കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് പുതിയ സംവിധാനം ആരംഭിക്കാൻ കർണാടക. വാട്ടർ മെട്രോയുടെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കുന്നതിനും കർണാടകയുടെ തീരത്ത് സമാനമായ സംവിധാനം നടപ്പിലാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനുമായി തീരദേശ വികസന അതോറിറ്റി (CDA) പ്രതിനിധി സംഘം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) സന്ദർശിച്ചു.

കൊച്ചി വാട്ടർ മെട്രോയുടെ വൻ വിജയം കർണാടക അധികൃതരുടെ ശ്രദ്ധ പിടിച്ചുപറ്റിയതായും ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സന്ദർശനമെന്നും സിഡിഎ ചെയർമാൻ എം.എ. ഗഫൂർ പറഞ്ഞു. സന്ദർശന വേളയിൽ, കൊച്ചി വാട്ടർ മെട്രോയുടെ പ്രവർത്തനപരവും സാങ്കേതികവുമായ വശങ്ങൾ സംഘം നിരീക്ഷിച്ചു. ഫ്ലോട്ടിംഗ് ജെട്ടികളുടെ നിർമാണം, ബോട്ട് പ്രവർത്തനങ്ങൾ, നിർമാണ യാർഡുകൾ, വാട്ടർലെവൽ മാനേജ്മെന്റ് സംവിധാനങ്ങൾ എന്നിവയടക്കം സംഘം പരിശോധിച്ചു. കൊച്ചിയിലെ വാട്ടർ മെട്രോ സംവിധാനം താരതമ്യേന കുറഞ്ഞ ചിലവിൽ വികസിപ്പിച്ചെടുത്തിട്ടുള്ളതായും ഇത് പ്രായോഗികവും സുസ്ഥിരവുമായ പൊതുഗതാഗത മാതൃകയാണെന്നും പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.
കർണാടകയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നീ തീരദേശ ജില്ലകളിൽ ഒരുമിച്ച് വാട്ടർ മെട്രോ പദ്ധതിക്കായി ഉപയോഗിക്കാൻ സാധ്യതയുള്ള 186 കായൽ സ്ട്രെച്ചുകൾ ഉണ്ടെന്ന് ഗഫൂർ പറഞ്ഞു. മുൻ സന്ദർശന വേളയിൽ, ഗുരുപുര-മറവൂർ പാലത്തിനപ്പുറം മെട്രോ സംവിധാനം വ്യാപിപ്പിക്കാൻ കഴിയില്ലെന്ന് പ്രസ്താവിച്ചുകൊണ്ട് കെആർഎംഎൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ സാധ്യത പുനഃപരിശോധിക്കുന്നതിനായി കൂടുതൽ ഡാറ്റാ പോയിന്റുകൾ നൽകാനും ബദൽ സ്ഥലങ്ങൾ തിരിച്ചറിയാനും അതോറിറ്റി ഇപ്പോൾ പദ്ധതിയിടുന്നതായി അദ്ദേഹം വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും അതിനുശേഷം സർക്കാരിൽ നിന്നുള്ള ധനസഹായം സംബന്ധിച്ച കൂടുതൽ നിർദേശങ്ങൾക്കായി അതോറിറ്റി കാത്തിരിക്കുമെന്നും ഗഫൂർ പറഞ്ഞു. തീരദേശ പ്രദേശങ്ങളിലെ കായലുകൾ ജലാധിഷ്ഠിത പൊതുഗതാഗതത്തിന് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് കെആർഎംഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുമായി ചർച്ചകൾ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Karnataka’s Coastal Development Authority (CDA) explores the Kochi Water Metro model to launch similar water-based transport in Dakshina Kannada, Udupi, and Uttara Kannada.