സംരംഭങ്ങളെ മുടക്കുന്ന വില്ലൻ വേഷം ഉപേക്ഷിച്ചു തദ്ദേശ വകുപ്പ് , സംരംഭങ്ങളെ ഇതിലേ… എന്ന് വ്യവസായ വകുപ്പ് . ഇതോടെ സംരംഭങ്ങളെ ആരംഭത്തിൽ തന്നെ വഴിമുടക്കിയിരുന്ന തദ്ദേശ ചട്ടങ്ങളും ഭേദഗതികളും വഴിമാറികൊടുത്തു. വീട്ടിലൊരു സംരംഭം പദ്ധതി പ്രകാരം ഒരു വീട്ടിലെ അമ്പതു ശതമാനം ഇടവും സംരംഭത്തിനായി ഉപയോഗിക്കാമെന്ന ചരിത്രപരമായ ഭേദഗതിയാണ് തദ്ദേശ വകുപ്പ് കൊണ്ട് വന്നത്. സംരംഭക കേരളം അത് രണ്ടു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു . ഇതോടെ കേരളത്തിലെ വീട്ടമ്മമാർക്കും വീട്ടിലെ സംരംഭം ഉപജീവനമാർഗമായി മാറി. തദ്ദേശ വകുപ്പും വ്യവസായ വകുപ്പും കൈകോർത്താൽ വ്യവസായ സംരംഭ കേരളമെന്ന സുന്ദര സ്വപ്നം യാഥാർഥ്യമാക്കാമെന്നു തെളിഞ്ഞതായി വിലയിരുത്തുകയാണ് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷും.
തദ്ദേശ സ്വയംഭരണ വകുപ്പിൽ കൊണ്ടുവന്ന മാറ്റങ്ങൾ കൊണ്ടുകൂടിയാണ് കേരളം പൂർണമായും നിക്ഷേപസൗഹൃദമായി മാറിയത്. ഇങ്ങനെ കേരളത്തിലെ വ്യവസായ മേഖലയിൽ ഉണ്ടായ ആകർഷകമായ മാറ്റങ്ങളും വ്യവസായ ലൈസൻസിങ്ങ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തദ്ദേശ വകുപ്പ് കൊണ്ടുവന്ന മാറ്റങ്ങളുമൊക്കെ ജനങ്ങളോട് പങ്കുവെക്കാനുള്ള അവസരമായിട്ടാണ് ഈ കൂടിക്കാഴ്ചയെ ഞങ്ങൾ കാണുന്നത്.
വീട്ടിലെ സംരംഭം പദ്ധതി വഴി സർക്കാർ സബ്സിഡി നൽകിയപ്പോൾ വീട്ടമ്മമ്മാർക്ക് വായ്‌പയും ഒപ്പം വരുമാനവും ലഭിച്ചു തുടങ്ങിയെന്നാണ് തദ്ദേശമന്ത്രി എം ബി രാജേഷ് വ്യക്തമാക്കിയത്. വീടുകൾ ഇപ്പോൾ ഒരു വരുമാന മാർഗമായി മാറുകയാണ് . അടച്ചിട്ട വീടുകൾക്കുള്ള നികുതി വലിയൊരു വിപ്ലവമാണുണ്ടാക്കിയത്. 18 ലക്ഷം വീടുകളാണ് കേരളത്തിൽ അടച്ചിട്ടിരിക്കുന്നത്. ആൾ താമസമില്ലാതെ വീടാണെങ്കിൽ നൂറു ശതമാനവും സംരംഭങ്ങൾക്കുപയോഗിക്കാം എന്ന തരത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്തത് വലിയൊരു വിപ്ലവമായി മാറും. ലൈസെൻസ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഇപ്പോൾ അനായാസമായി .നേരത്തെ സംരംഭങ്ങൾക്കു ലൈസെൻസ് നൽകുന്നതിന് ആവശ്യമായിരുന്ന നിരവധി രേഖകൾ വെട്ടിക്കുറച്ചു. വൈറ്റ്, ഗ്രീൻ ക്യാറ്റഗറിക്കും, ഇൻഡസ്ട്രിയൽ പാർക്കിൽ ഉള്ളവക്കും ലൈസെൻസ് വേണ്ട. പ്രധാനമായും ആവശ്യം പൊലൂഷൻ കണ്ട്രോൾ ബോർഡിൻറെ ലൈസെൻസ് ആണെന്നും മന്ത്രി എം ബി രാജേഷ് വിശദീകരിച്ചു.
കേരളത്തിൽ വീടുകളിൽ അച്ചാർ, ഭക്ഷണ ഉത്പന്നങ്ങൾ എന്നിവക്കപ്പുറത്തേക്ക് ഉപകരണങ്ങളും, യന്ത്രവൽകൃത സംരംഭങ്ങളുമായി ചൈന മാതൃകയിൽ സംരംഭ വിപ്ലവം മുന്നോട്ടു പോകുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. സംരംഭകൻ മരണപ്പെടുകയോ മറ്റോ ചെയ്താൽ ലൈസൻസ് ആ കുടുംബത്തിന് കൈമാറുന്ന നടപടിക്രമങ്ങൾ ലഘൂകരിക്കാൻ റവന്യു വകുപ് മുൻകൈയെടുത്തിട്ടുണ്ടെന്നും അത് നല്ലൊരു നടപടിയാണെന്നും പി രാജീവ് പറഞ്ഞു.
ഇത്തരം വ്യവസ്ഥകൾ ലഘൂകരിക്കുന്നതിനുള്ള പഞ്ചായത്ത് ചട്ടങ്ങളും ഉടൻ ഗസറ്റിലൂടെ ഉത്തരവാകുമെന്നു മന്ത്രി എം ബി രാജേഷ് പറഞ്ഞു . ഇതിലൂടെ സംരംഭക ലൈസൻസ് മറ്റൊരു ഉടമയിലേക്കു കൈമാറാനും സാധിക്കും . ഒരേ കെട്ടിടത്തിൽ ഒന്നിൽ കൂടുതൽ സംരംഭങ്ങൾക്ക് ഇപ്പോൾ ലൈസൻസ് കൊടുക്കുന്നുണ്ട് .ഇന്ന് ലൈസൻസ് പുതുക്കാൻ അപേക്ഷയൊന്നും കൊടുത്തു കാത്തിരിക്കേണ്ട. സംരംഭകൻ സ്വയം സാക്ഷ്യപ്പെടുത്തി ഫീസടച്ചാൽ ഇന്ന് അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകും.
ഇതിന്റെ തുടർച്ചയായി ഒരു മാസത്തിനകം നൂറിലേറെ കെട്ടിട നിർമാണ ചട്ടങ്ങളും ഭേദഗതി ചെയ്യും. അദാലത്തുകളിൽ ഉയർന്നു വന്ന നിർദേശങ്ങൾ കണക്കിലെടുത്താണീ നീക്കം.
വലിയ ലോജിസ്റ്റിക്സ് പാർക്കുകൾക്കു പ്രവർത്തനം തുടങ്ങുമ്പോൾ നേരിടേണ്ടി വരുന്ന തദ്ദേശ റവന്യു വ്യവസായ വകുപ്പുകളുടെ ചട്ടങ്ങൾ ലഘൂകരിക്കാൻ ഉദ്യോഗസ്ഥർ തമ്മിലുള്ള ആശയവിനിമയം കൂടുതൽ എളുപ്പത്തിലാക്കണമെന്നു നിർദേശം നല്കിയതിട്ടുണ്ടെന്നു പി രാജീവിന്റെ ചോദ്യത്തിന് മറുപടിയായി എം ബി രാജേഷ്പറഞ്ഞു. ഇപ്പോളും കെ സ്മാർട്ട് സംവിധാനങ്ങൾ പരിഗണിക്കാതെ വെള്ളക്കടലാസിൽ അപേക്ഷ വാങ്ങി വയ്ക്കുന്ന ഉദ്യോഗസ്ഥരുണ്ട് തദ്ദേശ വകുപ്പിൽ. അതിൽ ശക്തമായി ഇടപെട്ടു കഴിഞ്ഞു. അതിനും മാറ്റമുണ്ടാക്കിയിട്ടുണ്ട് എന്നും എം ബി രാജേഷ് മറുപടി നൽകി .
ministers p rajeev and m.b. rajesh credit local body reforms (allowing 50% home space for ventures) for kerala’s startup boom and easier license renewals.