“ഞാന്‍ ചെയ്തതെല്ലാം മടുപ്പില്ലാതെ കണ്ടിരുന്ന എന്റെ പ്രിയപ്പെട്ട മലയാളികള്‍… ഇതുതന്നെയാണോ എന്റെ തൊഴില്‍ എന്നാലോചിക്കുമ്പോഴെല്ലാം ‘ലാലേട്ടാ’ എന്ന് സ്‌നേഹത്തോടെ എന്നെ വിളിച്ചുണര്‍ത്തിയവര്‍. ഇപ്പോഴും ഞാനാ മഹാനദിയുടെ പ്രവാഹത്തിലാണ്. മുങ്ങിപ്പോകുമ്പോഴെല്ലാം ആരൊക്കെയോ പിടിച്ചുയര്‍ത്തുന്നു. ഇനിയും ഒഴുകൂ എന്നു പറയുന്നു. നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂ…”ഇതാണ് ഇന്ത്യയുടെ അഭിനയ ചക്രവർത്തി മോഹൻലാൽ.
ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ ഭരത് മോഹന്‍ലാലിന് ആദരമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മലയാളം വാനോളം ലാല്‍സലാം എന്ന പരിപാടിയിലാണ് മലയാളത്തിന്റെ മഹാനടന് കേരളം ആദരമര്‍പ്പിച്ചത്. മോഹന്‍ലാലിനെ മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ഡല്‍ഹിയില്‍ വെച്ച് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷത്തേക്കാള്‍ ഏറെ വൈകാരികമായാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്ന് ആദരം ഏറ്റുവാങ്ങിക്കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാല്‍ മലയാളത്തിന്റെ ഇതിഹാസതാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള നേട്ടമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ സുവര്‍ണ നേട്ടമാണിത്. ശതാബ്ദിയോട് അടുക്കുന്ന മലയാള സിനിമയില്‍ അര നൂറ്റാണ്ടായി മോഹന്‍ലാലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയല്പക്കത്തെ ഒരാളായി മോഹന്‍ലാലിനെ മലയാളികള്‍ കാണുന്നു. സ്‌ക്രീനിലും പുറത്തും ആ ആദരവ് മോഹന്‍ലാലിന് നല്‍കുന്നു. വഴക്കമേറിയ ശരീരമാണ് മോഹന്‍ലാലിന്റേതെന്നും അസാമാന്യ മെയ്വഴക്കം ഉള്ള ആളാണ് മോഹന്‍ലാലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ സിനിമയിലെ പിതാവായ ദാദ സാഹേബ് പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ സമര്‍പ്പിത ജീവിതം തന്റെ മനസിലൂടെ കടന്ന് പോയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘’എനിക്ക് അനായാസമാണ് അഭിനയം എന്ന് പലരും പറയുന്നു. എനിക്ക് അഭിനയം അനായാസം അല്ല. ദൈവമേ എന്ന് വിളിച്ചു കൊണ്ട് മാത്രമേ ഒരു കഥാപാത്രത്തില്‍ നിന്നും മറ്റൊരു കഥാപാത്രത്തിലേക്ക് മാറുന്നത്’’- മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഈ സ്വീകരണത്തെ കേരളത്തിന്റെ സ്വീകരണമായി ഞാന്‍ കണക്കാക്കുന്നു. തിരുവനന്തപുരത്തിന്റെ സ്വീകരണമായി ഹൃദയത്തിലേക്ക് ചേര്‍ത്തുവെക്കുന്നു. വിടപറഞ്ഞുപോയ എന്റെ അച്ഛനെയും ജ്യേഷ്ഠനെയും ഞാന്‍ ഈ നിമിഷം മനസ്സാ സ്മരിക്കുന്നു. ഇപ്പോഴും എനിക്കൊപ്പമുള്ള, ഈ നഗരത്തെ അത്യധികം സ്‌നേഹിക്കുന്ന അമ്മയെയും എന്നുമെന്റെ താങ്ങും തണലുമായിരുന്ന എന്റെ കുടുംബത്തെയും ഞാനോര്‍ക്കുന്നു. മോഹൻലാൽ പറഞ്ഞു വച്ചു.
”ഇത് ഞാന്‍ ജനിച്ചുവളര്‍ന്ന് കൗമാരവും യൗവനവും ചെലവഴിച്ച മണ്ണാണ്. എന്റെ അമ്മയും അച്ഛനും ജ്യേഷ്ഠനും ജീവിച്ച ഇടമാണ്. ജീവിതത്തിന്റെ സങ്കീര്‍ണതകളൊന്നുമറിയാതെ അവര്‍ക്കൊപ്പം ഞാന്‍ പാര്‍ത്ത നാടാണ്. ഇവിടത്തെ കാറ്റും മരങ്ങളും വഴികളും പഴയ പലകെട്ടിടങ്ങളും എന്റെ ഓര്‍മകളുടെയും ആത്മാവിന്റെയും ഭാഗമാണ്. എനിക്ക് ഈ സ്വീകരണം നല്‍കുന്നത് ഈന്നീ കാണുന്ന എന്നെ ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരുമാണ്. ഇക്കാര്യങ്ങള്‍ കൊണ്ടെല്ലാം ഞാനനുഭവിക്കുന്ന ആ വൈകാരിക ഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷിക്ക് സാധിക്കുന്നില്ല. 48 വര്‍ഷങ്ങളുടെ ദീര്‍ഘമായ നടപ്പാതയിലേക്ക് തിരിഞ്ഞുനോക്കുകയായിരുന്നു ഞാന്‍. സിനിമ എന്ന സങ്കീര്‍ണകലാരൂപത്തെക്കുറിച്ച് യാതൊന്നുമറിയാതെ ഈ നഗരത്തിന്റെ വഴിയോരങ്ങളില്‍ വെച്ച് ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ സിനിമയെടുക്കാന്‍ ധൈര്യപ്പെട്ടു എന്നോര്‍ക്കുമ്പോള്‍ ഇപ്പോളെനിക്ക് ഭയം തോന്നുന്നു. അതിന്റെ ജോലികള്‍ക്കായി ഞങ്ങള്‍ ട്രെയിന്‍ കയറി മദ്രാസിലേക്ക് പോയി. മദിരാശിയിലെ സിനിമാസ്റ്റുഡിയോകളില്‍ ചുറ്റിത്തിരിഞ്ഞു. ഞാന്‍ ഒട്ടും ആഗ്രഹിക്കാതെ സുഹൃത്തുക്കള്‍ എന്റെ ഫോട്ടോ എടുത്ത് പാച്ചിക്ക എന്നു ഞങ്ങള്‍ വിളിക്കുന്ന എന്റെ പ്രിയപ്പെട്ട ഫാസിലിന് അയച്ചുകൊടുത്തു. അങ്ങനെ ഞാന്‍ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലെ നരേന്ദ്രനായി ക്യാമറയ്ക്ക് മുന്നിലെത്തി. 48 വര്‍ഷങ്ങള്‍. ഇങ്ങോട്ടുവരുന്നതിന്റെ തൊട്ടുമുന്നെയും ഞാന്‍ ക്യാമറയ്ക്കു മുന്നിലായിരുന്നു. വിധി ഏതൊക്കെ വഴിയിലൂടെയാണ് എന്നെ നടത്തിക്കൊണ്ടുപോകുന്നത് എന്നോര്‍ത്ത് വിസ്മയിച്ചുപോകുന്നു. അഭിനയകാലത്തെ ഒരു മഹാനദിയായി സങ്കല്‍പിച്ചാല്‍ തീരത്തുനില്‍ക്കുന്ന ഒരു മരത്തിന്റെ ചില്ലയില്‍ നിന്നും അതിലേക്ക് വീണ ഒരു ഇലയാണ് ഞാന്‍. ഒഴുക്കില്‍ മുങ്ങിപ്പോവുമ്പോഴെല്ലാം ആ ഇലയെ ഏതൊക്കെയോ കൈകള്‍ വന്ന് താങ്ങി. പ്രതിഭയുടെ കൈയൊപ്പുള്ള കൈകളായിരുന്നു അവയെല്ലാം. വലിയ എഴുത്തുകാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍. ഛായാഗ്രാഹകര്‍, എന്റെ മുഖത്ത് ചായം തേച്ച് കഥാപാത്രങ്ങളിലേക്ക് വെളിച്ചമടിച്ചവര്‍…
എന്റെയീ അഭിനയ സഞ്ചാരത്തിനൊപ്പം നമ്മുടെ സമൂഹത്തിന്റെ യാത്രയും അതിന്റെ അമ്പരപ്പിക്കുന്ന മാറ്റങ്ങളും നിറഭേദങ്ങളും ഞാന്‍ കാണുന്നു. നമ്മള്‍ എത്ര മാറി! നമ്മുടെ വേഷം, ഭാഷ, ബന്ധങ്ങള്‍, രുചി, സ്വപ്‌നങ്ങള്‍, ആസ്വാദനശീലങ്ങള്‍, സാമ്പത്തികാവസ്ഥ, സാംസ്‌കാരിക സമീപനങ്ങള്‍, പ്രണയസങ്കല്പങ്ങള്‍, രാഷ്ട്രീയം, ജീവിതശൈലികള്‍..എല്ലാം എത്രയെത്രയോ മാറി.
നിലക്കടല കൊറിച്ച് കൊട്ടകയുടെ ഉഷ്ണത്തില്‍ വെന്തിരുന്ന് സിനിമകള്‍ കണ്ട നാം ഇപ്പോള്‍ മള്‍ട്ടിപ്ലക്‌സിന്റെ തണുപ്പില്‍ മലര്‍ന്ന് കിടന്നുകൊണ്ടുവരെ സിനിമ കാണുന്നു. സ്‌കൂള്‍ ബെഞ്ചില്‍ തൊട്ടടുത്തിരിക്കുന്നവര്‍ മാത്രമല്ല, ഇന്ന് നമ്മുടെ കുട്ടികളുടെ സുഹൃത്തുക്കള്‍. ആഗോളസൗഹൃദമാണ് അവര്‍ ആഘോഷിക്കുന്നത്. എല്ലാ കലാരൂപങ്ങളും കാലത്തിനനുസരിച്ച് പുതിയതായി. സിനിമയുടെ ആഖ്യാനം അപ്പാടെ മാറി. സാങ്കേതികത മാറി. ഈ മാറ്റത്തിനെല്ലാം നടുവിലൂടെയാണ് ഞാനെന്റെ യാത്ര നടത്തിയത് എന്നോര്‍ക്കുമ്പോള്‍ ഏതോ ഒരു അജ്ഞാതശക്തിയുടെ അനുഗ്രവും കരുതലും എനിക്കനുഭവപ്പെടുന്നു. അതിനെ എന്തുപേരിട്ട് വിളിക്കണം എന്നുപോലും എനിക്ക് അറിയില്ല. ആ ശക്തിയില്ലെങ്കില്‍ ഇത്രയും കാലം ഇങ്ങനെ തുടരാന്‍ എനിക്ക് സാധിക്കില്ലായിരുന്നു എന്ന് ഞാന്‍ വിനീതമായി തിരിച്ചറിയുന്നു.
ദീര്‍ഘകാലം അഭിനേതാക്കളായി ജീവിച്ചവരെല്ലാം പ്രാര്‍ഥിക്കുന്ന ഒരു കാര്യമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു- കണ്ടുകണ്ട് മനുഷ്യര്‍ക്ക് മടുക്കുന്ന കാലം വരെ എന്നെ ഇരുത്തരുതേ എന്നാണ്. പ്രേക്ഷകരുടെ ആ മടുപ്പില്‍ നിന്നും അഭിനേതാക്കളെ രക്ഷിക്കുന്ന ആ കവചം കഥാപത്രങ്ങളാണ്. ആ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് എഴുത്തുകാരാണ്. അതിനെ സംവിധാനം ചെയ്ത് ഒരുക്കുന്നത് സംവിധായകരാണ്. പകര്‍ത്തുന്ന ഛായാഗ്രാഹകനാണ്. അഭിനേതാവ് ഒരുപിടി കളിമണ്ണ് മാത്രമാണ്. പ്രതിഭകളുടെ കൈ സ്പര്‍ശിക്കുമ്പോള്‍ അതിന് വ്യത്യസ്ഥ രൂപങ്ങള്‍ ലഭിക്കുന്നു. ആ രൂപം ജനങ്ങള്‍ക്ക് ഇഷ്ടപ്പെടേണമേ എന്ന് പ്രാര്‍ഥിച്ചുകൊണ്ട് അഭിനേതാവ് തന്റെ കര്‍മം നിര്‍വഹിക്കുന്നു. ഏതുകലാകാരനുമെന്നപോലെ ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ചകളും എനിക്കുണ്ടായിട്ടുണ്ട്. വാനോളം പ്രശംസയും പാതാളത്തോളം താഴ്ത്തുന്ന പഴിയും വിമര്‍ശനവും ശകാരങ്ങളും ഞാനും അനുഭവിച്ചിട്ടുണ്ട്. രണ്ടിനെയും ഞാന്‍ സമഭാവത്തോടെ തന്നെയാണ് കാണുന്നത്.
മോഹന്‍ലാല്‍ അനായാസമായി അഭിനയിക്കുന്നു എന്ന് പലരും പറയാറുണ്ട്. എനിക്ക് അഭിയനയം അനായാസമായ ഒരു കാര്യമല്ല എന്നതാണ് സത്യം. ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ ദൈവമേ എന്ന് വിളിച്ചുകൊണ്ടുമാത്രമേ ഞാനിപ്പോഴും ക്യാമറയ്ക്കുമുന്നിലേക്ക് ചെല്ലാറുള്ളൂ. എനിക്കിത് ചെയ്യാന്‍ സാധിക്കണമേ എന്ന പ്രാര്‍ഥന എപ്പോഴും മനസ്സില്‍ ഉണ്ടാവാറുണ്ട്. കാണുന്നവര്‍ക്ക് ഞാന്‍ അനായാസമായി അഭിനയിക്കുന്നു എന്നു തോന്നുന്നുവെങ്കില്‍ അതെനിക്ക് പോലും അറിയാതെ, ഇതുവരെ തിരിച്ചറിയാന്‍ കഴിയാത്ത ഏതോ ശക്തിയുടെ അനുഗ്രഹം കൊണ്ടാണ് സാധിക്കുന്നത്. ഈ പുരസ്‌കാരം ലഭിച്ചതിനുശേഷം ഞാന്‍ കൊച്ചിയിലെത്തിയപ്പോള്‍ ജോലി തന്നെയാണ് എന്റെ ഈശ്വരന്‍ എന്നുഞാന്‍ പറഞ്ഞിരുന്നു. ഏതുകാര്യവും ഉപാസനാനിഷ്ഠമായ മനസ്സോടെ കാലങ്ങളോളം ചെയ്യുമ്പോള്‍ നിങ്ങളാകാര്യം തന്നെയായി തീരുന്നു. അതൊരു വല്ലാത്ത അവസ്ഥയാണ്. അതില്‍ അല്പം എക്സ്റ്റസി ഉണ്ട്. ഞാന്‍ എന്ന ഈഗോ അവിടെ ഇല്ലാതായിത്തീരുന്നു. ആ കര്‍മമായി ഞാന്‍ മാറുന്നു. അതിനുശേഷം ഞാനാണ് ഇത് ചെയ്തത് എന്ന അഹങ്കാരം ഉണ്ടാവുന്നില്ല. അതിന്റെ ഫലത്തില്‍ അമിതമായി ആഹ്ലാദിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നുമില്ല. നാമൊരു നിമിത്തം മാത്രമായി തീരുന്ന ഉന്നതമായ ഒരുവസ്ഥയാണത്. ജീവിതം ഒരു യജ്ഞമായി തീരുന്ന പരമമായ ഒരു സ്ഥിതി. എനിക്കത് അഭിനയമാണ് അതുകൊണ്ട് അതുതന്നെയാണ് എന്റെ ദൈവം.
ഏതുകലാകാരനും ലഭിക്കുന്ന പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുന്നത് അയാളുടെ കരങ്ങളാണെങ്കിലും അത് എത്തിച്ചേരുന്നത് അയാളെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിച്ച സമൂഹത്തിലേക്കാണ്. കാഴ്ചക്കാര്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ആ കലാകാരനോ കലാകാരിയോ ഉണ്ടാവില്ലായിരുന്നു. അക്കാര്യം എല്ലാകാലത്തും ബോധ്യമുള്ളതുകൊണ്ടാണ് എനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരങ്ങളും മലയാളിക്കും മലയാളത്തിനും കേരളത്തിനാകെയും ലഭിച്ചവയാണ് എന്നു ഞാന്‍ പറയാറുള്ളത്. ഈ പുരസ്‌കാരവും അങ്ങനെ തന്നെ. മഹത്തായ നിരവധി പുരസ്‌കാരങ്ങള്‍ ഇടചേര്‍ന്നിരിക്കുന്ന നമ്മുടെ സംസ്‌കാരത്തിന്റെ വിശാലമായ ഷോകേസില്‍ എനിക്ക് ലഭിച്ച ഈ പുരസ്‌കാരവും സമര്‍പ്പിക്കുന്നു.