സ്വന്തം ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി യുപിഐ ആപ്പുകളിലൂടെ പണമിടപാട് നടത്താനാവും. ഇതിന് സഹായിക്കുന്ന യുപിഐ സര്‍ക്കിള്‍ എന്ന പുതിയ സംവിധാനം റിസര്‍വ് ബാങ്കും നാഷണല്‍ പേമന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും (എന്‍പിസിഐ) ചേര്‍ന്ന് അവതരിപ്പിച്ചു.
യുപിഐ ഉപഭോക്താക്കള്‍ നടത്തുന്ന ഇടപാടുകളില്‍ ആറ് ശതമാനം മറ്റുള്ള ആളുകള്‍ക്ക് വേണ്ടിയുള്ളതാണ്. അതായത്. കുട്ടികള്‍, ഭാര്യ തുടങ്ങിയ ആളുകള്‍ക്ക് വേണ്ടിയുള്ള പണമിടപാടുകള്‍ നടത്തുക ചിലപ്പോള്‍ അച്ഛനായിരിക്കും. പുതിയ സംവിധാനത്തിലൂടെ അച്ഛന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ച് കുട്ടികള്‍ക്ക് അവരുടെ ഫോണില്‍ നിന്ന് തന്നെ ഇടപാട് നടത്താനാവും.
ഇങ്ങനെ നിങ്ങളുടെ യുപിഐ അക്കൗണ്ടിന് മറ്റ് ഉപഭോക്താക്കളെ (സെക്കണ്ടറി യൂസര്‍) അനുവദിക്കുന്ന സംവിധാനമാണ് യുപിഐ സര്‍ക്കിള്‍. ഒരു സ്ട്രീമിങ് ആപ്പ് സബ്സ്ക്രൈബ് ചെയ്ത് അതില്‍ മള്ടിപ്പിള് യൂസറെ അനുവദിക്കുന്നത് പോലൊരു സംവിധാനമെന്ന് വേണമെങ്കില്‍ പറയാം.
എന്നാല്‍ പണകൈമാറ്റത്തിന്റെ സമ്പൂര്‍ണ നിയന്ത്രണം അക്കൗണ്ട് ഉടമയ്ക്ക് തന്നെയാവും. ഒരുമാസം നിശ്ചിത തുകമാത്രമേ ഇടപാട് നടത്താനാവൂ. ഒറ്റ തവണ ഇടപാട് നടത്താനാവുന്ന തുകയ്ക്കും നിയന്ത്രണമുണ്ട്. അതിനാല്‍ പണം അറിവില്ലാതെ നഷ്ടമാവുമെന്ന പേടി വേണ്ട. രണ്ട് രീതിയിലാണ് സെക്കണ്ടറി യൂസറെ ചുമതലപ്പെടുത്തുക.
അക്കൗണ്ട് ഉടമയുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ പാര്‍ഷ്യല്‍ ഡെലിഗേഷനിലൂടെ സെക്കന്‍ഡറി ഉടമയ്ക്ക് ഓരോ ഇടപാടുകളും നടത്താനാവൂ. ഉദാഹരണത്തിന് സെക്കന്‍ഡറി യൂസര്‍ തന്റെ യുപിഐ ആപ്പ് ഉപയോഗിച്ച് ക്യൂആര്‍ സ്കാന്‍ ചെയ്ത് പണമിടപാടിന് ശ്രമിക്കുമ്പോള്‍ അത് പേമെന്റ് റിക്വസ്റ്റ് ആയി അക്കൗണ്ട് ഉടമയുടെ ഫോണിലെത്തും. യുപിഐ നമ്പര്‍ നല്കി അതിന് അനുമതി നല്കിയാല് മാത്രമേ പണമിടപാട് പൂര്‍ത്തിയാവുകയുള്ളൂ. ഓരോ തവണ നടത്തുന്ന ഇടപാടുകളും ഉടമയുടെ സമ്പൂര്‍ണ മേല്‍നോട്ടത്തിലായിരിക്കും.
ഫുൾ ഡെലിഗേഷൻ സംവിധാനത്തില്‍ ഒരു മാസം ഉപയോഗിക്കാവുന്ന പരമാവധി തുക അക്കൗണ്ട് ഉടമയ്ക്ക് നിശ്ചയിക്കാം. ഇങ്ങനെ 15000 രൂപ വരെ അക്കൗണ്ട് ഉടമയ്ക്ക് നിശ്ചയിക്കാം. ആ തുകയ്ക്ക് മുകളില്‍ പണമെടുക്കാന്‍ സെക്കന്‍ഡറി യൂസറിന് സാധിക്കില്ല. ഇങ്ങനെ നിശ്ചയിക്കുന്ന തുകയില്‍ നിന്ന് ഇടപാട് നടത്തുമ്പോള്‍ ഓരോ തവണയും അക്കൗണ്ട് ഉടമയുടെ അനുമതി തേടേണ്ടതില്ല. ഒരുതവണ പരമാവധി 5000 രൂപ വരെ മാത്രമേ സെക്കണ്ടറി യൂസറിന് ഇടപാട് നടത്താനാവൂ.
അക്കൗണ്ട് ഉടമയ്ക്ക് പരമാവധി വിശ്വസ്തരായ അഞ്ച് പേരെ സെക്കണ്ടറി യൂസറാക്കി മാറ്റാനാവും. എന്നാല്‍ ഒരു സെക്കണ്ടറി യൂസറിന് അയാളുടെ ആപ്പ് ഉപയോഗിച്ച് ഒരു അക്കൗണ്ട് ഉടമയില്‍ നിന്ന് മാത്രമേ പണം സ്വീകരിക്കാനാവൂ.
UPI introduces the UPI Circle feature, allowing primary users to delegate payments within households. This new functionality simplifies transactions for multiple family members from a single UPI account, enhancing security and convenience for diverse users. Learn more about UPI’s innovative expansion.