വർഷങ്ങളുടെ കഠിനാധ്വാനവും തളർച്ചകളിൽ പതറാത്ത മനസും പോരാട്ടവീര്യവുമൊക്കെയാണ് പലപ്പോഴും വിജയത്തിലേക്കുള്ള വഴി തുറക്കുന്നത്. ബിസിനസ്സിലെ തിരിച്ചടികൾ സംരംഭകരെ സംബന്ധിച്ച് നിരാശാജനകവും തോൽവിയിലേക്ക് നയിക്കുന്നവയുമാണ്. എങ്കിലും, ഈ പരാജയങ്ങളിൽ നിന്ന് പുതിയ പാഠങ്ങൾ പഠിക്കുകയും അനുഭവങ്ങളെ മുന്നോട്ടുള്ള വഴി തെളിയിക്കാനുള്ള ഊർജ്ജമാവും ഉപയോഗിക്കുന്ന ചില വ്യക്തികളുണ്ട്. വീബയുടെ സ്ഥാപകനായ വിരാജ് ഭാലിൻറെ കഥയും ഇതുപോലെ തന്നെയാണ്. തൻ്റെ സംരംഭകത്വ യാത്രയിൽ വലിയ തിരിച്ചടി നേരിട്ടപ്പോൾ, തോറ്റുകൊടുക്കാൻ അദ്ദേഹം വിസമ്മതിക്കുകയും പരാജയങ്ങളിൽ നിന്ന് കരകയറുകയും ജീവിതത്തിലും ബിസിനസിലും ഒരുപോലെ വിജയിക്കുകയും ചെയ്തു ഈ മനുഷ്യൻ.
2002-ൽ കുടുംബ ബിസിനസായിരുന്ന ഫൺ ഫുഡ്സിൽ ആണ് അദ്ദേഹം തന്റെ സംരംഭകത്വ യാത്ര ആരംഭിച്ചത്. ഇതൊരു ഭക്ഷ്യ സംസ്കരണ ബിസിനസായിരുന്നു. ഏകദേശം ആറ് വർഷത്തെ മികച്ച വിജയത്തിനു ശേഷം വിരാജും, പിതാവ് രാജീവ് ബഹലും ചേർന്ന് 2008 -ൽ 110 കോടി രൂപയ്ക്ക് ഫൺ ഫുഡ്സ് ജർമ്മനിയിലെ ഡോ ഓറ്റ്കറിന് വിറ്റു.
തുടർന്ന് 2009 -ൽ വിരാജ് റസ്റ്റോറന്റ് ബിസിനസിലേയ്ക്കു കടന്നു. എന്നാൽ ഇതൊരു തെറ്റായ തീരുമാനമായിരുന്നു എന്ന് അധികം വൈകാതെ തന്നെ വിരാജിന് മനസിലായി. 2013 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ റസ്റ്റോറന്റ് ബിസിനസ് കനത്ത വെല്ലുവിളികൾ നേരിട്ട് തുടങ്ങി. തുടർന്ന് അദ്ദേഹം കടുത്ത സാമ്പത്തിക ബാധ്യത നേരിടേണ്ടി വന്നു. സാമ്പത്തിക ബാധ്യതകൾ കാരണം ഈ സമയത്ത് അദ്ദേഹത്തിന് സ്വന്തം വീടു വരെ വിൽക്കേണ്ടി വന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
വീട് വിറ്റ് വീണ്ടും അദ്ദേഹം ഭക്ഷ്യസംസ്കരണ ബിസിനസിലേയ്ക്ക് മടങ്ങി പോയി. 2013 -ൽ തുടങ്ങിയ അദ്ദേഹത്തിന്റെ പുതിയ ആശയം ആയിരുന്നു വീബ. ബി 2 ബി വിൽപ്പനയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അദ്ദേഹം പിന്നീട് മുന്നേറുകയായിരുന്നു. സോസുകളുടെയും, സുഗന്ധവ്യഞ്ജനങ്ങളുടെയും ബിസിനസ് ലോകം അദ്ദേഹം കെട്ടിപ്പടുത്തു. ആദ്യത്തെ ആറ് മാസത്തിനുള്ളിൽ തന്നെ വീബ എന്ന തന്റെ ബ്രാൻഡിനായി ഒരു ഫാക്ടറി സ്ഥാപിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ഡിമാൻഡ് വർധിപ്പിക്കാനും, ബിസിനസ് വളർത്താനും അദ്ദേഹം ഡിഎസ്ജി കൺസ്യൂമർ പാർട്ണേഴ്സിന്റെ ദീപക് ഷഹ്ദാദ്പുരിയിൽ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. മുൻനിര ഫാസ്റ്റ് ഫുഡ് ശൃംഖലകളിൽ നിന്ന് വലിയ ഓർഡറുകൾ ലഭിച്ചതോടെ വീബയുടെ നല്ലകാലം തുടങ്ങുകയായി.
നിലവിൽ വീബയുടെ വരുമാനത്തിന്റെ 8% B2B -യിൽ നിന്നാണ്. വീബയുടെ പ്രധാന ക്ലയന്റുകളിൽ Domino’s, Burger King, Pizza Hut, KFC എന്നിവർ ഉൾപ്പെടുന്നു. വരുമാനത്തിന്റെ 92 ശതമാനവും ചില്ലറവിൽപ്പനയിൽ നിന്നാണ്. ഇന്നു ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളിൽ ഒന്നാണ് വീബ. പ്രമുഖ വ്യഞ്ജന, സോസ് ബ്രാൻഡായി വീബ വളർന്നു. 300 -ലധികം എസ് കെ യു ആണ് വീബയ്ക്ക് ഉള്ളത്. കൂടാതെ രാജ്യത്തെ 700 -ലധികം നഗരങ്ങളിൽ വിപുലമായ വിതരണ ശൃംഖലയും വീബയ്ക്ക് സ്വന്തമാണ്. ഇന്ത്യയ്ക്കു പുറമേ ഓസ്ട്രേലിയ, സിംഗപ്പൂർ, ചൈന, യുഎസ്എ എന്നിവയുൾപ്പെടെയുള്ള കയറ്റുമതി വിപണിയിലേക്കും വീബ കടന്നു കഴിഞ്ഞു. ഫോർബ്സ് റിപ്പോർട്ട് പ്രകാരം, 2023 സാമ്പത്തിക വർഷത്തിൽ വീബയുടെ വരുമാനം ഏകദേശം 811 കോടി രൂപയാണ്. കൂടാതെ നഷ്ട 0.5 കോടിയായി കുറഞ്ഞു.
Discover how Viraj Bahl transformed setbacks into success, from selling his family business Fun Foods to founding Veeba, a leading condiment manufacturer with over ₹800 crore in revenue.