനയ്ക്ക് അസ്ഥിരത സൃഷ്ടിക്കുന്ന നിര്‍മ്മാണവും ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കും. വലിയ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ അവയുടെ വേരുകള്‍ മണ്ണില്‍ നിലനില്‍ക്കുകയും കാലക്രമേണ അവ ദ്രവിച്ച് കൂടുതല്‍ വെള്ളം വളരെ വേഗം ഭൂമിക്കടിയിലേക്ക് ഇറങ്ങിച്ചെല്ലുകയും അത് ഭൂമിക്കടിയില്‍ മണ്ണ് ഒലിച്ചുപോകുന്നതിന് കാരണമാകുകയും ചെയ്യും. കുഴലീകൃത മണ്ണൊലിപ്പ് (പൈപ്പിംഗ്) എന്നാണ് ഇതറിയപ്പെടുന്നത്. മണ്ണിനടിയില്‍ അത്തരം മേഖലകള്‍ ഉണ്ടെങ്കില്‍ കനത്ത മഴ സാഹചര്യങ്ങളില്‍ ഈ മണ്ണ് പെട്ടെന്ന് തെന്നിമാറുകയും ഇവിടെ ഉരുള്‍പൊട്ടലിന് സാധ്യത കൂടും. കുന്നുകളിലും ചരിവുള്ള മേഖലകളിലും റോഡ്, കെട്ടിടങ്ങള്‍ പോലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉരുള്‍പൊട്ടലിന് കാരണമാകാറുണ്ട്. ഇവിടെ ഭൂമിയുടെ ഘടനയ്ക്ക് അസ്ഥിരത ഉണ്ടാകുകയാണ് ചെയ്യുന്നത്. ചരിവുള്ള സ്ഥലങ്ങളില്‍ മാത്രമല്ല, ഭൂമിയുടെ സ്വഭാവിക ഘടനയ്ക്ക് കാര്യമായ മാറ്റം വരുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്തി, ജിയോടെക്‌നിക്കല്‍ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ.

കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലാണ് മിക്കപ്പോളും ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്. ഒരു പരിധിയില്‍ കവിഞ്ഞ് മഴ പെയ്യുമ്പോള്‍ (Rainfall Threshold) ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകളില്‍ അപകടഭീഷണി വര്‍ധിക്കും. 2019ല്‍ പുത്തുമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സമയത്ത് ഒരാഴ്ച ആ മേഖലയില്‍ ലഭിച്ച മഴ 1400 മില്ലിമീറ്ററില്‍ കൂടുതലായിരുന്നു. ഒരു വര്‍ഷം കേരളത്തില്‍ പെയ്യുന്ന ശരാശരി മഴയുടെ പകുതിയോളം വരുമിത്. മേഘവിസ്‌ഫോടനം പോലെ, അതിതീവ്ര മഴ പെയ്യുമ്പോള്‍ തന്നെയാണ് കൂടുതല്‍ ഉരുള്‍പൊട്ടലുകളും സംഭവിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും ഇത്തരം ദുരന്തങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്. പണ്ടുകാലത്ത് മഴയുടെ വിതരണത്തില്‍ കൃത്യത നിലനിന്നിരുന്നു. എന്നാലിന്ന് മഴയുടെ വിതരണത്തില്‍ കാര്യമായ വ്യത്യാസമുണ്ടായി. ഒരു വര്‍ഷം കൊണ്ട് ലഭിക്കേണ്ട മഴ ഒരാഴ്ച കൊണ്ട് ലഭിക്കുന്ന സ്ഥിതിയാണ് ഉള്ളത്. ഇത് ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള പ്രധാനകാരണമാണ്.

സ്വാഭാവികമായ കാരണങ്ങള്‍ അല്ലാതെ ഇന്ന് ഉരുള്‍പൊട്ടലുകള്‍ കൂടാന്‍ മറ്റ്ചില കാരണങ്ങള്‍ കൂടി ഉണ്ട്. മുകളില്‍ പറഞ്ഞ വസ്തുതകള്‍ ക്രോഡീകരിച്ചാളാല്‍ കുന്നുകളിലെയും മലകളിലെയും അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂപ്രകൃതിയുടെ ഘടനയില്‍ വരുത്തുന്ന മാറ്റം, ഖനനം എന്നിവ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കുന്നു. ഇതുകൂടാതെ മലകളില്‍ നിന്നുള്ള നീരൊഴുക്കുകള്‍ തടസ്സപ്പെടുന്നതും ഒരു കാരണമാണ്. ഇതിന്റെ ഫലമായി വെള്ളം കൂടുതലായി മണ്ണിലേക്ക് ഇറങ്ങുകയും അങ്ങനെ ഭൂമിയുടെ ഘടന അസ്ഥിരപ്പെടുകയും ചെയ്യുന്നു. മുമ്പ് സൂചിപ്പിച്ചത് പോലെ മഴയുടെ അളവിലും ഘടനയിലുമുള്ള മാറ്റമാണ് ഉരുള്‍പൊട്ടലിന്റെ മറ്റൊരു പ്രധാനകാരണം.

Explore the causes and impacts of recent landslides in Wayanad, Kerala. Understand how rainfall, soil conditions, and human activities contribute to these natural disasters.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version