ശരീരവും ചുറ്റുമുള്ളവരും എത്രയൊക്കെ തളർത്താൻ നോക്കിയാലും തളരില്ല എന്നുറപ്പിച്ച് വിധിയോട് പോരാടുന്ന ചില മനുഷ്യരുണ്ട്. അവരിൽ ഒരാൾ ആണ് അനിതയും. ഭിന്നശേഷിക്കാരിയായ അനിതയുടെ ഭർത്താവ് മരിച്ചിട്ട് രണ്ടു വർഷത്തോളം ആയി. സാമ്പത്തിക ബാധ്യതകൾ കാരണം ശരീരത്തിനൊപ്പം മനസും തളരുമെന്നു തോന്നിയപ്പോൾ ആണ് വീടിന്റെ വാടക കൊടുക്കുവാനും മകനെ പഠിപ്പിക്കുവാനും വളർത്തുവാനും വേണ്ടിയാണ് അതുവരെ സമയം പോകാൻ മാത്രം ചെയ്തുകൊണ്ടിരുന്ന ഒരു കൈ തൊഴിൽ വരുമാനമാർഗമാക്കാൻ അനിത തീരുമാനിച്ചത്. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ അനിതയ്ക്ക് ചെയ്യാൻ കഴിയുന്ന ഒരു സംരംഭം എന്ന നിലയിലാണ് പേപ്പർ പേന നിർമ്മാണത്തിലേക്ക് അനിത തിരിയുന്നത്.

ചെറുപ്പത്തിൽ

ചെറുപ്പത്തിൽ നാലുവയസൊക്കെ ഉള്ള സമയത്ത് എനിക്ക് ഇൻജെക്ഷൻ എടുത്തതിൽ പറ്റിയ പിഴവ് മൂലം എന്തോ ആണ് കാലുകൾ തളർന്നത്. പിന്നീട്  22 വയസുവരെ മുട്ടിൽ ഇഴഞ്ഞായിരുന്നു ജീവിതം. അതിനുശേഷം അച്ഛൻ മരിച്ചതോടെ ഭിന്നശേഷിക്കാരായ കുട്ടികൾ താമസിക്കുന്ന ചാലക്കുടിയിലെ ഒരു സ്ഥാപനത്തിലേക്ക് പോയി. അവിടെ വിദേശത്ത് നിന്നും ഡോക്ടർമാർ എത്തി പരിശോധന നടത്തുകയും സർജറി നടത്തുകയും ചെയ്തു. അതിനു ശേഷമാണ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കാൻ തുടങ്ങിയത്.

ഭർത്താവിന്റെ മരണം

എന്റെ ഭർത്താവ് മരിച്ചിട്ട് രണ്ടു വർഷം പിന്നിടുന്നു. ലിവർ സിറോസിസ് രോഗം ഉണ്ടായിരുന്നു. അതിന്റെ ചികിത്സയിൽ ഇരിക്കുമ്പോൾ ഹൃദയാഘാതം സംഭവിച്ചതാണ് മരണ കാരണം. ഇപ്പോൾ ഞാനും മകനും കൂടി എറണാകുളം ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുകയാണ്. ആരെയും ബുദ്ധിമുട്ടിക്കാതെ എന്നെ കൊണ്ട് പറ്റുന്ന കാര്യങ്ങൾ ചെയ്ത് ഞാനും മകനും കൂടി മുന്നോട്ട് പോകുകയാണ്.

സംരംഭത്തിലേക്ക്

പേപ്പർ പേന നിർമ്മാണത്തിലേക്ക് എത്തിയത് ട്രെയിനിങ് ലഭിച്ചിട്ടൊന്നുമല്ല. മോൻ കുഞ്ഞായിരുന്ന സമയത്ത് അവനു പേപ്പർ ബോട്ട് നിർമ്മിക്കുവാൻ വേണ്ടി യൂട്യൂബ് നോക്കിയപ്പോൾ അതിൽ കണ്ടതാണ് ഈ പേന നിർമ്മാണം. അങ്ങിനെ ചെയ്തുനോക്കി. എന്നിട്ട് അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റും ചെയ്തു. അങ്ങിനെ അതിനെക്കുറിച്ച് ആളുകൾ ചോദിക്കാനും പത്തെണ്ണം ഒക്കെ വീതം ഓർഡർ കിട്ടാനും തുടങ്ങി. മോന്റെ സ്‌കൂളിലെ  ടീച്ചർമാരെ കാണിച്ചപ്പോൾ അവർ എല്ലാവരും കൂടി എനിക്ക് ഒരു ആയിരം പേനയുടെ ഓർഡർ തന്നു. ഇങ്ങിനെ ഒരു ബിസിനസിലേക്ക് എത്തിയത് അങ്ങിനെ ആണ്. കൂടുതലും ഓർഡർ കിട്ടുന്നത് ഓൺലൈൻ വഴിയാണ്. അമൃത ഹോസ്പിറ്റലിന്റെ ഇവന്റ് മാനേജ്‌മെന്റ് ടീം എനിക്ക് വർഷത്തിൽ 1000 പേനയ്ക്ക് മുകളിൽ ഉള്ള 4 ഓർഡറുകൾ തരാറുണ്ട്‌. പൊല്യൂഷൻ കൺട്രോൾ ബോർഡ്, ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഒക്കെ എന്റെ കയ്യിൽ നിന്നും പേന വാങ്ങാറുണ്ട്.

ഭർത്താവ് മരിക്കുന്നതിന് മുൻപ് തന്നെ ഇത് ചെയ്യുന്നുണ്ടായിരുന്നു എങ്കിലും അന്നൊക്കെ അത് ചെയ്തിരുന്നത് സമയം പോകാനുള്ള ഒരു വഴി എന്ന നിലയിൽ ആയിരുന്നു. എന്നാൽ ഇന്നത് എന്റെ ജീവിതമാർഗവും മകനെ വളർത്താൻ മുന്നിലുള്ള വഴിയുമാണ്.

ആഗ്രഹം

നല്ല രീതിയിൽ ഇതൊരു വലിയ ബിസിനസായി മുന്നോട്ട് കൊണ്ടുപോകണം എന്നാഗ്രഹം ഉണ്ട്. കോവിഡിന് മുൻപ്  ഞാൻ രണ്ടു സ്ത്രീകളെ പേന നിർമ്മാണത്തിൽ എന്റെ കൂടെ നിർത്തിയിരുന്നു. അവർക്കും ഒരു വരുമാനം ഉണ്ടാകണം എന്ന ആഗ്രഹത്തോടെ ആയിരുന്നു ഞാൻ അത് ചെയ്തത്. എന്റെ സുഹൃത്തുക്കൾ ആയിരുന്നു അവർ. വീടിനുള്ളിൽ ഒന്നും ചെയ്യാനില്ല എന്ന് കരുതി ജീവിക്കുന്ന പത്ത് സ്ത്രീകൾക്ക് എങ്കിലും ആരെയും ആശ്രയിക്കാതെ സ്വന്തം കാര്യങ്ങൾ നടത്താൻ ഒരു വരുമാന മാർഗം സൃഷ്ടിക്കണം എന്നുള്ളത് എന്റെ ആഗ്രഹമാണ്. പേന നിർമ്മാണം മാത്രമല്ല, പല തരം കൈത്തൊഴിലുകൾ ചെയ്യണം എന്നാണ് ആഗ്രഹം.

പേപ്പർ പേനകൾ

പേപ്പർ പേനകളിൽ ആകെയുള്ള പ്ലാസ്റ്റിക്ക് റീഫിൽ മാത്രമാണ്. പരിസ്ഥിതിക്ക് ഈ പേനകൾ ദോഷം ചെയ്യുന്നില്ല എന്ന് മാത്രമല്ല, ഇതിനുള്ളിൽ ചെറിയ വിത്തുകൾ കൂടി വച്ചിട്ടാണ് ഇവ നിർമ്മിക്കുന്നത്. സ്‌കൂൾ കുട്ടികൾക്കൊക്കെ ഉപയോഗ ശേഷം ഇവ സ്‌കൂളിലെ ഗാർഡനിലോ മറ്റോ നിക്ഷേപിക്കാവുന്നതാണ്. എല്ലാ വിത്തുകളും മുളച്ചില്ലെങ്കിലും 100 വിത്തുകളിൽ ഏറ്റവും കുറഞ്ഞത് ഒരു പത്തെണ്ണം എങ്കിലും മുളച്ചാൽ പോലും അത് നല്ലതാണ്. സ്‌കൂളുകളിൽ ഇതിനെക്കുറിച്ചുള്ള അവബോധ ക്‌ളാസുകൾ നൽകണം എന്ന് ആഗ്രമുണ്ട്.

ഉടൻ പണം

ഭർത്താവ് മരിക്കുന്നതിന് ഒരു വർഷം മുൻപ് ഒരു മെഡിക്കൽ ഷോപ്പ് തുടങ്ങിയിരുന്നു. ഹോൾസെയിൽ എന്ന രീതിയിൽ തുടങ്ങിയ ഷോപ്പ് ആയിരുന്നത് കൊണ്ട് മാസം 40000 രൂപ ആയിരുന്നു ഇതിന്റെ വാടക. ഒരുപാട് കടം ഒക്കെ വാങ്ങി തുടങ്ങിയത് ആയിരുന്നു. ഷോപ്പ് തുടങ്ങി ഒരു വർഷത്തിന് ശേഷം ആണ് ഭർത്താവ് മരണപ്പെടുന്നത്. അഞ്ചാം ദിവസം മുതൽ ഞാൻ ഷോപ്പിൽ പോയിത്തുടങ്ങി. ഷോപ്പിന്റെ വാടക കൂടിയതും മരുന്നുകൾ എടുക്കാൻ കാശ് ഇല്ലാത്തതുകൊണ്ടും അത് പൂട്ടുമെന്ന അവസ്ഥയിൽ ആയിരുന്നു. ഇതിനിടയിൽ ഉടൻ പണം എന്ന ടീവി പ്രോഗ്രാമിലേക്ക് അവസരം കിട്ടി. ആ പ്രോഗ്രാമിൽ അതിഥി ആയി വന്നത് നടൻ ഉണ്ണിമുകുന്ദൻ ആയിരുന്നു.

ഉണ്ണിമുകുന്ദൻ എനിക്ക് ഒന്നേകാൽ ലക്ഷം രൂപ സഹായമായി നൽകിയിരുന്നു. ആ തുക കൊണ്ട് ഞാൻ മെഡിക്കൽ ഷോപ്പിലെ സാധനങ്ങൾ എല്ലാം ഒരു ചെറിയ കടയിലേക്ക് മാറ്റുകയും ചെറിയ കടയിൽ അത് തുടങ്ങാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ മരുന്നുകളുടെ അഭാവം കൊണ്ട് എനിക്ക് ആ മേഖലയിൽ പിടിച്ചു നില്ക്കാൻ കഴിയുന്നില്ല. ലൈസൻസ് കട്ടാവാതെ ഇരിക്കുവാൻ വേണ്ടി മാത്രം ഷോപ്പ് തുറക്കുന്നു എന്നേയുള്ളു. ജീവിത മാർഗം ഈ പേപ്പർ പേനകൾ തന്നെയാണ്. എന്നെങ്കിലും കുറച്ച് കാശ് കയ്യിൽ വന്നാൽ ആ ഷോപ്പിനെ ഒന്ന് വിപുലീകരിക്കണം എന്നും ആഗ്രഹം ഉണ്ട്. എട്ടാം ക്ലാസുകാരനായ അഭിനവ് ആണ് മകൻ. നന്നായി പഠിക്കുന്ന കുട്ടിയാണ് അവൻ. അവന് ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് എന്റെ ജീവിത ലക്ഷ്യം. പേന ആവശ്യം ഉള്ളവർ 9633861973 ഈ നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പിൽ മെസ്സേജ് ചെയ്യുകയോ ചെയ്യണം. 

Discover Anita’s inspiring journey from overcoming personal challenges to becoming an entrepreneur in paper pen manufacturing. Learn how she turned a simple craft into a thriving business, supporting her family and dreaming of empowering other women.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version