സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള  പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ട് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ കെ-ഷോപ്പി  ഇ-കോമേഴ്‌സ് പോര്‍ട്ടലിന് തുടക്കമായി. കെല്‍ട്രോണിന്റെ സഹായത്തോടെ ബിപിടി (ബോര്‍ഡ് ഫോര്‍ പബ്‌ളിക് സെക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍)യുടെ മേല്‍നോട്ടത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്.  ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ ദൃശ്യപരതയും ബ്രാന്‍ഡ് മൂല്യവും വര്‍ദ്ധിപ്പിക്കാനാണ് Kshoppe.in വഴി സർക്കാർ ഉന്നം വെയ്ക്കുന്നത്.  

പരമ്പരാഗത ഉത്പന്നങ്ങളുടെ വില്‍പ്പന  പ്രാദേശിക വിപണികള്‍ക്കപ്പുറത്തേക്ക് എത്തിക്കുകയാണ് പോര്‍ട്ടലിന്റെ ലക്ഷ്യം. കേരളത്തിലെ പൊതുമേഖലയുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ പ്രചാരം ലഭിക്കുന്നതിനും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും അതിലൂടെ അര്‍ഹമായ നേട്ടങ്ങള്‍ അവയ്ക്ക് ലഭിക്കുന്നതിനും ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സഹായകമാകുമെന്ന് സർക്കാർ വിശദീകരിക്കുന്നു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മുന്നോട്ടു വെച്ച ആശയം, വ്യവസായ വകുപ്പ്, ബോര്‍ഡ് ഓഫ് പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫര്‍മേഷന്‍ (ബിപിടി) എന്നിവയുടെ നേതൃത്വത്തിലാണ് യാഥാര്‍ഥ്യമാക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായുള്ള ഒരു ഏകീകൃത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സൃഷ്ടിച്ച്, ഉല്‍പ്പന്നങ്ങളെ എല്ലാം ഒരൊറ്റ സര്‍ക്കാര്‍ ബ്രാന്‍ഡിന് കീഴില്‍ ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം.

കെല്‍ട്രോണിന്റെ ഐടി ബിസിനസ് ഗ്രൂപ്പ്- സോഫ്റ്റ് വെയര്‍ വിഭാഗം വെബ് ആപ്ലിക്കേഷനും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചെടുത്തു. നിലവില്‍ 19 പൊതുമേഖലാ സ്ഥാപനങ്ങളുടെ 350  ഉല്‍പ്പന്നങ്ങള്‍ kshoppe.in പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി സെര്‍ട്ട്-ഇന്‍ എംപാനല്‍ഡ് ഏജന്‍സി മുഖേന പോര്‍ട്ടല്‍ കര്‍ശനമായി ഓഡിറ്റ് ചെയ്തിട്ടുണ്ട്. kshoppe.in പോര്‍ട്ടലിന്റെ പെയ്‌മെന്റ് ഗേറ്റ് വേ സേവനം പഞ്ചാബ് നാഷണല്‍ ബാങ്ക് ആണ് നിര്‍വഹിക്കുന്നത്. ഇന്ത്യാ പോസ്റ്റ് ആണ് ലോജിസ്റ്റിക്സ് ആന്‍ഡ് ഡെലിവറി പങ്കാളിയായി പ്രവര്‍ത്തിക്കുന്നത്. പോര്‍ട്ടലിന്റെ സുഗമമായ പ്രവര്‍ത്തനവും വികസനവും മെയിന്റനന്‍സും കെല്‍ട്രോണ്‍ ഉറപ്പാക്കും.

കേരളത്തിന്റെ തനതായ ഉല്‍പന്നങ്ങളുടെ വിപണനവും വില്‍പനയും ആഗോളതലത്തിലും രാജ്യത്തുടനീളവും kshoppe.in പോര്‍ട്ടലിലൂടെ വാഗ്ദാനം ചെയ്യുകയാണ്. kshoppe.in കേരളത്തിന്റെ ഇ-കൊമേഴ്‌സ് മേഖലയുടെ ചലനാത്മകവും അവിഭാജ്യവുമായ ഘടകമായി മാറുന്ന രീതിയിലാണ്  സംരംഭം വിഭാവനം ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഭാവിയില്‍, പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഉല്‍പ്പന്ന ശ്രേണി വിപുലീകരിക്കുകയും, നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങള്‍, വ്യക്തിഗതമായ ഷോപ്പിംഗ് അനുഭവങ്ങള്‍, അനലിറ്റിക്‌സ് അടിസ്ഥാനമാക്കിയുള്ള വിപണന സേവനങ്ങള്‍ തുടങ്ങിയവ സംയോജിപ്പിച്ച് കേരളത്തിന്റെ മികച്ച ഇ കൊമേഴ്‌സ് പോര്‍ട്ടലായി kshoppe.in വികസിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

K-Shopee, an e-commerce portal launched by the Kerala Industries Department, aims to market products from State Government PSUs globally. Developed under BPT’s supervision with Keltron’s assistance, the platform seeks to enhance the visibility and brand value of Kerala’s traditional products using digital technology.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version