ഹരിയായനയിലെ അംബാല എയർബേസിൽ നിന്ന് റഫേൽ യുദ്ധവിമാനത്തിൽ ഇൻഡ്യൻ സൈന്യത്തിന്റെ സുപ്രീം കമാന്ററായ ദ്രൗപതി മുർമു കുതിച്ചപ്പോൾ മറ്റൊരു വനിത കൂടി ചരിത്രത്തിൽ ഇടം പിടിക്കുകയായിരുന്നു. വിംഗ് കമാന്റർ ശിവാംഗി സിംഗ്! ഇന്ത്യയുടെ ആദ്യത്തെ വനിതാ റഫാൽ പൈലറ്റ്. ഇന്ത്യൻ വ്യോമസേനയിൽ നാലായിരത്തോളം പൈലറ്റുമാരുണ്ട്, അവരിൽ പക്ഷേ റഫാൽ പറത്താൻ ആദ്യം പരിശീലനം കിട്ടിയ വനിത ശിവാംഗി മാത്രം. ഹരിയാനയിലെ അംബാല എയർഫോഴ്സ് സ്റ്റേഷനിൽ എന്തിനും തയ്യാറായി നിൽക്കുന്ന ഇന്ത്യയുടെ സൂപ്പർ വ്യോമാക്രമണ ടീമായ ഗോൾഡൺ ആരോസ് സ്ക്വാഡ്രൺ (Golden Arrows Squadron) അംഗമാണ് ശിവാംഗി സിംഗ്. ഈ ശിവാംഗിയെ ആണ് സിന്ദൂർ ഓപ്പറേഷനിടെ ഫ്ലൈറ്റ് വെടിവെച്ചിട്ട് പിടിച്ചുവെന്നും തടവിലാക്കിയെന്നും പാകിസ്ഥാൻ പ്രചരിപ്പിച്ചത്! അതേ ശിവാംഗി തന്നെ, ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാനിലെ പട്ടാള ക്യാമ്പുകളെ നിമിഷനേരം കൊണ്ട് ചാമ്പലാക്കി തിരിച്ചെത്തിയ അതേ റഫാൽ ഫ്ലൈറ്റിൽ, രാഷ്ട്രപതിയേയും കൊണ്ട് പറന്നത് യാദൃശ്ചികമല്ല, പാകിസ്ഥാന് കൊടുത്ത ഇരട്ട പ്രഹരമായിരുന്നു! 15,000 അടി മുകളിൽ, മണിക്കൂറിൽ 700 കിലോമീറ്റർ സ്പീഡിൽ പാക് അതിർത്തിയിൽ നിന്ന് കേവലം 250 കിലോമീറ്റർ അകലെ.. വന്യമായ രൗദ്രഭാവത്തോടെ പറന്ന റഫാലിൽ… രണ്ട് വനിതകൾ!
റഫാലിന്റെ കോക്പിറ്റലിരുന്ന് ശത്രുവിന്റെ ഹൃദയത്തിലേക്ക് ലോക്ക് ചെയ്ത് ഒരു മിസൈലിന്റെ ലോഞ്ച് സീക്വൻസ് ശിവാംഗി ട്രിഗറ് ചെയ്യുമ്പോ, അമ്പരന്ന് വിളറിയ ശത്രു ഭയന്നത് കോക്പിറ്റിലിരിക്കുന്നത് പെണ്ണായതുകൊണ്ടല്ല, വൈദഗ്ധ്യമുള്ള ഫൈറ്റർ പൈലറ്റായതുകൊണ്ടാണ്.
അതുപോലെ ഡോ. ടെസ്സി തോമസിനെ അറിയില്ലേ? ആലപ്പുഴക്കാരിയായ ടെസ്സി തോമസ്! ഇന്ത്യയുടെ അഡ്വാൻസ്ഡ് മിസൈൽ പ്രോഗ്രാമുകളുടെ ബുദ്ധികേന്ദ്രം..ഇന്ത്യൻ മിസൈൽ പ്രോജക്റ്റുകളെ നയിക്കാൻ ആ പദവിയിലെത്തിയ ആദ്യ വനിത. ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ അഥവാ ഡിആർഡിഒ-യുടെ കീഴിൽ, ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലായ അഗ്നി-നാലും അഞ്ചും വാർത്തെടുത്തത് ടെസ്സി തോമസാണ്.
15,000 അടി മുകളിൽ, ലോകത്തെ ഹൈയ്യസ്റ്റ് ബാറ്റിൽ ഫീൽഡായ സിയാച്ചിനിൽ, മരണം മാടിവിളിക്കുന്ന, മഞ്ഞുപാളികൾ മൂടിയ ഇന്ത്യൻ മൗണ്ടൺ റേഞ്ചിൽ, സൈന്യത്തിന്റെ പ്രതിരോധ എഞ്ചിനീയറിംഗിനെ ചൂടുപിടിപ്പിക്കുന്നതാരാണെന്ന് അറിയുമോ? ക്യാപ്റ്റൻ ശിവ ചൗഹാൻ! കേട്ടിട്ടുണ്ടോ ആ പേര്? സിയാച്ചിനിലെ ഓരോ സൂര്യോദയവും ശിവ ചൗഹാനെ നോക്കി സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്, ദൃഢനിശ്ചയത്തിന് ലിംഗഭേദമില്ല. ഉൾക്കരുത്തിന് സ്ത്രീ-പുരുഷ ഭേദമുമില്ല…
എന്തുകൊണ്ടാണ് ഇത് പറയാൻ കാരണം? ചിന്താഗതിയിൽ മുന്നിലെന്ന് മേനിപറയുമ്പോഴും ഇന്ത്യയിലിന്നും വേഷത്തിലും, പഠിക്കാനുള്ള സ്വാതന്ത്ര്യത്തിലും, വിവാഹത്തിലെ പങ്കാളിയുടെ തെരഞ്ഞെടുപ്പിലുമെല്ലാം സ്ത്രീ- പുരുഷന്റേയോ, അവരുടെ മതത്തിന്റേയോ, അവർ ഉൾപ്പെടുന്ന സമൂഹത്തിന്റേയോ ഒക്കെ നിയന്ത്രണ രേഖയ്ക്ക് ഉള്ളിലാണ് ഇപ്പോഴും.
ക്ഷണികമാത്രമായ ചില സുഖങ്ങൾക്ക് വേണ്ടി സ്ത്രീകൾ നടത്തുന്ന കോപ്രായങ്ങളല്ല സ്ത്രീ സ്വാതന്ത്ര്യം! സ്ത്രീ സ്വാതന്ത്ര്യം എന്നത് ഉൾപ്രേരണയെ പിന്തുടരാനുള്ള ചങ്കൂറ്റമുണ്ടേല്ലോ അതാണ്! ചുറ്റുമുള്ള സമൂഹത്തെ പ്രചോദിപ്പിക്കുന്ന അനിതസാധാരണമായ നേട്ടങ്ങൾ നേടുമ്പോഴുള്ള ആത്മാഭിമാനമുണ്ടല്ലോ, അതാണ്! നിനക്ക് പറഞ്ഞിട്ടുള്ളതല്ല എന്ന് വിലക്കിയവർക്ക് മുന്നിൽ ലക്ഷ്യം കുറിച്ച് അത് നേടിയെടുത്ത് കഴിയുമ്പോൾ അഭിമാനത്തോടെയുള്ള ആ നിൽപ്പുണ്ടല്ലോ.. അതാണ്! അതാണ് നമ്മുടെ സ്വാതന്ത്യം!
അങ്ങനെ ബോധ്യമുള്ളത് കൊണ്ട് അഭിമാനം കെട്ടിപ്പൊക്കിയ സ്ത്രീകൾ നമ്മുടെ മുന്നിൽ തന്നെയുണ്ടല്ലോ. ചെന്നെയിലെ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്ന് പെപ്സികോ എന്ന മൾട്ടിബില്യൺ ഡോളർ കോർപ്പറേറ്റിന്റെ സിഇഒ ആയി മാറിയ ഇന്ദ്ര നൂയി, ഗുജറാത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകളുടെ വേദനയറിഞ്ഞ് വളർന്ന്, ഇന്ത്യയുടെ ആദ്യ സെൽഫ്മെയ്ഡ് ബില്യണയറായ, ബയോകോൺ എന്ന കമ്പനിയുടെ ചെയർപേർസണായ കിരൺ മജൂംദാർ ഷാ, ഇടത്തരം കുടുംബത്തിൽ ജനിച്ച്, സ്വപ്രയത്നത്താൽ Nykaa ബില്യൺഡോളർ ബ്രാൻഡിനെ സൃഷ്ടിച്ച Falguni Nayar.. എന്തിന് ഒഡീഷയിലെ ഏറ്റവും ദരിദ്രമായ ആദിവാസി മേഖലയിൽ ജനിച്ച് ഇന്ത്യൻ സൈന്യത്തിന്റെ സർവ്വസൈന്യാധിപയായ ദ്രൗപതി മുർമു, നമ്മുടെ രാഷ്ട്രപതി! ഇതുപോലെയുള്ള അസാധാരണമായ സ്ത്രീ ജീവിതങ്ങൾ ദാ കണ്ണിന് മുന്നിലുള്ളപ്പോൾ എന്തിന് സംശയിക്കണം..
അതുപോലെ ഇന്ത്യയുടെ സ്പേസ് റിസർച്ചിലും, ഡിഫൻസിലും, രഹസ്യാന്വേഷണ മേഖലയിലും, സയന്റിഫിക്കൽ റിസർച്ച് പ്രോഗ്രാമുകളിലും ഒക്കെ നിരവധി വനിതകളുണ്ട്. കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റുകളുടെ പ്രൊജക്റ്റ് ഡയറക്ടറായ അനുരാധയെപോലെ, അഗ്നി അഞ്ചിന്റെ പ്രോഗ്രാം ഡയറക്ടറായ ഡോ. ഷീന റാണിയെപോലെ നൂറുകണക്കിന് വനിതകൾ..അതിൽ ഡോ. ഷീന റാണി എന്ന മലയാളിയായ മിസൈൽ എക്സ്പേർട്ടിനെ അറിയതെ പോകരുത്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്ത ശേഷം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ജോലിക്ക് കയറിയ ഡോ. ഷീന. അവരുടെ നേതൃത്വത്തിൽ വികസിപ്പിച്ച അഗ്നി-5 ശത്രുവിന്റെ കാലനാണ്. ഒറ്റ വിക്ഷേപണത്തിൽ പല ലക്ഷ്യങ്ങളെ പല പോർമുനകളാൽ തകർക്കാനും തിരികെ വരാനും ശേഷിയുള്ള, Multiple Independently Targetable Re-entry Vehicle ടെക്നോളജിയാണ് അഗ്നി-5. അതിന്റെ ബുദ്ധി കേന്ദ്രമായിരുന്നു ഡോ. ഷീന റാണി.
മറ്റൊന്ന് കൂടി, മനുഷ്യനെ വഹിക്കാൻ കഴിയുന്ന ഇന്ത്യയുടെ ആദ്യ ബഹിരാകാശ പേടകത്തിന്റെ ചുമതല ആർക്കാണെന്ന് അറിയുമോ. ഡോ. വി ആർ ലളിതാംബികയ്ക്ക്! ഗഗൻയാനിന്റെ മിഷൻ ഡയറക്ടർ! ഇന്ത്യയ്ക്ക് ബഹിരാകാശത്ത് മനുഷ്യനെ അയയ്ക്കാനാകുമോ എന്ന ചോദ്യത്തിന് പ്രൊജക്റ്റിന്റെ കൗണ്ട്ഡൗൺ കൊണ്ട് മറുപടി നൽകുന്ന ഇന്ത്യൻ ശാസ്ത്രജ്ഞ! അവർ തയ്യാറെടുക്കുന്നത് കേവലം ഒരു റോക്കറ്റ് വിക്ഷേപണത്തിനല്ല, തലമുറകളായുള്ള ഇന്ത്യൻ വാനസ്വപ്നങ്ങളുടെ സഫലീകരണത്തിനാണ്. കുട്ടിക്കാലം മുതൽ റോക്കറ്റ് പര്യവേഷണങ്ങൾ കണ്ട് ലഹരി കയറിയ തുമ്പ-യിലെ സാധാരണ മലയാളി പെൺകുട്ടിയായിരുന്നു ഡോ. ലളിതാംബിക!
പുതിയ പ്രഭാതം സ്ത്രീകളുടേതാണ്. ഇന്ത്യയിലെ അവസരങ്ങൾ ഇന്ന് സ്ത്രീകൾക്കായി വെയ്റ്റ് ചെയ്യുകയല്ല, അവരെ മാടി വിളിക്കുകയാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ iDEX പദ്ധതി സ്റ്റാർട്ടപ്പുകൾക്കും, എംഎസ്എംഇ-കൾക്കും – സെൻസർ, മെറ്റീരിയൽ, ഓട്ടോണമി എന്നിവയിൽ 1.5 കോടിയുടെ വരെ ഗ്രാന്റ് ഓഫർ ചെയ്യുന്നു. 19,000 കോടിയുടെ നാഷണൽ ഹൈഡ്രജൻ മിഷൻ ഹൈഡ്രജൻ പ്രൊക്ഷൻ, സേഫ്റ്റി, പ്രൊജക്റ്റ് ഫിനാൻസ് എന്നിവയിൽ അവസരം തുറക്കും. നാഷണൽ ഇ കൊമേഴ്സ് പദ്ധതി ഫിനാനഷ്യൽ സർവ്വീസുകളിൽ സാധ്യത തുറന്നിടും.
ബനാറസിലെ പൊടി നിറഞ്ഞ വഴികളിലൂടെ സ്കൂളിലേക്ക് പോയിരുന്ന പെൺകുട്ടി ഇന്ന് റഫാലിൽ രാഷ്ട്രപതിയെ അനുഗമിച്ച വിംഗ് കമാന്റർ ശിവാംഗി സിംഗ് ആയിരിക്കുന്നു. ആലപ്പുഴയിലെ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടി ഇന്ത്യയുടെ മിസൈൽ വുമൺ എന്ന ഡോ. ടെസ്സി തോമസ് ആയിരിക്കുന്നു, ലഖ്നൗവിലെ ഇടുങ്ങിയ വഴികളിൽ നിന്ന് ആകാശം നോക്കിക്കണ്ട ഒരു കൗമാരക്കാരി ഇന്ന് അഗ്നി മിസൈലിന്റെ ബുദ്ധികേന്ദ്രമായ ഡോ. റിതു കരിദൾ ആയിരിക്കുന്നു. തുമ്പയിലെ വീട്ടിൽ നിന്ന്, തൊട്ടരികെ ആകാശത്തേക്ക് കുതിച്ച റോക്കറ്റ് നോക്കി നിന്ന യുവതി ഇന്ന് മനുഷ്യനെ വഹിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ യാനത്തിന്റെ പണിപ്പുരയിലാണ്…നമ്മളെപ്പോലെ സാധാരണ സാഹചര്യങ്ങളിൽ വളർന്നവർ! അവർ പുഞ്ചിരിയോടെ അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ച് നമ്മളോട് പറയുന്ന ഒന്നുണ്ട്… വാച്ച് മീ..
