ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ നമുക്ക് കാണിച്ചു തരുന്നവ ആണ് പരമ്പരാഗതമായി കൈമാറി വരുന്ന കരകൗശല വിദ്യ. ആഗോള വിപണിയിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ അത്തരം ഒരു ക്രാഫ്റ്റ് ആണ് ലഖ്‌നൗവിൽ നിന്നുള്ള എംബ്രോയ്ഡറി ആയ ചിക്കൻകാരി. ആഗോളതലത്തിൽ ഇന്ത്യൻ കരകൗശലവിദ്യയെ പ്രോത്സാഹിപ്പിക്കുന്ന ‘മെയ്ഡ് ഇൻ ഇന്ത്യ’ പദ്ധതിയെ പിന്തുണയ്ക്കുന്നതിൽ ചിക്കൻകാരി എംബ്രോയ്ഡറി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
വോൾസ ഇന്ത്യ എക്‌സ്‌പോർട്ട് ഡാറ്റ പ്രകാരം, 2023 മാർച്ചിനും 2024 ഫെബ്രുവരിക്കും ഇടയിൽ ഇന്ത്യ 1,037 ഷിപ്മെന്റ് ചിക്കൻകാരി എംബ്രോയ്ഡറി കയറ്റുമതി ചെയ്‌തു. മുൻവർഷത്തെ അപേക്ഷിച്ച് ഇത് 84% വളർച്ചയാണ് പ്രതിഫലിപ്പിക്കുന്നത്. ചിക്കൻകാരി എംബ്രോയ്ഡറിയുടെ പ്രാഥമിക കയറ്റുമതി വിപണികൾ യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സിംഗപ്പൂർ എന്നിവ ആണ്. ഇത് ഇന്ത്യൻ ഹാൻഡ് എംബ്രോയ്ഡറി വസ്ത്രങ്ങളുടെ ആഗോള ഡിമാന്റിനെ ആണ് സൂചിപ്പിക്കുന്നത്.
ചിക്കൻകാരി കയറ്റുമതിയുടെ ആഗോള വിപണിയിൽ മറ്റ് രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കി ഇന്ത്യയാണ് മുന്നിൽ. 3,202 ഷിപ്മെന്റുകൾ കയറ്റുമതി ചെയ്തുകൊണ്ട് ഇന്ത്യയാണ് കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത്. ആഗോളതലത്തിൽ പരമ്പരാഗത കരകൗശലവസ്തുക്കളെ സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യയുടെ നേതൃത്വത്തെ ആണ് ഇത് അടിവരയിടുന്നത്.
ഉത്തർപ്രദേശിലെ വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്‌ട് (ഒഡിഒപി) സംരംഭത്തിലൂടെ വിവിധ പദ്ധതികളിലൂടെ ഇന്ത്യൻ സർക്കാർ ചിക്കൻകാരിയെ പിന്തുണച്ചിട്ടുണ്ട്. പ്രാദേശിക കരകൗശല വസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും ഓരോ ജില്ലയിലും തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും ഈ പരിപാടി ലക്ഷ്യമിടുന്നു. ചിക്കൻകാരിക്ക് പേരുകേട്ട ലഖ്‌നൗ, ഉൽപ്പാദനവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളോടെ ഈ പദ്ധതിയിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്.
ഇന്ത്യൻ കരകൗശല വിദഗ്ധരും അന്താരാഷ്‌ട്ര ഡിസൈനർമാരും തമ്മിലുള്ള സഹകരണം ഈ മേഖലയിൽ പുതിയ വഴികൾ തുറക്കുന്നുണ്ട്. ആഗോള ഫാഷനിൽ ചിക്കൻകാരി എംബ്രോയ്ഡറി ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെ പ്രതീകമായി മാറിയിരിക്കുന്നു. പരമ്പരാഗതവും സുസ്ഥിരവുമായ കരകൗശലവസ്തുക്കൾക്കായുള്ള ആഗോള ഡിമാൻഡ് കൂടുന്നത് അനുസരിച്ച് ഇന്ത്യയ്ക്ക് ചിക്കൻകാരി എംബ്രോയ്ഡറിയുടെ സാന്നിധ്യം ലോകമെമ്പാടും ഉയർത്തുന്നത് തുടരാനാകും.
Chikankari embroidery from Lucknow is boosting India’s presence in the global handicraft market. With a 84% rise in exports, it plays a key role in promoting the ‘Made in India’ initiative.