പ്രതിസന്ധികളെയും പ്രതികൂല അവസ്ഥകളെയും മറികടന്ന് വിജയം നേടുന്നവർ എപ്പോഴും എല്ലാവർക്കും പ്രചോദനമാണ്. അത്തരത്തിൽ എല്ലാവർക്കും പ്രചോദനമാകുകയാണ് തമിഴ്നാട്ടിലെ തിരുവണ്ണാമല പുലിയൂർ സ്വദേശിനി വി ശ്രീപതി എന്ന പെൺകുട്ടി. തമിഴ്നാട്ടിലെ മലയാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള പെൺകുട്ടിയാണ് ശ്രീപതി. 23ാമത്തെ വയസ്സിൽ ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിത ജഡ്ജി എന്ന അഭിമാനനേട്ടം ആണ് ഈ പെൺകുട്ടി സ്വന്തമാക്കിയിരിക്കുന്നത്.

തമിഴ്നാട്ടിൽ യേലഗിരി കുന്നിൽ വിദ്യാഭ്യാസം നേടിയ ശ്രീപതി പ്ലസ് ടൂ കഴിഞ്ഞതിന് ശേഷം നിയമബിരുദത്തിന് പ്രവേശനം നേടി. പഠിക്കാൻ മിടുക്കിയായിരുന്നു ശ്രീപതി. നിയമപഠനം പൂർത്തിയാക്കുന്നതിന് മുമ്പായിരുന്നു ശ്രീപതിയുടെ വിവാഹം. വിവാഹിതയായിട്ടും ശ്രീപതി പഠനം തുടർന്നു. ഗർഭിണി ആയിരിക്കേ ടിഎന്‍പിഎസ്‌സി സിവിൽ ജഡ്‌ജ് പരീക്ഷ (തമിഴ്‌നാട് സ്റ്റേറ്റ് ജുഡീഷ്യൽ സർവീസ്) എഴുതുന്നതിനായുള്ള തയ്യാറെടുപ്പ് നടത്തി.

കഴിഞ്ഞ വർഷം നവംബറിലായിരുന്നു മെയിൻ പരീക്ഷയുടെ തീയതി. പ്രസവത്തിനായുള്ള തീയതിയും അതേ മാസത്തിൽ തന്നെയായിരുന്നു. പരീക്ഷ തീയതിക്ക് 2 ദിവസങ്ങൾക്ക് മുമ്പ് ശ്രീപതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കുഞ്ഞ് ജനിക്കുകയും ചെയ്തു.  എന്നാൽ പരീക്ഷയെഴുതുന്നതിൽ നിന്നും പിൻമാറാൻ ശ്രീപതി തയ്യാറായിരുന്നില്ല. പ്രസവം കഴിഞ്ഞ് വെറും രണ്ട് ദിവസം മാത്രം പിന്നിട്ടപ്പോൾ, ഡോക്ടറുടെ നിർദേശ പ്രകാരം ശ്രീപതി കൈക്കുഞ്ഞിനെയും കൊണ്ട് സിവിൽ ജ‍ഡ്ജ് പരീക്ഷ എഴുതാൻ പോയി. കിലോമീറ്ററുകൾ താണ്ടിയാണ് ശ്രീപതി പരീക്ഷക്കായി എത്തിയത്. ഈ പരീക്ഷ പാസായ ശ്രീപതി ആറ് മാസത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം സിവിൽ ജ‍ഡ്ജിയായി സ്ഥാനമേൽക്കും.

തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ ഓഫീസിന് മുന്നിൽ തന്റെ പെൺകുഞ്ഞിനൊപ്പം ശ്രീപതി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ ശ്രീപതിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഒരു മലയോര ഗ്രാമത്തിൽ നിന്ന് അധികം സൗകര്യങ്ങളൊന്നുമില്ലാത്ത, ആദിവാസി സമൂഹത്തിൽ നിന്നുള്ള ഒരു പെൺകുട്ടി ഇത്തരത്തിലൊരു പദവിയിലേക്ക് എത്തിയതിൽ ഞാൻ സന്തോഷിക്കുന്നു. അവർക്ക് പിന്തുണ നൽകിയ മാതാപിതാക്കൾക്കും ഭർത്താവിനും അഭിനന്ദനം അറിയിക്കുന്നു എന്നും എംകെ സ്റ്റാലിൻ പറഞ്ഞു.  തമിഴ് ഭാഷയിൽ പഠിച്ചവർക്ക് സർക്കാർ ജോലിക്ക് മുൻഗണന എന്ന നിലയിൽ സർക്കാർ കൊണ്ടുവന്ന ഉത്തരവിലൂടെയാണ് ശ്രീപതി ജഡ്‌ജിയായി തെരഞ്ഞെടുക്കപ്പെട്ടത് എന്നറിയുന്നതിൽ അഭിമാനമുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. വിജയത്തിന് പിന്തുണ നൽകിയ അമ്മയ്ക്കും ഭർത്താവിനും അഭിനന്ദനങ്ങൾ, മുഖ്യമന്ത്രി പ്രശംസിച്ചു. കൂടാതെ, ‘സാമൂഹ്യനീതി എന്ന വാക്ക് പോലും ഉച്ചരിക്കാൻ മനസില്ലാതെ തമിഴ്‌നാട്ടിലെത്തുന്ന ചിലർക്ക് തമിഴ്‌നാട് നൽകുന്ന മറുപടിയാണ് ശ്രീപതിയെപ്പോലുള്ളവരുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഉദയനിധി സ്റ്റാലിനും ശ്രീപതിയെ അഭിനന്ദിച്ചിരുന്നു.

V. Sripathy, a 23-year-old from Yelagiri Hills, has made history as the first civil judge from her Malayali tribe. Her achievement, recognized by Chief Minister M.K. Stalin, highlights her dedication and overcoming challenges from a remote village to the judiciary.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version