സംസ്ഥാന ജലപാതയായ ഈസ്റ്റ്-വെസ്റ്റ് കനാലിന്റെ 235 കിലോമീറ്റർ ഭാഗം അടുത്ത മാർച്ചിനുമുമ്പ് കമ്മിഷൻചെയ്യും. തിരുവനന്തപുരത്തെ ആക്കുളംമുതൽ തൃശ്ശൂർ ചേറ്റുവവരെയുള്ള ഭാഗം ഡിസംബറോടെ പണിതീർത്ത് തുറന്നുകൊടുക്കാമെന്നാണ് ഉൾനാടൻ ജലഗതാഗതവകുപ്പ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തെ കോവളം മുതൽ കാസർകോട് ജില്ലയിലെ ബേക്കൽവരെ 616 കിലോമീറ്ററാണ് ജലപാത.
ആക്കുളംമുതൽ കൊല്ലംവരെയും തൃശ്ശൂർ കോട്ടപ്പുറംമുതൽ ചേറ്റുവവരെയുമാണ് നവീകരണം. വർക്കലയിലെ അഞ്ചുമീറ്റർവീതിയുള്ള കുന്നിനടിയിലൂടെ തുരങ്കങ്ങൾ നിലനിർത്തിയാണ് നവീകരണം. ജലപാതയിൽ തിരക്കേറുകയാണെങ്കിൽ ഭാവിയിൽ പുതിയ തുരങ്കം നിർമിക്കും. വർക്കല തുരങ്കത്തിന്റെ ഭാഗംവരെമാത്രമേ ചരക്കുനീക്കത്തിനുള്ള ബാർജുകൾ വരുകയുള്ളൂ. യാത്രാബോട്ടുകളും വിനോദസഞ്ചാരബോട്ടുകളും 150 വർഷത്തിലേറെ പഴക്കമുള്ള തുരങ്കത്തിലുടെ കടന്നുപോകും. വർക്കലഭാഗത്ത് 500-ഓളം കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്.
കോഴിക്കോട് എരഞ്ഞിക്കൽ, കുറ്റ്യാടി, വടകര, മാഹി ഭാഗങ്ങളിലും നവീകരണം നടക്കുന്നുണ്ട്. കനാലിന്റെ തുടക്കഭാഗമായ കോവളം ആക്കുളം ഭാഗത്താണ് നിർമാണത്തിന് കൂടുതൽ വെല്ലുവിളി നേരിടുന്നത്. കോവളം ഭാഗത്ത് 960-ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ നടപടി പുരോഗമിക്കുകയാണ്.
കോഴിക്കോട് നഗരഭാഗത്തെ കനോലി കനാൽ നവീകരിക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ട്. കനാലിന്റെ അവസാനഭാഗത്ത്, മാഹി-വളപട്ടണം പുഴകളെ ബന്ധിപ്പിച്ചുകൊണ്ട് 26 കിലോമീറ്ററും നീലേശ്വരം ബേക്കൽ ഭാഗത്ത് ആറുകിലോമീറ്ററും പുതിയ കനാൽ നിർമിക്കണം. ഇവിടെ സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുകയാണ്.
Kerala’s East-West Canal, a 235 km section of the state waterway, is set for completion by December 2024. This project, part of a 616 km route from Kovalam to Bekal, involves significant renovations and new constructions to improve water transport and connectivity in Kerala.