കോഴിക്കോട് മാങ്കാവിലെ ലുലു മാള്‍ അടുത്ത മാസത്തോടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് ലുലു ഗ്രൂപ്പ് അധികൃതർ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഓണത്തോട് അനുബന്ധിച്ച് ലുലു മാള്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. “എല്ലാ ബ്രാൻഡുകളും ഇതിനോടകം തന്നെ കോഴിക്കോട് ലുലു മാളിലേക്ക് എത്തിയിട്ടുണ്ടെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവസാനഘട്ട മിനുക്ക് പണികള്‍ അതിവേഗം പുരോഗമിക്കുകയാണ്. സ്ഥാപനം ഉടന്‍ തന്നെ തുറന്ന് പ്രവർത്തനം ആരംഭിക്കും” എന്നായിരുന്നു ലുലു മാൾസ് ഇന്ത്യ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ നേരത്തെ വ്യക്തമാക്കിയത്.
ലുലു മാള്‍ എന്നത് കോഴിക്കോടുകാരുടെ ദീർഘനാളത്തെ ആഗ്രഹമാണെങ്കിലും മാള്‍ കാരണമുണ്ടായേക്കാവുന്ന ഗതാഗത കുരുക്ക് വലിയ ആശങ്കയാണ്. നിലവില്‍ തന്നെ വലിയ തിരക്കുള്ള മേഖലയാണിത്. എന്തായാലും ഈ വിഷയത്തില്‍ മാള്‍ തുറക്കുന്നതിന് മുമ്പ് തന്നെ നടപടിയുമായി ലുലു ഗ്രൂപ്പ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
മാങ്കാവ് മേഖലയില്‍ ഉണ്ടായേക്കാവുന്ന വന്‍ഗതാഗത കുരുക്ക് പരിഹരിക്കാനാവശ്യമായ പരിഷ്കരണത്തിന് നിർദേശങ്ങള്‍ സമർപ്പിക്കാന്‍ നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) പഠനം തുടങ്ങി കഴിഞ്ഞു. ലുലു മാള്‍ അധികൃതരുടെ തന്നെ ആവശ്യപ്രകാരം തന്നെയാണ് നാറ്റ്പാക് പഠനം നടത്തുന്നതെന്നാണ് റിപ്പോർട്ട്.
നാറ്റ്പാക്ക് അധികൃതർ നല്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാളിന്റെ പരിസരത്ത് സ്വീകരിക്കാവുന്ന ഗതാഗതപരിഷ്കാരങ്ങൾ സംബന്ധിച്ച് ലുലു അധികൃതർ സർക്കാറിന് റിപ്പോർട്ട് നല്കുന്നു.
സർക്കാർ നടത്തേണ്ട നീക്കങ്ങള്‍ക്ക് പുറമെ ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിന് വേണ്ടി ലുലു മാള്‍ അധികൃതരും തങ്ങളുടേതായ നിലയില്‍ ഇവിടെ ചില പരിഷ്കാരങ്ങള്‍ ആലോചിക്കുന്നുണ്ട്. സർക്കാർ സ്വീകരിക്കുന്ന തീരുമാനം അനുസരിച്ചായിരിക്കും ലുലു മാളിന്റെ സ്വന്തം നിലയ്ക്കുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുക.
ഏഴ് മീറ്റർ മാത്രം വീതിയുള്ള 2 വരി റോഡാണ് ലുലു മാളിന് മുന്നിലുള്ളത്. ആസ്റ്റർ, മിംസ് ആശുപത്രി ഉള്‍പ്പെടേയുള്ള സ്ഥാപനങ്ങളും പരിസരത്ത് തന്നെ സ്ഥിതി ചെയ്യുന്നു. മാള്‍ തുറന്നാല്‍ ഇവിടെ വന്‍ ഗതാഗത കുരുക്ക് രൂപപ്പെടുന്നത് ആംമ്പുലന്‍ അടക്കമുള്ളവയുടെ സഞ്ചാരത്തിനും തടസ്സം സൃഷ്ടിക്കും.
മാങ്കാവ് ജംക്ഷൻ, മാങ്കാവ് ശ്മശാനം ജംക്ഷൻ, പുതിയപാലം-ഗോവിന്ദപുരം പിഎൻബി ജംക്ഷൻ, കല്ലുത്താൻകടവ് കോംട്രസ്റ്റ് കണ്ണാശുപത്രി ജംക്ഷൻ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് നാറ്റ്പാക് പ്രധാനമായും സർവ്വേയും മറ്റ് പഠനങ്ങളും നടത്തുന്നത്. മാള്‍ തുറക്കുന്നതോടെ മലപ്പുറത്ത് നിന്ന് അടക്കം ആളുകള്‍ ഇതുവഴി എത്തും. ഇത് അടക്കം മുന്നില്‍ കണ്ടുള്ള ക്രമീകരണങ്ങള്‍ക്കാണ് മുന്‍തൂക്കം.
രാവിലേയും വൈകീട്ടും ഇതുവഴി കടന്ന് പോകുന്ന വാഹനങ്ങളുടെ കണക്ക് എടുത്തുകൊണ്ടാണ് പഠനം ആരംഭിച്ചത്. തിരുവനന്തപുരം, എറണാകുളം കോഴിക്കോട് ഓഫിസുകളിൽനിന്നായി 5 പേരാണ് പഠനത്തിൽ പങ്കെടുക്കുന്നത്. പഠനത്തിന് നേതൃത്വം നല്കുന്ന ഡോ.എസ്.ഹാഷിം ഈയാഴ്ച സ്ഥലം സന്ദർശിക്കും. പഠനത്തിന്റെ മുഴുവന്‍ ചിലവും വഹിക്കുന്നത് ലുലു മാള്‍ അധികൃതർ തന്നെയാണ്.
Lulu Mall in Mankav, Kozhikode, is set to open next month in conjunction with Onam. NATPAC is conducting studies to address potential traffic congestion around the area.