ഓണം ബമ്പറിന്റെ നറുക്കെടുപ്പിനായി കാത്തിരിക്കുകയാണ് ഭാഗ്യാന്വേഷികളായ മലയാളികളെല്ലാം. 25 കോടിയാണ് ഓണം ബംപർ ഫസ്റ്റ് പ്രൈസ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുക ഒന്നാം സമ്മാനമായി നല്‍കുന്ന ഓണം ബമ്പര്‍ ലോട്ടറിയുടെ വില്‍പന നിലവില്‍ ടിക്കറ്റിന്റെ എണ്ണം 25 ലക്ഷത്തിലേക്ക് അടുക്കുകയാണ്. തിരുവോണം ബമ്പര്‍ ഓഗസ്റ്റ് ഒന്നിനാണ് പുറത്തിറക്കിയത്. അന്ന് ആകെ 10 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചിരുന്നത്. എന്നാല്‍, ടിക്കറ്റ് പുറത്തിറക്കിയ ദിവസം തന്നെ ആറുലക്ഷത്തിന് മുകളില്‍ ടിക്കറ്റുകള്‍ വിറ്റുപോയി. പിന്നീട് പുറത്തിറക്കിയ ടിക്കറ്റുകൾ ആണ് ഇപ്പോൾ വിൽപ്പന പുരോഗമിക്കുന്നത്.
ഇതുവരെയുള്ള കണക്കില്‍ നാലു ലക്ഷം ടിക്കറ്റ് വിറ്റഴിച്ചുകൊണ്ട് പാലക്കാട് ജില്ലയിലാണ് ഓണം ബമ്പര്‍ വില്‍പ്പന കൂടുതല്‍. തൊട്ടുപിന്നില്‍ മൂന്നുലക്ഷത്തിനടുത്ത് വില്‍പ്പനയുമായി തിരുവനന്തപുരം ജില്ലയുമുണ്ട്. രണ്ടര ലക്ഷത്തിനടുത്ത് വില്‍പ്പന കൈവരിച്ച് തൃശ്ശൂര്‍ ജില്ല മൂന്നാംസ്ഥാനത്തുമുണ്ട്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വില്പനയില്‍ ഇടിവുണ്ടാകുമെന്നു ലോട്ടറി വകുപ്പ് പ്രതീക്ഷിച്ചിരുന്നെങ്കിലും വിൽപ്പന കുതിക്കുകയാണ്. ഇത്തവണ പരമാവധി അച്ചടിക്കാന്‍ കഴിയുന്ന 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. തിരുവോണം ബമ്പറിന്റെ (BR 99) പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനവും കോടികള്‍ തന്നെ. പക്ഷേ അത് ഭാഗ്യാന്വേഷികളിലെ 20 പേര്‍ക്ക് ഒരു കോടി വീതമെന്ന പ്രത്യേകതയോടു കൂടിയതുമാണ്. അങ്ങിനെ 20 കോടി. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് നല്‍കുന്ന കമ്മീഷന്‍ കൂടി ലഭിക്കുമ്പോള്‍ ഇക്കുറി ഒറ്റ ബമ്പര്‍ വഴി സൃഷ്ടിക്കപ്പെടുന്നത് 22 കോടിപതികളാണ്.
ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും 10 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവുമാണ് പിന്നീടുള്ള വലിയ സമ്മാന തുകകള്‍.
ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയുമാണ്. എട്ടാം സമ്മാനം 1000 രൂപയാണ്. ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്. 500 രൂപയാണ് ഒരു ടിക്കറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്.
2024 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ സമ്മാന ഇനത്തില്‍ മാത്രം ലോട്ടറി വകുപ്പ് വിതരണംചെയ്തത് 2400 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം വിതരണം ചെയ്ത സമ്മാനത്തുക ആകെ 7095 കോടി രൂപയായിരുന്നു. ഓണം ബമ്പര്‍ മുതലായവയുടെ സമ്മാനത്തുക കൂടെ ഇനി കണക്കാക്കുമ്പോള്‍ ഈ വര്‍ഷവും സമ്മാനത്തുകയില്‍ ഭാഗ്യക്കുറി റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് കരുതുന്നത്.
കാര്യം ഇതൊക്കെ ആണെങ്കിലും ഓണം ബംപർ അടിക്കുന്ന വ്യക്തിക്ക് ലഭിക്കുന്ന തുകയേക്കാൾ വലിയ ബംപർ നേട്ടമാണ് കേന്ദ്ര സർക്കാരിന് ഈ ലോട്ടറി വഴി ലഭിക്കുന്നത് എന്നത് അധികം ആർക്കും അറിയില്ല. കേരള സർക്കാരിനും ലഭിക്കും സാമ്പത്തിക നേട്ടം.
ലോട്ടറി വിൽപ്പന മുതൽ കേന്ദ്രസർക്കാരിനും കേരള സർക്കാരിനും വരുമാനം ലഭിച്ചു തുടങ്ങുന്നു. ലോട്ടറിയുടെ മേലുള്ള ജി എസ് ടി വരുമാനത്തിൽ തുടങ്ങുന്നു സാമ്പത്തിക നേട്ടം. ലോട്ടറി അടിച്ചു കഴിഞ്ഞാലും ആദായനികുതി, സർചാർജ്, സെസ്സ് എന്നിങ്ങനെ നീളുന്നു സർക്കാരിന്റെ ലാഭം. പതിനായിരം രൂപയ്ക്ക് മേലുള്ള എല്ലാ സമ്മാനങ്ങൾക്കും ആദായ നികുതി അടയ്ക്കണം.
1961 ലെ ആദായ നികുതി നിയമത്തിലെ 194 B വകുപ്പ് പ്രകാരം പതിനായിരം രൂപയ്ക്ക് മുകളിലുള്ള സമ്മാനം ലോട്ടറിയിൽ നിന്ന് ലഭിച്ചാൽ ആ തുകയ്ക്ക് നികുതി ഈടാക്കിയ ശേഷം മാത്രമെ പണം വിതരണം ചെയ്യാൻ സാധിക്കുകയുള്ളൂ. 10,000 രൂപയ്ക്ക് മുകളിൽ സമ്മാനം വാങ്ങുമ്പോള്‍ ലോട്ടറി വകുപ്പ് 30 ശതമാനം ആദായ നികുതി ഈടാക്കും. സമ്മാനം നൽകുന്ന സ്രോതസ്സിൽ നിന്ന് ( കേരളാ ഭാഗ്യക്കുറിയുടെ കാര്യത്തിൽ ലോട്ടറി വകുപ്പ്)നികുതി (ടിഡിഎസ്) ഈടാക്കിയ ശേഷം മാത്രമേ സമ്മാനം ലഭിച്ചയാളിന് സമ്മാന തുക നൽകാൻ നിയമം അനുവദിക്കുന്നുള്ളൂ. ലോട്ടറി അടിക്കുകയോ പണമായി സമ്മാനം ലഭിക്കുകയോ അല്ല വസ്തുക്കളാണ് സമ്മാനായി ലഭിക്കുന്നതെങ്കിൽ ( ഉദാഹരണത്തിന് കാർ, മൊബൈൽ, ലാപ് ടോപ്പ്, വാച്ച്,പേന ) അവയുടെ മൂല്യം കണക്കാക്കി തത്തുല്യമായ തുകയുടെ 30 ശതമാനം തുക ആദായനികുതിയായി നൽകേണ്ടത്.
ഇനി സമ്മാനമായി ലഭിക്കുന്ന തുക 50 ലക്ഷത്തിന് മുകളിലാണെങ്കിൽ ആദായനികുതിക്ക് മേൽ വീണ്ടും സർചാർജും സെസും നൽകേണ്ടി വരും. സമ്മാനം ലഭിച്ച വ്യക്തിയുടെ അല്ലെങ്കിൽ വ്യക്തികളുടെ നികുതി സ്ലാബിന് അനുസൃതമായിരിക്കും സർചാർജ്, സെസ് എന്നിവ ഈടാക്കുക. ഈ സർചാർജും സെസും സമ്മാന ജേതാക്കളിൽ നിന്നാണ് ആദായ നികുതി വകുപ്പ് ഈടാക്കുക.
ഇത്തവണ ഓണം ബംപർ സമ്മാനം ഒന്നാം സമ്മാനം 25 കോടി രൂപയാണ്. അതിലെ ഓണം ബമ്പറിനുള്ള ഏജന്റ് കമ്മീഷനായ പത്ത് ശതമാനം കുറയ്ക്കും. അതായത് രണ്ടര കോടി രൂപ ഏജന്റ് കമ്മീഷൻ കിഴിച്ച് ഇരുപത്തിരണ്ടര കോടി രൂപയാകും സമ്മാനത്തുക. ഇതിലെ ആദായനികുതി 30 ശതമാനം ഈടാക്കി അടച്ച ശേഷം ബാക്കി 15 കോടി 75 ലക്ഷം രൂപയാകും ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് അല്ലെങ്കിൽ വ്യക്തികൾക്ക് ലഭിക്കുക. ഈ തുകയിൽ നിന്നും ആദായനികുതി സർചാർജ് , സെസ് എന്നിവ അവരുടെ നികുതി സ്ലാബ് അടിസ്ഥാനമാക്കി അടയ്ക്കേണ്ടി വരും. 37 ശതമാനം സർചാർജ്, 4 ശതമാനം സെസ് എന്നിങ്ങനെയാണ് ഈടാക്കുക. കമ്മീഷൻ, ടാക്സ്, സർചാർജ്, സെസ്സ് എന്നിവയെല്ലാം കിഴിച്ച് ഒടുവിൽ കയ്യിൽ കിട്ടുക 12.88 കോടി രൂപയാണ്.
ഇത്തവണത്തെ ഓണം ബംപർ തുക ഒന്നാം സമ്മാനത്തുകയിലെ വൻ വർദ്ധനവ് ഉള്ളതിനാലും മറ്റ് സമ്മാനത്തുകളിലെ വർദ്ധനവും കാരണം ആദ്യത്തെ നാല് സമ്മാനങ്ങളും ഒന്നാം സമ്മാനത്തിലെ കൺസൊലേഷൻ സമ്മാനങ്ങളും മാത്രം കോടികൾ വരും. ഇതിൽ സമ്മാനം ലഭിക്കുന്നവരും കമ്മീഷൻ ലഭിക്കുന്നവരും നൽകുന്ന ആദായനികുതി മാത്രം 12 കോടി രൂപയ്ക്ക് പുറത്തുവരും . ഇതിൽ സർചാർജ്, സെസ് എന്നിവ കൂടി ഈടാക്കുന്നതോടെ ആദായ നികുതി വകുപ്പിന് ഓണം ബമ്പറിൽ നിന്ന് തന്നെ നല്ലൊരു തുക വരുമാനമായി ലഭിക്കും.
Discover everything about the Onam Bumper Lottery 2024, offering a first prize of Rs 25 crores. Learn about the prize distribution, tax implications, and how much winners actually take home.