ഒട്ടനവധി ബ്രാന്‍ഡുകളും, ഉപ ബ്രാന്‍ഡുകളും ഉള്‍പ്പെടുന്ന ഒരു സാമ്രാജ്യമാണ് ടാറ്റ. എന്നാല്‍ ടാറ്റയുടെ ആദ്യ സംരംഭം ഏതാണെന്നു ആലോചിച്ചിട്ടുണ്ടോ? ടിസിഎസ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ് തുടങ്ങി നിരവധി ഫ്ലാഗ്ഷിപ്പുഷള്‍ നിറഞ്ഞ ഈ പോര്‍ട്ട്ഫോളിയോയില്‍ ഏത് കമ്പനി ആയിരിക്കും ആദ്യം തുടങ്ങിയത്. ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനിയായ പി ആന്‍ഡ് ഒ യുടെ കുത്തക തകര്‍ക്കാനാണ് ടാറ്റ എന്ന പേര് ആദ്യം ഉപയോഗിക്കപ്പെട്ടതെന്നു ചരിത്രം പറയുന്നു.
ജംഷഡ്ജി ടാറ്റ തുടക്കമിട്ട ‘ടാറ്റ ലൈന്‍’ എന്ന സ്ഥാപനമാണ് എല്ലാത്തിനും തുടക്കം. 1880-കളിലും, 1890-കളിലും ബ്രിട്ടീഷ് ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ നേട്ടം അനുഭവിച്ച പ്രബല ഷിപ്പിംഗ് കമ്പനിയായിരുന്നു പി ആന്‍ഡ് ഒ. ഇന്ത്യന്‍ കയറ്റുമതിയിലെ കുത്തക ഈ കമ്പനി ആസ്വദിച്ചിരുന്നു. ബ്രിട്ടീഷ്, ജൂത വ്യാപാരികള്‍ക്കു കമ്പനി മികച്ച കിഴിവുകള്‍ നല്‍കുകയും ഇന്ത്യന്‍ വ്യാപാരികളെ കൊള്ളയടിക്കുകയും ചെയ്തു.
ഈ സമയത്താണ് ജംഷഡ്ജി ടാറ്റ ടെക്സ്റ്റൈല്‍ ബിസിനസിലേയ്ക്ക് കടക്കുന്നത്. ഇന്ത്യന്‍ വ്യാപാരികളോടുള്ള പി ആന്‍ഡ് ഒയുടെ വിവേചനപരമായ നടപടികള്‍ അദ്ദേഹത്തെ ചൊടിപ്പിച്ചു. അങ്ങനെ അദ്ദേഹം ഇന്ത്യയുടെ ഷിപ്പിംഗ് ലൈന്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജപ്പാനിലെ ഏറ്റവും വലിയ ഷിപ്പിംഗ് ലൈനായ നിപ്പോണ്‍ യൂസെന്‍ കൈഷയുമായി (NYK) ഒരു സഹകരണമായിരുന്നു തുടക്കം. പുതിയ സംരംഭത്തില്‍ ജംഷഡ്ജിക്ക് തുല്യ അപകടസാധ്യത പങ്കിടാമെന്നും, കപ്പലുകള്‍ സ്വയം പ്രവര്‍ത്തിപ്പിക്കാമെന്നും വ്യവസ്ഥയില്‍ പങ്കാളിത്തം ആരംഭിച്ചു.
അങ്ങനെ ജംഷഡ്ജി ‘ആനി ബാരോ’ എന്ന ഇംഗ്ലീഷ് കപ്പല്‍ പ്രതിമാസം 1,050 പൗണ്ടിന് പാട്ടത്തിനെടുത്തു. ഇത് തന്റെ പുതിയ ഷിപ്പിംഗ് കമ്പനിയുടെ ആദ്യത്തെ കപ്പല്‍ ആക്കി. ഇതിന് ടാറ്റ ലൈന്‍ എന്ന പേരുനല്‍കുകയായിരുന്നു. ഈ സംരംഭമാണ് ടാറ്റ എന്ന പേര് ഉപയോഗിക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ ആദ്യത്തെ ബിസിനസ്. ഇന്ത്യന്‍ ടെക്സ്റ്റൈല്‍ വ്യവസായത്തിനു ഈ കമ്പനി മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഷിപ്പിംഗിന് പി ആന്‍ഡ് ഒ ടണ്ണിന് 19 രൂപ ഈടാക്കിയപ്പോള്‍, ടാറ്റ ലൈന്‍ ടണ്ണിന് 12 രൂപ മാത്രമാണ് വാങ്ങിയത്.
കച്ചവടം വര്‍ധിച്ചതോടെ ജംഷഡ്ജി ‘ലിന്‍ഡിസ്ഫാര്‍നെ’ എന്ന മറ്റൊരു കപ്പല്‍ കൂടി പാട്ടത്തിനെടുത്തു. ഈ കപ്പല്‍ അന്ന് ബോംബെ- ചൈന- ജപ്പാന് റൂട്ടില്‍ പ്രവര്‍ത്തിച്ചു. ടാറ്റയുടെ നീക്കം മനസിലാക്കി പി ആന്‍ഡ് ഒ മത്സരം കടുപ്പിച്ചു. അങ്ങനെ കമ്പനി ടണ്ണിന് 1.8 രൂപ കുറച്ചതായി പ്രഖ്യാപിച്ചു. പക്ഷെ ഈ ഇളവിന് വ്യാപാരികള്‍ ടാറ്റ ലൈനോം, എന്‍വൈകെ അനുബന്ധ കപ്പലുകളോ ഉപയോഗിക്കരുതെന്ന കരാറില്‍ ഒപ്പുവയ്ക്കണമെന്ന് കമ്പനി ശഠിച്ചു.
കൂടാതെ തെരഞ്ഞെടുത്ത ചില വ്യാപാരികള്‍ക്ക് അവരുടെ പരുത്തി ജപ്പാനിലേക്ക് സൗജന്യമായി ഷിപ്പിംഗ് വാഗ്ദാനം ചെയ്യുകയും, ടാറ്റ ലൈനിന്റെ ‘ലിന്‍ഡിസ്ഫാര്‍നെ’ പരുത്തി കൊണ്ടുപോകാന്‍ യോഗ്യമല്ലെന്ന് വാര്‍ത്തകള്‍ പരത്തുകയും ചെയ്തു. പി ആന്‍ഡ് ഒയുടെ അന്യായമായ നടപടികളെക്കുറിച്ച് ജംഷഡ്ജി ബ്രിട്ടീഷ് ഇന്ത്യന്‍ സര്‍ക്കാരിനോട് ആശങ്ക ഉന്നയിച്ചെങ്കിലും ഒരു ഫലമുണ്ടായില്ല.
ക്രമേണ മുംബൈയിലെ കോട്ടണ്‍ മില്ലുകള്‍ ടാറ്റ ലൈനുമായുള്ള കരാര്‍ പിന്‍വലിക്കാന്‍ തുടങ്ങി. താന്‍ ടാറ്റ ലൈന്‍ നിര്‍ത്തിയാല്‍ പി ആന്‍ഡ് ഒ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് ജംഷഡ്ജി മുന്നറിയിപ്പ് നല്‍കിയിട്ടും ഫലമുണ്ടായില്ല. ടാറ്റ ലൈന്‍ തുടങ്ങാനുള്ള ജംഷഡ്ജിയുടെ ലക്ഷ്യങ്ങളെ ചോദ്യം ചെയ്തു ചില കത്തുകള്‍ പ്രാദേശിക പത്രങ്ങളില്‍ വന്നു. ജംഷഡ്ജി ഇതിനകം 1,00,000 രൂപയില്‍ കൂടുതല്‍ ടാറ്റ ലൈനില്‍ നിക്ഷേപിച്ചിരുന്നു. ബിസിനസിന് പതിനായിരക്കണക്കിന് രൂപയുടെ പ്രതിമാസ നഷ്ടം നേരിട്ടു. ഇങ്ങനെ ടാറ്റ ലൈനിന് മുമ്പോട്ട് പോകുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം മനസിലാക്കി. അങ്ങനെ പാട്ടത്തിനെടുത്ത കപ്പലുകള്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചയക്കുകയും, കമ്പനി പിരിച്ചുവിടുകയും ചെയ്തു.
രസകരമെന്നു പറയട്ടെ, 2007 -ല്‍ ടാറ്റ ഗ്രൂപ്പും, ജപ്പാനിലെ എന്‍വൈകെ ഷിപ്പിംഗും വീണ്ടും ഒന്നിച്ചു. ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ സ്റ്റീലും, എന്‍വൈകെ ലൈനും 50:50 പങ്കാളിത്തത്തില്‍ ടാറ്റ എന്‍വൈകെ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു ഷിപ്പിംഗ് കമ്പനി ആരംഭിച്ചു.
Discover the untold story of Tata’s first venture—Tata Line, Jamshedji Tata’s bold attempt to break P&O’s monopoly in Indian shipping, marking the start of Tata’s empire.