പാലാരിവട്ടം ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് വരെ നീളുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ട നി൪മാണവുമായി ബന്ധപ്പെട്ട വിവിധ തടസങ്ങളും പ്രശ്നങ്ങളും അടിയന്തിരമായി പരിഹരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഏഴ് വകുപ്പുകളുടെ സംയുക്ത കമ്മിറ്റിക്ക് രൂപം നൽകി. ഗതാഗതക്കുരുക്ക്, കേബിളുകൾ നീക്കൽ, വൈദ്യുതി വിതരണ ക്രമീകരണം, റോഡിന് വീതി കൂട്ടൽ തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണുന്നതിനാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടുമ്പോൾ കമ്മിറ്റി യോഗം ചേ൪ന്ന് വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.
പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി, വാട്ട൪ അതോറിറ്റി, പോലീസ്, തൃക്കാക്കര നഗരസഭാ സെക്രട്ടറി, ആ൪ടിഒ, കൊച്ചി മെട്രോ എന്നിവരാണ് കമ്മിറ്റിയിലുള്ളത്. കമ്മിറ്റിയുടെ ആദ്യ യോഗം ഓഗസ്റ്റ് 22 വ്യാഴാഴ്ച ചേരും. അതത് മേഖലയിലുള്ള കൗൺസില൪മാരുമായും ആശയവിനിമയം നടത്തണം. മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് സ്പാ൪ക്ക് ഹാളിൽ ചേ൪ന്ന യോഗത്തിലാണ് തീരുമാനം. കെ.എസ്.ഇ.ബി തൃപ്പൂണിത്തുറ എക്സിക്യൂട്ടീവ് എഞ്ചിനീയ൪, വാട്ട൪ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയ൪, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയ൪, അസിസ്റ്റന്റ് കമ്മീഷണ൪ ഓഫ് പൊലീസ്, ജോയിന്റ് ആ൪.ടി.ഒ എന്നിവരാണ് അതത് വകുപ്പുകളെ പ്രതിനിധീകരിച്ച് യോഗത്തിൽ ഹാജരാകേണ്ടത്. കൊച്ചി മെട്രോയുടെ അധ്യക്ഷതയിലായിരിക്കും യോഗം.
മെട്രോ നി൪മാണവുമായി ബന്ധപ്പെട്ട് പാലാരിവട്ടം-കാക്കനാട് റൂട്ടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് മു൯ഗണന നൽകും. റോഡിന് വീതികൂട്ടൽ പുരോഗമിക്കുകയാണ്. അവശേഷിക്കുന്ന റോഡിന്റെ വീതി കൂട്ടൽ ഉട൯ പൂ൪ത്തിയാക്കാ൯ മന്ത്രി നി൪ദേശം നൽകി. ചെമ്പുമുക്ക്-കുന്നുംപുറം റോഡ്, സീ പോ൪ട്ട്-എയ൪ പോ൪ട്ട് റോഡിലെ ഡി.എൽ.എഫിനു മുന്നിലെ റോഡ്, പാ൪ക്ക് ഹോട്ടലിനു മുന്നിലെ തക൪ന്നു കിടക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണി എന്നിവ രണ്ടാഴ്ചയ്ക്കകം പൂ൪ത്തിയാക്കും.
സീ പോ൪ട്ട്-എയ൪പോ൪ട്ട് റോഡിലെ രണ്ടര കിലോമീറ്റ൪ ഒക്ടോബ൪ 15 ന് പൂ൪ത്തിയാക്കും. ഡി.എൽ.എഫ് ഫ്ളാറ്റിനു മുന്നിലുള്ള റോഡ് ടാ൪ ചെയ്ത് രണ്ടാഴ്ചക്കകം തുറന്നു കൊടുക്കും. പ്രിയം മാ൪ട്ടിനു മുന്നിലുള്ള തടസവും രണ്ടാഴ്ചക്കകം നീക്കും. എല്ലാ കൈയേറ്റങ്ങളും അനധികൃത പാ൪ക്കിംഗും ഒഴിവാക്കാ൯ ക൪ശന നടപടി സ്വീകരിക്കും. ഇതിനായി ആ൪ടിഒ, നഗരസഭ, റവന്യൂ വകുപ്പ് എന്നിവ൪ സംയുക്ത പരിശോധന നടത്താനും മന്ത്രി നി൪ദേശിച്ചു.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഇടറോഡുകളും സ൪വീസ് റോഡുകളും ഉപയോഗിക്കുന്നത് സംബന്ധിച്ച് പരിശോധിക്കും. ഇടറോഡുകളിൽ നിന്ന് നേരിട്ട് പ്രധാന റോഡിലേക്ക് കയറുന്നത് ഒഴിവാക്കി യുടേൺ നടപ്പാക്കുന്നതിനാണ് പോലീസിന്റെ ശ്രമം. ഇടറോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് തൃക്കാക്കര നഗരസഭയും മുൻകൈയെടുക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഹൈബി ഈഡ൯ എം.പി. ഉമ തോമസ് എം.എൽ.എൽ, കൊച്ചി മെട്രോ എം.ഡി. ലോക്നാഥ് ബെഹ്റ, തൃക്കാക്കര നഗരസഭ ചെയ൪പേഴ്സൺ രാധാമണി പിള്ള, കലക്ട൪ എ൯.എസ്.കെ. ഉമേഷ്, തൃക്കാക്കര നഗരസഭയിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പ് ജീവനക്കാ൪ തുടങ്ങിയവ൪ പങ്കെടുത്തു.
A joint committee of seven departments has been formed to address obstacles in the construction of Kochi Metro Phase 2, focusing on traffic, cable removal, power supply, and road widening. The first meeting is scheduled for August 22.