ശിവ് നാടാർ എന്ന ബിസിനസ്സുകാരനെ അറിയാമോ? ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി സംരംഭങ്ങളിലൊന്നായ ഹിന്ദുസ്ഥാൻ കംപ്യൂട്ടേഴ്സ് ലിമിറ്റഡ് അഥവാ HCL-ന്റെ സ്ഥാപകൻ. അദ്ദേഹം അറിയപ്പെടുന്നത് ഇന്ത്യാ മഹാരാജ്യത്തിലെ ഏറ്റവും ഹൃദയലാളിത്യമുള്ള മനുഷ്യനായാണ്. 2042 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞവർഷം മാത്രം ചിലവഴിച്ചത്. അദ്ദേഹത്തിന്റെ ഭാഷയിൽ അത് ചിലവഴിക്കലല്ല, ഈ ഭൂമിയിലേക്ക് തന്നെ അയച്ചതിന് പ്രകൃതിയിലേക്കുള്ള തിരിച്ചടവ്
ഹാർഡ് വാർഡ് സർവ്വകലാശാലയിലെ ബിരുദമോ, സ്റ്റാൻഫോർഡിലെ PHD-യോ, IIT ഗ്രാജുവേറ്റോ ഒന്നുമല്ല ശിവ് നാടാർ. തമിഴ്നാട്ടിലെ തൂത്തുക്കുടിക്കടുത്തുള്ള തീരദേശ ഗ്രാമമായ മൂലൈപൊഴിയിലെ നിർദ്ധന കുടുംബത്തിൽ ജനിച്ച ഒരു മനുഷ്യൻ. അദ്ദേഹം വളരെ ചെറുതായിരുന്നപ്പോൾ പിതാവ് മരിച്ചു. പഠനം പോയിട്ട് വിശപ്പകറ്റാൻ ശക്തിയില്ലാതിരുന്ന ആ കുടുംബത്തിൽ ജനിച്ച ശിവ്നാടാറിന് വയറ് നിറച്ച് ഭക്ഷണം കഴിക്കുക എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ ലക്ഷ്വറി. കൃത്യമായി ഫീസിനും മറ്റും പണമില്ലാതിരുന്നതിനാൽ പല സ്ക്കൂളൂകൾ മാറി മാറി പഠിച്ചു.
സുഹൃത്തുക്കൾക്കൊപ്പം ജോലി വിട്ടു
പഠനത്തിൽ മിടുമിടുക്കനായിരുന്ന ശിവ് നാടാർ അങ്ങനെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദമെടുത്തു. 1970-കളാണ്, എഞ്ചിനീയറിംഗ് ബിരുദമുണ്ടെങ്കിൽ സർക്കാർ ജോലിയോ അല്ലെങ്കിൽ ഏതെങ്കിലും കോർപ്പറേറ്റ് സ്ഥാപനത്തിൽ മികച്ച ശമ്പളത്തോടെ ജോലിയോ കിട്ടുക പ്രയാസമുള്ള കാര്യമല്ല! അത്തരമൊരു ജോലിയായിരുന്നു അന്നത്തെ ഏറ്റവും ഭാഗ്യവാന് കിട്ടുക. ഒരു കോളേജിൽ അധ്യാപകനായി കരിയർ തുടങ്ങിയ ശിവ്നാടാർ ഡൽഹി ക്ലോത്ത് ആന്റ് ജനറൽ മില്ലിൽ ജോലിക്ക് കയറി. ശമ്പളവുമുണ്ട് മാന്യതയുമുണ്ട്. ശിവ് നാടാർ എന്ത് ചെയ്തെന്നോ, സുഹൃത്തുക്കളായ 7 പേരേയും കൊണ്ട് ജോലി ഉപേക്ഷിച്ച് ഒരു കംപ്യൂട്ടർ കമ്പനി തുടങ്ങി. ശരിക്കും ഒരു ഗാംബ്ലിംഗ്! കാരണം ശമ്പളത്തിൽ നിന്ന് മിച്ചം പിടിച്ച കാശ് മാത്രമേ കൈയ്യിലുള്ളൂ. 1976-ലാണ് HCL തുടങ്ങുമ്പോൾ ലോകത്ത് കംപ്യൂട്ടറുകളുടെ ഭാവി നിശ്ചിയിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. മൈക്രോസോഫ്റ്റ് അവരുടെ ബേസിക് (BASIC) ലാംഗ്വേജ് പ്രോഗ്രാം ലോഞ്ച് ചെയ്തിട്ടേയുള്ളൂ. ആപ്പിളാകട്ടെ ആദ്യത്തെ ഡെസ്ക്ക്ടോപ് കംപ്യൂട്ടർ, മക്കിന്റോഷ് (Macintosh) പുറത്തിറക്കിയിട്ട് ഒരു വർഷം ആയിട്ടില്ല.
അപ്പോഴാണ് ഈ തൂത്തുക്കുടിക്കാരന് കംപ്യൂട്ടർ ഉണ്ടാക്കാൻ തോന്നിയത്. പലരും വിലക്കി, കാരണം ഒരു സംരംഭത്തിലേക്ക് ചാടാവുന്ന സാമ്പത്തിക സാഹചര്യമല്ല ശിവ് നാടാർക്ക് എന്ന് അവർക്കറിയാമായിരുന്നു. പക്ഷെ മറ്റൊരു അനുകൂല സാഹചര്യം ഒരുത്തിരിയുന്നുണ്ടായിരുന്നു. 1970കളുടെ മധ്യത്തോടയൊണ് വിദേശ കംപ്യൂട്ടർ ബ്രാൻഡായ IBM-നെ കേന്ദ്രം രാജ്യത്ത് നിന്ന് പുറത്താക്കുന്നത്. ഈ പൊളിറ്റിക്കൽ സാഹചര്യം ഒരു സ്വദേശി ബ്രാൻഡിന് വളരാൻ നല്ലതാണെന്ന് ശിവ്- ന് അറിയാമായിരുന്നു. അങ്ങനെ 1977-ൽ 8 ബിറ്റ് പ്രൊസസറോടെ ആദ്യ കംപ്യൂട്ടർ പുറത്തിറക്കി. ഇന്ത്യയുടെ സ്വന്തം കംപ്യൂട്ടർ. 1983 ആകുമ്പോഴേക്ക് ഹാർഡ് വെയർ മാത്രമല്ല, സോഫ്റ്റ് വെയറിലും HCL കൈവെച്ചു. ഇന്ത്യയുടെ ആദ്യ ഡാറ്റ ബേയ്സ് മാനേജ്മെന്റ് സിസ്റ്റം HCL യാഥാർത്ഥ്യമാക്കി. 1990-കളോടെ കംപ്യൂട്ടറുകളാണ് ജീവിതത്തിന്റെ സമസ്ത മേഖലകളേയും ഭരിക്കാൻ പോകുന്നത് എന്ന് ലോകത്തിന് മനസ്സിലാകുമ്പോഴേക്ക് HCL അവരുടെ സാനിധ്യം ഇന്ത്യയിലും ലോകമാകെയും വിളംബരം ചെയ്ത് കഴിഞ്ഞിരുന്നു. വരുമാനത്തിലും ബ്രാൻഡിലും കുതിച്ചുകയറുന്ന കമ്പനിയായി HCL!
വരണ്ട വഴിയും വിശന്ന് വലഞ്ഞ വയറും
ചെറുതോ വലുതോ ആയ ഏതൊരു ബിസിനസ്സിനേയും നിയന്ത്രിക്കുന്ന സംരംഭകർ ലക്ഷ്യമിടുന്നത് സമൂഹത്തിലെ സ്ഥാനവും സാമ്പത്തിക ഉന്നതിയുമാണ്. ബിസിനസ്സ് കൊണ്ടുനടക്കാൻ പണം അടിസ്ഥാന ഘടകമായത് കൊണ്ട് തന്നെ സംരംഭത്തിലേക്കിറങ്ങുന്നവർ സ്വാഭാവികമായും കറങ്ങുന്നത് സമ്പത്തിന് ചുറ്റുമായിരിക്കും. ചിലർ സമ്പാദിച്ചുകൊണ്ട്, മറ്റുചിലർ സമ്പാദിക്കണം എന്നുള്ള ആഗ്രഹം കൊണ്ടും. അതുകൊണ്ട് തന്നെ ഇല്ലായ്മയിൽ നിന്ന് വളർന്ന് വലുതായി, പണം ആവശ്യത്തിനും ആവശ്യത്തിലധികവും കൈയ്യിൽ വന്ന് ചേരുമ്പോൾ പലരും ഇല്ലാത്ത കാലത്തെ വല്ലായ്മ മറക്കും. എന്നാൽ ചിലരുണ്ട് നടന്നുവന്ന വരണ്ട വഴിയും വിശന്ന് വലഞ്ഞ വയറും വിചാരമണ്ഡലത്തിൽ വാടാതെ വരഞ്ഞിടും, ശിവ് നാടാറിനെപ്പോലെ!
നമ്പർ വൺ ആകാൻ ശിവ് നാടാർക്കേ കഴിയൂ
HCL സ്ഥാപിച്ചിട്ട് അരനൂറ്റാണ്ടിനോട് അടുക്കുകയാണ്. നാലര ലക്ഷം കോടിക്ക് മുകളിലാണ് കമ്പനിയുടെ മൂല്യം. വ്യക്തിഗത ആസ്തി ആകട്ടെ ലക്ഷം കോടിയും! കോടികളുടെ ഈ സാമ്രാജ്യത്തിന് മുകളിലിരുന്ന് ശിവ് നാടാർ എന്താണ് ചെയ്യുന്നതെന്നോ, അടിസ്ഥാനപരമായി, ജീവിക്കാൻവേണ്ട സാഹചര്യങ്ങളില്ലാത്തവർക്ക് അതിനുള്ള ഇടം ഒരുക്കുന്നു. അതിനായി കഴിഞ്ഞ വർഷം ചിലഴിച്ചതാണ് 2042 കോടി രൂപ, അതായത് ഒരു ദിവസം ശരാശരി 5 കോടിക്ക് മുകളിൽ ജീവകാരുണ്യ പ്രവർത്തനത്തിനായി മാത്രം അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് ചിലവഴിക്കപ്പെടുന്നു. ശിവ്നാടാറെക്കാൾ വരുമാനമുള്ള, മാർക്കറ്റ് മൂല്യമുള്ള മറ്റ് സ്ഥാപനങ്ങളും വ്യക്തികളുമുണ്ട്. പണക്കാരന്റെ പട്ടികയിൽ നാലോ അഞ്ചോ സ്ഥാനക്കാരനാണ് അദ്ദേഹം. പക്ഷെ മനുഷ്യസ്നേഹത്തിലും കരുണയിലും നമ്പർ വൺ ആകാൻ ശിവ് നാടാർക്കേ കഴിയൂ.
പരസ്പരം മത്സരിക്കുന്ന കോടീശ്വരന്മാർ
കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി-യുടെ ഭാഗമായി സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന തുക ചിലവഴിച്ച് കൈകഴുകുന്ന കോടീശ്വരന്മാർക്കിടയിലാണ് ശിവ്നാടാർ നിയമപരമായി ചെയ്യേണ്ടതിന്റെ എത്രയോ നൂറ് മടങ്ങ് മനുഷ്യകാരുണ്യ പ്രവർത്തികൾക്കായി ചിലവിടുന്നത്. നേടുന്നതിനേക്കാൾ കൊടുക്കണം എന്ന പരമമായ സ്നേഹമന്ത്രം ആ മനുഷ്യനെ നയിക്കുന്നത് കൊണ്ടാകാം, അദ്ദേഹത്തിന്റെ മകൾ പിതാവിനേക്കാൾ വലിയ വ്യക്തിത്വമായത്. റോഷിനി നാടാർ! ലോകത്തെ ഏറ്റവും ശക്തയായ, ധനികയായ, ആദരിക്കപ്പെടുന്ന നൂറ് വനിതകളിലൊരാൾ!
ഇന്ന് HCL ടെക്നോളജീസിന്റെ ചെയർപേഴ്സൻ. ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതകളിൽ ഒന്നാം സ്ഥാനം. കിട്ടിയതെല്ലാം കെട്ടിപ്പിടിച്ച് വെയ്ക്കാതെ കാരുണ്യം കാത്തിരിക്കുന്നവർക്ക് കൊടുക്കാനും കൊടുത്തതിന് കണക്ക് പറയാതിരിക്കാനും കഴിഞ്ഞാൽ കാലം കലവറയില്ലാതെ കാത്ത് വെക്കും, അത് കേവലം പണമോ, സമ്പത്തോ ആയിട്ട് മാത്രമാകില്ല, നമുടെ ഏറ്റവും പ്രിയപ്പെട്ടവർക്കുള്ള മനസ്സമാധാനവും ആദരവുമായി. അതുകൊണ്ടാണ് ശിവ് നാടാറിനെപ്പോലെ അസിംപ്രേംജിയെപ്പോലുള്ളവർ കൊടുക്കാൻ മത്സരിക്കുന്നത്. അതേ, മനുഷ്യസ്നേഹത്തിൽ രാജ്യത്ത് പരസ്പരം മത്സരിക്കുന്ന കോടീശ്വരന്മാർ ശിവ് നാടാറും അസിം പ്രേജിയുമാണ്. ഓരോ വർഷവും അവർ സ്നേഹകർമ്മങ്ങൾക്കും ദാനകർമ്മങ്ങൾക്കും ചിലവഴിക്കുന്ന പണത്തിന്റെ തോത് കൂട്ടിക്കൊണ്ടിരിക്കുന്നു. 2020-ൽ അസിംപ്രേംജിയുടെ വാർഷിക ദാനധർമ്മത്തിന്റെ തുകയെടുത്താൽ അത് ദിവസം 22 കോടിയോളമായിരുന്നു.
തളർന്നവർക്ക് തണലാകാൻ
മറ്റുള്ളവർ ഭൗതികമായ ആർഭാടത്തിനായി കോടികൾ ചിലവിടുമ്പോൾ ഇവർ ആത്മീയമായ ഔന്നത്യത്തിനായി സ്വയം ആർജ്ജിച്ച ധനം സന്തോഷത്തോടെ ചിലവിടുന്നു. കാരണമെന്തെന്നോ? ബിസിനസ്സിനപ്പുറം ചിന്തിക്കുന്ന ചിലരുണ്ടായിരുന്നത് കൊണ്ടാണ് തൂത്തുക്കുടിക്കടുത്തുള്ള തീരദേശ ഗ്രാമമായ മൂലൈപൊഴിയിലെ ആ ദരിദ്ര ബാലൻ എഞ്ചിനീയറിംഗ് ബിരുദധാരിയായത്, ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ശിവ് നാടാറായത്! അതെ ആരുടെഒക്കെയോ കരുണയും ആർദ്രതയും കൊണ്ട് വിശപ്പകറ്റിയും വിദ്യാഭ്യാസം നേടിയും മുന്നോട്ട് പോയപ്പോൾ ഓർമ്മയിൽ കുറിച്ചിട്ടതാണ് അയാൾ, താൻ തളിർക്കുന്നത് തനിക്ക് താങ്ങാകാനല്ല, തളർന്നവർക്ക് തണലാകാൻ വേണ്ടിയാകുമെന്ന്.
ഭാഗ്യവാനായ ശിവ് നാടാർ!
അദ്ദേഹം പറയുന്നു, ഇപ്പോഴും എപ്പോഴും ഞാൻ ശിവ് നാടാരായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്, മറ്റുള്ളവർ സഹായിക്കാൻ ഒരു അവസരം കിട്ടിയ ഭാഗ്യവാനായ ശിവ് നാടാർ! വേണമെങ്കിൽ അവസാനം പറയാം, അയാൾ HCL-ന്റെ ഫൗണ്ടറായിരുന്നുവെന്ന്. ലക്ഷം കോടി ആസ്തിയുള്ളയാൾ, ഇന്ത്യയുടെ ആദ്യ കംപ്യൂട്ടർ ഉണ്ടാക്കിയ വ്യക്തി, 4 ലക്ഷം കോടിക്ക് മുകളിൽ ആസ്തിയുള്ള കമ്പനിയുടെ സ്ഥാപകൻ.. ഈ ടൈറ്റിലുകളൊന്നും കിരീടമായി കൊണ്ടുനടക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ചെയ്യാനുള്ളത് ചെയ്ത് സ്വസ്ഥമായി ബഹളത്തിൽ നിന്ന് ഓരം മാറി നിൽക്കുന്നു! ഒരു സാക്ഷിയെപ്പോലെ!
Discover the remarkable journey of Shiv Nadar, founder of HCL, who has dedicated his fortune to philanthropy. From humble beginnings in a coastal village to becoming a leading industrialist, Nadar’s story is a testament to compassion and generosity.
മുന്നറിയിപ്പ് എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.