130 വർഷമായി തലവേദയ്ക്ക് പുരട്ടുന്ന മഞ്ഞ ബാം ഉണ്ടാക്കിയത് ഒരു സ്വാതന്ത്ര്യസമര സേനാനി | Amrutanjan bam

എപ്പോഴും സൂക്ഷിച്ചുവെക്കുന്ന മഞ്ഞക്കുഴമ്പ്

ഒരു ഇരുപത് – ഇരുപത്തഞ്ച് വർഷങ്ങൾ മുമ്പ് വരെ തലവേദന വന്നാലോ, നടുവ് വേദന വന്നാലോ, മുട്ട് വേദന വന്നാലോ, പ്രായമായവർ പറയുന്ന ഒരു ഒറ്റമൂലിയുണ്ടായിരുന്നു. അത്ര ആകർഷണമല്ലാത്ത ചെറിയ പേപ്പർ പാക്കറ്റ് തുറന്ന് എടുക്കാവുന്ന ചില്ല് കുപ്പിയിലുള്ള മഞ്ഞക്കുഴമ്പ്. വേദനയുള്ള ഭാഗത്ത് ആ മഞ്ഞക്കുഴമ്പ് പുരട്ടിയാൽ ചെറിയ നീറ്റലോടെ ഒരു നനവ് പടരും. കുറച്ച് കഴിഞ്ഞ് വേദനയ്ക്ക് ഒരാശ്വാസം തോന്നും.

ഏത് വീട്ടിലും, അടുക്കളയിലോ, വരാന്തയിലോ പകുതിയോളം തീർന്ന ആ ചില്ല് കുപ്പി പതിവ് കാഴ്ചയായിരുന്നു. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേർതിരിവില്ലാതെ വേദനയ്ക്കൊരു പരിഹാരമായി തീർന്ന മഞ്ഞക്കുഴമ്പ്. ഇതുപൊലെയുള്ള പെരുമഴക്കാലങ്ങളിൽ തലവേദനയും ജലദോഷവും നാട് വാഴുമ്പോൾ ആൾക്കൂട്ടങ്ങളിൽ ഈ മഞ്ഞക്കുഴമ്പിന്റെ മണം സാധാരണമാകും. അത് ബസ്സിന്റെ ഉള്ളിലായാലും, ക്ലാസ് മുറിയായാലും, ഓഫീസുകളിലായാലും.. ചിലർ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്ന വിധത്തിൽ ബാഗിൽ ഒരു കുപ്പി എപ്പോഴും സൂക്ഷിച്ചുവെച്ചു!

മുംബൈയിലെ പാലവും വേദനസംഹാരിയും
2020-ൽ മഹാരാഷ്ട്രയിലെ മുംബൈ പൂനെ എക്സ്പ്രസ് വേയിൽ ഉണ്ടായിരുന്ന ഒരു പഴയ പാലം പൊളിച്ചു. ശക്തിയേറിയ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് ആ പാലം പൊളിച്ചത്. കാരണം പാറക്കല്ലുകളുപയോഗിച്ച് പണിഞ്ഞതാണ് ആ പാലം.

ബ്രിട്ടീഷ് എഞ്ചിനീയർ ക്യാപ്റ്റൻ ഹ്യൂഗ്സ് ( Captain Hughes) 1830-ൽ പണിത പാലമായിരുന്നു അത്. 190 വർഷം പഴക്കമുള്ള പാലം!. നമുക്കെല്ലാം പരിചിതമായ ഒരു വേദനസംഹാരിയുടെ പേരിലാണ് ആ പാലം അറിയപ്പെട്ടത്. ആ പേര് വരാൻ കാരണമുണ്ടായിരുന്നു. വിശാലമായ എക്സ്പ്രസ് വേ ഈ പാലത്തിനടുത്ത് എത്തുമ്പോൾ ബോട്ടിൽ നെക്ക് പോലെ ചെറുതാകും, രാവിലേയും വൈകുന്നേരവും കനത്ത ട്രാഫിക്കും ഗതാഗതക്കുരുക്കുമാണ് അവിടെ. വാഹനം ഓടിക്കുന്നവർക്ക് ശരിക്കും തലവേദനയായിരുന്ന പാലം! മറ്റൊന്ന് ആ പാലത്തിനരികെ ആ വേദന സംഹാരി പ്രൊഡക്റ്റിന്റെ വലിയ ഹോർഡിംഗ് ഉണ്ടായിരുന്നു. ഈ രണ്ട് കാരണങ്ങൾ കൊണ്ട് ആ പാലത്തിന് വ്യത്യസ്തമായ പേര് വീണത്. അങ്ങനെ 190 വർഷം പഴക്കമുള്ള ആ പാലം പൊളിച്ചു മാറ്റുമ്പോൾ ഒരു ചരിത്രം അവിടെ അവസാനിക്കുകയായിരുന്നു.

ആ പാലം 1830-ൽ പണിതതാണെങ്കിൽ ആ പാലത്തിന്റെ പേരിന് കാരണമായ വേദനസംഹാരി ബ്രാൻഡ് തുടങ്ങുന്നത് 1893-ലാണ്. അതായത്, 131 വർഷം മുമ്പ്. അതായത് പാലത്തിനോട് ചേർന്ന് ഉയർന്ന് നിന്ന ഹോഡിംഗിലെ പ്രൊഡക്റ്റും, ആ പാലവും ബ്രിട്ടീഷ്കാരുടെ കാലത്ത് ഉണ്ടായവയാണ്! രണ്ടും സ്ട്രോങ്ങായിരുന്നു. അതായിരുന്നു അമൃതാഞ്ജൻ! ഇന്ത്യയുടെ സ്വന്തം വേദനസംഹാരി ബാം! ചില്ല് കുപ്പിയിലെ മഞ്ഞക്കുഴമ്പ്! പതിറ്റാണ്ടുകളായി ഇന്ത്യയിലെ വീടുകളിൽ അവശ്യംവേണ്ട ഔഷധങ്ങളുടെ കൂട്ടത്തിൽ പ്രധാന സ്ഥാനമുണ്ടായിരുന്ന അതേ അമൃതാഞ്ജൻ. അമൃതവും അഞ്ജനവും ചേർന്ന അപൂർവ്വ വേദനസംഹാരിക്കുഴമ്പ്. 190 വർഷം പഴക്കമുള്ള ആ പാലത്തിന്റെ പേര് ഇപ്പോൾ മനസ്സിലായില്ലേ, അമൃതാഞ്ജൻ പാലം!

കാശിനാഥുനി നാഗേശ്വര റാവു തുടങ്ങിയ അമൃതാഞ്ജൻ

സ്വാതന്ത്യ സമര ചരിത്രമെടുത്താൽ തെക്കേ ഇന്ത്യയിൽ നിന്നുള്ള ശക്തനായ നേതാവായിരുന്നു കാശിനാഥുനി നാഗേശ്വര റാവു (Kasinadhuni Nageswararao) അഥവാ നാഗേശ്വര റാവു പന്തുലു (Nageswara Rao Pantulu). രാഷ്ട്രീയ പ്രവർത്തകൻ, ജേർണലിസ്റ്റ്, സാമൂഹിക പരിഷ്കർത്താവ്, സംരംഭകൻ തുടങ്ങിയ മേഖലകളിൽ തിളങ്ങിയ നാഗേശ്വര റാവു, കൊൽക്കത്തിയിൽ അപ്പോത്തിക്കിരിയായി കുറച്ചുനാൾ ജോലിനോക്കിയിരുന്നു. അക്കാലത്ത് ചില ചെടികളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന നീരുകൾക്ക് വേദന കുറയ്ക്കാനും രോഗശമനത്തിനും കഴിയുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പരമ്പരാഗതമായി ഉപയോഗിക്കുന്ന വേദന സംഹാരികളായ സസ്യഘടകങ്ങളെ തന്റെ ചില പ്രത്യേക മിക്സിംലിലൂടെ കൂടുതൽ ഫലപ്രദമായി അദ്ദേഹം മാറ്റി.  അങ്ങനെ, ബോംബെയിൽ വെച്ച്, വേദനയെ വേഗം വരുതിയിലാക്കാൻ വ്യത്യസ്തമായ  വേദനസംഹാരി നിർമ്മിച്ചെടുത്തു ആ മനുഷ്യൻ! അമൃതാഞ്ജന്റെ ഉൽപാദനം നാഗേശ്വര റാവു തുടങ്ങുന്നത് അങ്ങനെയാണ്!

ബ്രാൻഡിന് ആവശ്യക്കാരെ കണ്ടെത്തി പ്രൊഡക്റ്റ് വിറ്റുതുടങ്ങി
കെമിക്കലുകൾ ഉള്ള വിദേശ വേദന സംഹാരികളേക്കാൾ മികച്ചതാണെന്നോ, പ്രകൃതി ദത്തവുമാണെന്നോ ഉള്ള ലേബലുകൊണ്ടൊന്നും അമൃതാഞ്ജന് ആദ്യം മാർക്കറ്റിൽ എത്താനായില്ല. മുംബൈയിലെ സംഗീത പരിപാടികൾ, മറ്റ് യോഗങ്ങൾ, ആൾക്കൂട്ടങ്ങൾ എന്നിവിടങ്ങളിൽ ചെറിയ ഗ്ളാസ് കുപ്പിയിൽ മ‍ഞ്ഞ നിറത്തിലെ അമൃതാഞ്ജൻ സൗജന്യമായി വിതരണം ചെയ്യ്ത് തുടങ്ങി നാഗേശ്വര റാവു.

പലപ്പോഴും അദ്ദേഹം നേരിട്ടാണ് ഇവ ആളുകൾക്ക് കൊടുക്കാറ്. അമൃതാഞ്ജൻ ഉപയോഗിച്ചവർ അത് വീണ്ടും അന്വേഷിച്ച് തുടങ്ങി. അങ്ങനെ തന്റെ ബ്രാൻഡിന് ആവശ്യക്കാരെ ആദ്യം സൃഷ്ടിച്ച്, പ്രൊഡക്റ്റ് വിപണയിലേക്ക് ഇറങ്ങിയ സംരംഭകനായിരുന്നു നാഗേശ്വര റാവു. കാരണം തന്റെ പ്രൊഡക്റ്റിൽ അത്രയേറെ വിശ്വാസം നാഗേശ്വര റാവുവിന് ഉണ്ടായിരുന്നു. അങ്ങനെ 1893-ൽ മുംബൈയിൽ ഫാക്ടറി തുടങ്ങി, വാണിജ്യാടിസ്ഥാനത്തിൽ അമൃതാഞ്ജന്റെ പ്രൊ‍ഡക്ഷൻ തുടങ്ങി.

തമിഴ്, മലയാളം പരസ്യങ്ങളിൽ അമൃതാഞ്ജൻ

1914-ൽ അമൃതാഞ്ജന്റെ ഓപ്പറേഷൻസ് നാഗേശ്വര റാവു ചെന്നെയിലേക്ക് മാറ്റി. അമൃതാഞ്ജൻ അങ്ങനെ തെക്കേ ഇന്ത്യയുടെ വേദനസംഹാരിയായി. സന്ദു ബാം ഉത്തരേന്ത്യൻ മാർക്കറ്റിൽ ഡോമിനേറ്റ് ചെയ്തപ്പോൾ തെക്കേഇന്ത്യൻ മാർക്കറ്റ് അമൃതാഞ്ജൻ്റെതായി. അതുകൊണ്ടാണ് ഹിന്ദിയേക്കാൾ ഒരു കാലത്ത് തമിഴ്, മലയാളം പരസ്യങ്ങളായിരുന്നു അമൃതാഞ്ജന് അധികവും. പോയല്ലോ എന്ന് മലയാളത്തിലും, പോയേ പോച്ച് എന്ന് തമിഴിലും  പരസ്യങ്ങൾ ഓർമ്മയുണ്ടാകും. അമൃതാഞ്ജന്റെ ചില ജിംഗിളുകൾ അക്കാലത്തെ ദൂരദർശൻ പ്രേക്ഷകർക്കിടയിൽ ഹിറ്റായിരുന്നു.

നാഗേശ്വര റാവുവിന് ആദരമായി ദേശോദ്ധാരകൻ

പത്തണയ്ക്കാണ് ആദ്യം അമൃതാഞ്ജൻ വിറ്റത്. ബോംബെയിൽ ചൂടപ്പം പോലെ അത് വിറ്റഴിഞ്ഞു. തലവേദയ്ക്കുള്ള അത്ഭുതമരുന്നായി ആളുകൾ അമൃതാഞ്ജനെ കണ്ടു. പത്തണയ്ക്ക് വിറ്റ അമൃതാഞ്ജൻ നാഗേശ്വര റാവുവിനെ അക്കാലത്ത് ലക്ഷാധിപതിയാക്കി. കോൺഗ്രസ് എന്ന  പ്രസ്ഥാനത്തിന്റെ പ്രധാന ഫണ്ടർമാരിൽ ഒരാളായി അദ്ദേഹം മാറി. ഒരുവശത്ത് അമൃതാഞ്ജൻ കൊണ്ട് ഇന്ത്യക്കാരന്റെ ശാരീരിക വേദന മാറ്റാൻ ശ്രമിച്ച നാഗേശ്വര റാവു, മികച്ച ലേഖനങ്ങളിലൂടെ ഇന്ത്യയുടെ രാഷ്ട്രീയ തലവേദനയായ ബ്രീട്ടീഷുകാർക്കെതിരെ പോരാടി. ആന്ധ്രപ്രദേശിനെ, മദ്രാസ് യൂണിയനിൽ നിന്ന് മോചിപ്പിക്കാനും സ്വതന്ത്ര സംസ്ഥാനമാക്കാനുമുള്ള മുന്നേറ്റത്തിന്റെ കുന്തമുനയായിരുന്നു നാഗേശ്വര റാവു. സ്വാതന്ത്ര്യത്തോടുള്ള കൊതിയും ആശയും സ്ഫുരിക്കുന്ന ലേഖനങ്ങളിലൂടെ അദ്ദേഹം ഹീറോ ആയിരുന്നു. ദേശോദ്ധാരകൻ എന്ന പേര് നൽകിയാണ് ആന്ധ്രയിലെ ജനങ്ങൾ അദ്ദേഹത്തോടുള്ള ബഹുമാനം പ്രകടമാക്കിയത്.

പാവങ്ങളുടെ ആദ്യ ആശുപത്രി അമൃതാഞ്ജൻ

ആന്ധ്രയുടെ സംസ്ഥാന രൂപീകരണം കാണാൻ അദ്ദേഹം ഉണ്ടായില്ല. 1952- ഡിസംബറിൽ ആന്ധ്ര ഔദ്യോഗികമായി രൂപീകൃതമാകും മുമ്പ് നാഗേശ്വര റാവു യാത്രയായി. ഇന്ന് ആ അതികായൻ രാജ്യമാകെ ഓർമ്മിക്കുന്നത് അമൃതാഞ്ജൻ എന്ന ഔഷധക്കൂട്ട് ഉണ്ടാക്കി ലക്ഷക്കണക്കിന് ആളുകളുടെ വേദനയകറ്റിയ സംരംഭകൻ എന്ന നിലയിലാണ്. അതാണ് സംരംഭത്തിന്റെ മഹത്വം! സംരംഭകന്റേയും!  അമൃതാഞ്ജൻ ഗ്രാമീണരായ ഇന്ത്യക്കാരുടെ ഔഷധമായിരുന്നു. പ്രത്യേകിച്ച് തെക്കേ ഇന്ത്യയുടെ. അതുകൊണ്ടാണ് മധ്യവരുമാനക്കരുടേയും പാവങ്ങളുടേയും ആദ്യ ആശുപത്രി അമൃതാഞ്ജനായിരുന്നു. ചെറിയ പൈസയ്ക്ക് ഒരു കുടുംബത്തിന് മുഴുവൻ വേദന മാറ്റാൻ അമൃതാഞ്ജന്റെ ആ ചെറിയ ഗ്ലാസ് ബോട്ടിലിനായി.  

ഏതാണ്ട് 20 രൂപയോളമാണ് അമൃതാഞ്ജൻ 8 ഗ്രാം പായ്ക്കിന്റെ ഇന്നത്തെ വില. 130 വർഷം പഴക്കുള്ള ഒരു ബ്രാൻഡ് കാലോചിതമായി വരുത്തേണ്ട മാറ്റങ്ങൾ അമൃതാഞ്ജൻ ഉൾക്കൊണ്ടിട്ടുണ്ട്. പഴയ കുഴമ്പ് രൂപത്തിലെ പ്രൊഡക്റ്റിനൊപ്പം റോൾ ഓൺ ലിക്വിഡും, കോൾഡ് ജെൽ പായ്ക്കും അവർ വിൽക്കുന്നു. ഒപ്പം സന്ധിവേനയ്ക്കുള്ള ബാം, പെയിൻ കില്ലർ സ്പ്രേ എന്നിവയും അമൃതാഞ്ജൻ വിപണിയിലിറക്കുന്നു.

ഒന്നാം സ്ഥാനത്ത് സന്ദു ബാം

ഇന്ന് ഇന്ത്യയിൽ വേദന സംഹാരികളുടെ മാർക്കറ്റ് 1500 കോടിയുടേയതാണ്. മാർക്കറ്റ് ഷെയറിന്റെ 29% കയ്യാളുന്ന അമൃതാഞ്ജൻ വിൽപ്പനയിലും വരുമാനത്തിലും രാജ്യത്ത് രണ്ടാമതാണ്. ഒന്നാം സ്ഥാനം ആർക്കെന്നോ? സന്ദു ബാമിന്. 45% ആണ് അവരുടെ മാർക്കറ്റ് ഷെയർ. 2008-ൽ Emami ബ്രാൻഡ് സന്ദുവിനെ ഏറ്റെടുത്തു. പിന്നാലെ Emami, അമൃതാഞ്ജനേയും ഏറ്റെടുക്കുമെന്ന വാർത്തകൾ പരന്നു. അതോടെ അമൃതാഞ്ജന്റെ ഷെയർ വില കുതിച്ചു. പക്ഷെ ആ ഏറ്റെടുക്കൽ നടന്നില്ല. രാജ്യത്തെ ലാഭപ്പട്ടികയിലുള്ള പബ്ളിക് ലിമിറ്റഡ് കമ്പനിയായി അമൃതാഞ്ജൻ തുടരുന്നു.

സംരംഭകനും സ്വാത്ന്യസമര സേനാനിയുമായിരുന്ന നാഗേശ്വര റാവുവിനോടുള്ള ആദരസൂചകമായി പോസ്റ്റൽ ഡിപ്പാർമെന്റ് ഒരു സ്റ്റാമ്പ് പൂറത്തിറക്കി. ചെന്നൈ മൈലാപൂരിൽ നാലേക്കറിൽ തമിഴ്നാടിന്റെ ആദരമായി ഒരു പാർക്ക് ഉണ്ട്, ദേശോദ്ധാരക നാഗേശ്വര റാവു പാർക്ക് എന്ന പേരിൽ.

മരുമകൻ ശംഭുപ്രസാദ് രണ്ടാമത്തെ വലിയ ബ്രാൻഡാക്കി

നാഗേശ്വര റാവുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ മരുമകൻ എസ് ശംഭുപ്രസാദ് അമൃതാഞ്ജന്റെ നേതൃത്വമേറ്റെടുത്തു. ശംഭുപ്രസാദ്, തെക്കേഇന്ത്യയുടെ വേദനസംഹാരി എന്ന ലേബലിൽ നിന്ന് രാജ്യമാകെയുളള മാർക്കറ്റ് പിടിക്കാൻ അമൃതാഞ്ജനെ സജ്ജമാക്കി. അങ്ങനെയാണ് സന്ദുവിന് തൊട്ട് പിന്നിൽ അമൃതാഞ്ജൻ രണ്ടാമത്തെ വലിയ ബ്രാൻഡായത്. പണ്ടൊക്കെ ഗൾഫിൽ നിന്ന് വരുന്നവരുടെ പെട്ടിയിൽ മറ്റൊരു ബാമിന്റെ ചൂട് മലയാളികൾ അറിഞ്ഞു. ടൈഗർ ബാം. ചുവന്ന കുഴമ്പ് രൂപത്തിലുള്ള ബർമ്മൻ പ്രൊഡക്റ്റ്. കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ പിന്നേയും പല വിദേശ ബ്രാൻഡുകളും വന്നു. എന്നിട്ടും 130-ലധികം വർഷത്തെ പാരമ്പര്യത്തോടെ അമൃതാഞ്ജൻ കുഴമ്പ് വാഴുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ, ഒരു സംസ്ഥാന രൂപീകരണത്തിനായി തൂലിക ചലിപ്പിച്ച, സാധാരണക്കാരുടെ ശരീരവേദനയ്ക്ക് ഔഷധക്കൂട്ട് ഒരുക്കിയ ഒരു പ്രതിഭയുടെ അടയാളമായി!

Explore the rich history of Amrutanjan Pain Relief Balm, India’s trusted remedy for aches and pains. Discover its origins, the legacy of its founder Kasinadhuni Nageswara Rao, and its enduring impact on Indian households. Learn about Amrutanjan’s market presence and evolution over the years.

മുന്നറിയിപ്പ്

എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോ​ഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോ​ഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാ​ഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോ​ഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.

Share.

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Comments are closed.

Exit mobile version