യുഎഇയില്‍ സെപ്റ്റംബര്‍ ഒന്നിന് ഞായറാഴ്ച ആരംഭിക്കുന്ന വിസ പൊതുമാപ്പ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകരെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) അറിയിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 30വരെ രണ്ട് മാസമാണ് പൊതുമാപ്പ് കാലാവധി. യുഎഇയിൽ 6 വർഷത്തിനു ശേഷമാണ് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. 2018ൽ 4 മാസം നീണ്ട പൊതുമാപ്പ് 88 ശതമാനം പേർ പ്രയോജനപ്പെടുത്തിയിരുന്നു. അന്ന് ബംഗ്ലദേശുകാരാണ് കൂടുതലായി ഉപയോഗപ്പെടുത്തിയത്. യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർ ഏതെങ്കിലും കമ്പനിയിൽനിന്നുള്ള ഓഫർ ലെറ്റർ ലഭ്യമാക്കിയാൽ പുതിയ വീസയിലേക്കു മാറാനും അവസരമൊരുക്കും.
വൻതുക പിഴയുടെ പേരിലാണ് പലരും എംബസിയെയും കോൺസുലേറ്റിനെയും സമീപിക്കാതെയും അധികൃതർക്ക് പിടികൊടുക്കാതെയും ഒളിച്ചു കഴിഞ്ഞിരുന്നത്. ആ പേടി വേണ്ടെന്നും പൊതുമാപ്പ് അപേക്ഷകരെ പിടികൂടില്ലെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘകരായി കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ അംഗീകൃത സംഘടനകളുടെ സഹകരണത്തോടെ ലഭ്യമാക്കി നടപടികൾ ഊർജിതമാക്കാനാണ് ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും നീക്കം. അപേക്ഷകർക്ക് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും എംബസിയിലും കോൺസുലേറ്റിലും പൂർത്തിയാക്കുമെന്നും സൂചിപ്പിച്ചു. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിൽ എത്താൻ സൗകര്യം ഒരുക്കണമെന്ന് വിവിധ എയർലൈനുകളോട് ആവശ്യപ്പെട്ടതായും സ്ഥാനപതികാര്യാലയം അറിയിച്ചു. പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷകരുടെ എണ്ണം കൂടിയതായി വിവിധ എംബസികൾ ചൂണ്ടിക്കാട്ടി.
സാധുതയുള്ള പാസ്പോർട്ട് ഉള്ളവർക്ക് പൊതുമാപ്പ് അപേക്ഷ നൽകുന്നതിനൊപ്പം നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് സഹിതം എമിഗ്രേഷൻ ആസ്ഥാനത്ത് നേരിട്ട് എത്തിയാൽ യാത്രാനുമതി ലഭിക്കും. പാസ്പോർട്ട് കാലഹരണപ്പെട്ടതാണെങ്കിൽ പുതുക്കുകയോ തത്കാൽ പാസ്പോർട്ട് എടുക്കുകയോ ചെയ്ത ശേഷമായിരിക്കണം പൊതുമാപ്പിന് അപേക്ഷിക്കേണ്ടത്. രേഖകൾ കൈവശമില്ലാത്തവർ ദേശീയത തെളിയിക്കുന്ന രേഖയുടെ പകർപ്പ് (റേഷൻ കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്) തുടങ്ങി ഏതെങ്കിലും ഒരു രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ സ്ഥിരീകരിച്ച ശേഷം ഔട്ട്പാസ് നൽകും. ഇതു കാണിച്ച് രാജ്യം വിടാം. ഇങ്ങനെ രാജ്യം വിടുന്നവർക്ക് യുഎഇയിലേക്കു തിരിച്ചുവരാൻ തടസ്സമുണ്ടാകില്ല. രേഖകൾ ശരിപ്പെടുത്തി പുതിയ വീസയിലേക്കു മാറാനും അവസരമുണ്ടാകും.
യുഎഇയില്‍ ജനിച്ച കുട്ടികള്‍ക്ക് രേഖകളൊന്നും ശരിയാക്കിയില്ലെങ്കില്‍ അവര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താനും അവരുടെ പദവി ശരിയാക്കാനും കഴിയും. സ്പോണ്സര്മാരില് നിന്ന് ഒളിച്ചോടിയവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവര്‍ക്ക് പൊതുമാപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. വീസ കാലാവധി കഴിഞ്ഞവർക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താം. ഇവർക്ക് പുതിയ വീസയിൽ രാജ്യത്തേക്ക് തിരിച്ചുവരുന്നതിന് തടസമില്ല. എന്നാൽ വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ബന്ധപ്പെട്ട കേസുകളിൽനിന്ന് വിടുതൽ ലഭിച്ചാൽ മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകൂ.
ദുബായിലുടനീളമുള്ള 86 ആമിര്‍ കേന്ദ്രങ്ങളില്‍ ഏതിലേക്കും അപേക്ഷകര്‍ക്ക് പോകാമെന്ന് ജിഡിആര്‍എഫ്എ വ്യക്തമാക്കി. കൂടാതെ അല്‍ അവീറിലെ ജിഡിആര്‍എഫ്എ കേന്ദ്രത്തില്‍ നിയമലംഘകര്‍ക്ക് സ്റ്റാറ്റസ് മാറ്റാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള എല്ലാ സേവനങ്ങളും ആമിര്‍ സെന്ററുകള്‍ കൈകാര്യം ചെയ്യുകയും ബയോമെട്രിക് ഫിംഗര്‍പ്രിന്റ് ഉള്ളവര്‍ക്ക് (എമിറേറ്റ്സ് ഐഡി ഉള്ളവര്‍ക്ക്) എക്സിറ്റ് പെര്‍മിറ്റ് നല്‍കുകയും ചെയ്യും.
The General Directorate of Residency and Foreigners Affairs (GDRFA) in Dubai announces a two-month visa amnesty program starting September 1, 2024. Applicants can switch to new visas or return to their home countries without penalties. Learn how to apply and what documents are needed.