ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് കാഷ് ഓണ്‍ ഡെലിവറി വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് ബാക്കി കൊടുക്കാനും വാങ്ങാനും ചില്ലറ വേണം എന്നുള്ളത്. ഡെലിവറി സ്റ്റാഫിന് ഉല്പന്നത്തിന്റെ വില കൃത്യമായി നല്കാന് കയ്യില്‍ ചിലപ്പോള്‍ ചില്ലറയുണ്ടാവില്ല. ഇനി അധിക തുക നോട്ടുകളായി നല്കിയാല് ബാക്കി തരാന്‍ ഡെലിവറി സ്റ്റാഫിന്റെ കയ്യിലും ചില്ലറയുണ്ടായെന്ന് വരില്ല. ഇത് ഫുഡിന്റെ കാര്യത്തിൽ ആയാലും ഡ്രെസ്സോ മറ്റ് സാധനങ്ങളോ ഓൺലൈനിൽ വാങ്ങുമ്പോൾ ആയാലും ഇങ്ങിനെ തന്നെ ആണ്.
എന്നാല്‍ ഈ പ്രശ്നത്തിന് ഒരു പരിഹാരമെന്നോണം തങ്ങളുടെ സ്ഥിര ഉപഭോക്താക്കള്‍ക്ക് ഗുണകരമാവുന്ന ഒരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. കമ്പനിയുടെ മേധാവി ദീപീന്ദര്‍ ഗോയല്‍ ട്വിറ്ററിലൂടെ ആണ് ആപ്പിന്റെ പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തിയത്.
ഇനി മുതല്‍ സൊമാറ്റോയില്‍ ഭക്ഷണ സാധനങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി മോഡില്‍ വാങ്ങുമ്പോള്‍ കയ്യില്‍ ചില്ലറ ഇല്ലെന്ന് ആലോചിച്ച് വിഷമിക്കേണ്ട. അധിക തുക ഡെലിവറി സ്റ്റാഫിന് നല്കിയാല് ബാക്കി തുക ഉടന്‍ തന്നെ ഡെലിവറി സ്റ്റാഫ് ഉപഭോക്താവിന്റെ സൊമാറ്റോ മണി അക്കൗണ്ടിലേക്ക് നല്‍കും. ഭാവിയില്‍ നടത്തുന്ന സൊമാറ്റോ ഇടപാടുകള്‍ക്ക് ഈ തുക ഉപയോഗിക്കാം.
ഉദാഹരണത്തിന് 530 രൂപയുടെ ഭക്ഷണ സാധനം സൊമാറ്റോയില്‍ നിന്ന് വാങ്ങിയെന്നിരിക്കട്ടെ. നിങ്ങള്‍ ഡെലിവറി സ്റ്റാഫിന് നല്‍കിയത് 600 രൂപയാണ്. ബാക്കി 70 രൂപ ഡെലിവറി സ്റ്റാഫ് നേരെ നിങ്ങളുടെ സൊമാറ്റോ മണി അക്കൗണ്ടിലേക്കാണ് ഇടുക. ഈ തുക ഭാവിയില്‍ നിങ്ങൾ സൊമാറ്റോ ഉപയോഗിച്ച് ഭക്ഷണം വാങ്ങുമ്പോൾ ഉപയോഗിക്കാനാവും. ഓണ്‍ലൈന്‍ ഗ്രോസറി വെബ്സൈറ്റായ ബിഗ്ബാസ്കറ്റില്‍ നിന്ന് പ്രചോദനം ഉള്ക്കൗണ്ടാണ് ഈ സൗകര്യം ഒരുക്കിയതെന്നും ഗോയല്‍ വ്യക്തമാക്കി.
Zomato introduces a new feature that allows customers to add excess cash from deliveries to their Zomato Money account, enhancing the convenience of cash-on-delivery transactions.