ബാങ്ക് നിക്ഷേപങ്ങളേക്കാൾ മലയാളിക്ക് വിശ്വാസം ഇപ്പോൾ മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിലാണ്. മലയാളികളുടെ മൊത്തം നിക്ഷേപത്തിന്റെ 75 ശതമാനവും ഓഹരി ഫണ്ടുകളിൽ ആണെന്നതാണ് പുതിയ കണക്കുകൾ. അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ – ആംഫി – കണക്കുപ്രകാരം കഴിഞ്ഞമാസം ജൂലൈയിൽ കേരളത്തിൽ നിന്നുള്ള മൊത്തം മ്യൂച്വൽഫണ്ട് നിക്ഷേപ ആസ്തി 78,411.01 കോടി രൂപയിലെത്തി. ഇത് സർവകാല റെക്കോർഡാണ്. ഈ ഓഗസ്റ്റ് മാസത്തെ മൊത്തം നിക്ഷേപ ആസ്തി 80,000 കോടി രൂപ കടക്കുമെന്നാണ് വിലയിരുത്തൽ. സമ്പാദിക്കുന്ന പണം കൂടുതൽ നേട്ടം കിട്ടുന്ന മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കുകയെന്ന ട്രെൻഡിലാണ് മലയാളികൾ എന്ന് വ്യക്തമാക്കുകയാണ് ഔദ്യോഗിക കണക്കുകൾ.
10 വർഷം മുമ്പ് 2014 ൽ മ്യൂച്വൽഫണ്ടിലെ മൊത്തം മലയാളിനിക്ഷേപം 8,440 കോടി രൂപ മാത്രമായിരുന്നു. 2019 ജൂലൈയിലെ കണക്കുകൾ പ്രകാരം അത് 26,867 കോടി രൂപയായും ഉയർന്നു. 2023 ജൂലൈയിൽ കേരളത്തിൽ നിന്നുള്ള മൊത്തം മ്യൂച്വൽഫണ്ട് നിക്ഷേപമൂല്യം 52,104 കോടി രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്താൽ കഴിഞ്ഞ ഒരുവർഷത്തിനിടെ മ്യൂച്വൽഫണ്ടിലെ മൊത്തം മലയാളി നിക്ഷേപത്തിലെ വളർച്ച 50% വരും. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കണക്കനുസരിച്ച് 2024 മാർച്ചുവരെയുള്ള ഒരു വർഷക്കാലയളവിൽ കേരളത്തിലെ ബാങ്ക് നിക്ഷേപത്തിലെ വളർച്ച 15 ശതമാനത്തിലും താഴെയാണ്. 2024 ജനുവരിയിൽ മലയാളികളുടെ മ്യൂച്വൽഫണ്ട് നിക്ഷേപ ആസ്തി 61,708 കോടി രൂപയായിരുന്നു. ഓരോ മാസവും നിക്ഷേപം വൻതോതിൽ കൂടുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.
ഇതിൽ റിസർവ് ബാങ്കിന് ഏറെയും ആശങ്കയാണ്. ബാങ്കിൽ നിക്ഷേപമായി പണമെത്തിയാൽ അത് വായ്പകളായി വിതരണം ചെയ്യാം. ഇത് ബിസിനസ് സംരംഭങ്ങൾക്ക് ഉൾപ്പെടെ മൂലധന ആവശ്യത്തിന് വിതരണം ചെയ്യാം. എന്നാൽ വലിയതോതിൽ പണം ഇപ്പോൾ മ്യൂച്വൽഫണ്ടുകളിലേക്ക് ഒഴുക്കുന്നത് ഇതിനു തടസ്സമാകുമെന്ന ആശങ്കയാണ് റിസർവ് ബാങ്കിനുള്ളത്.
ഇന്ത്യൻ ഓഹരി വിപണിയുടെ സമീപകാലത്തെ റെക്കോർഡ് മുന്നേറ്റം യുവാക്കളെ അടക്കം ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിലേക്ക് ആകർഷിച്ചിട്ടുണ്ട്. മ്യൂച്വൽഫണ്ടിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ SIP വഴി ലളിതമായ നടപടിക്രമങ്ങളിലൂടെ നിക്ഷേപം നടത്താമെന്നതും മ്യൂച്വൽഫണ്ടുകളുടെ സ്വീകാര്യത കൂട്ടുന്നതാണ്.
Discover how Malayalis are increasingly turning to mutual fund investments, with assets reaching a record Rs 78,411 crore in July 2024. Explore the growing trend and its impact on traditional bank deposits.