പഞ്ചാബിലെ ദെഹ് കലൻ ഗ്രാമത്തിലെ ബച്ചിത്താർ സിംഗ് ഗാർച്ച, ഉരുളക്കിഴങ്ങ് കൃഷിയിൽ വൻ നഷ്ടം നേരിട്ടതിന് ശേഷമാണ് സോയാബീൻ കൃഷിയിലേക്കും സംസ്കരണത്തിലേക്കും തിരിയുന്നത്. സോയാബീൻ സംസ്കരണം നടത്തി പാലും ടോഫുവുമാക്കി മാറ്റുന്നതിനുള്ള ഒരു ഓട്ടോമാറ്റിക് പ്ലാൻ്റ് നടത്തുന്ന അദ്ദേഹം ഇപ്പോൾ ഏകദേശം 48 ലക്ഷം രൂപ വരെ വാർഷിക വിൽപ്പന നടത്തുന്നുണ്ട്.
90 കളുടെ അവസാനം വരെ, ഉരുളക്കിഴങ്ങ് കൃഷി ചെയ്തുകൊണ്ട് അദ്ദേഹം വലിയ ലാഭം കൊയ്തിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി വിപണിയിലുണ്ടായ തകർച്ച അദ്ദേഹത്തിന് 3 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. മൂന്ന് വർഷം തുടർച്ചയായി അദ്ദേഹത്തിൻ്റെ ഉൽപ്പന്നങ്ങൾ കോൾഡ് സ്റ്റോറേജിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയും ഉണ്ടായി. ഇതേതുടർന്ന് കടക്കെണിയിലായ കർഷകൻ തൻ്റെ ഏക സമ്പത്ത് ആയ 15 ഏക്കർ കൃഷിഭൂമി വിൽക്കാൻ നിർബന്ധിതനായി.
ഇതിനിടയിൽ ആണ് സോയാബീൻ കൃഷിയുടെയും സംസ്കരണത്തിൻ്റെയും ഗുണങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് 1993-ൽ ഡൽഹിയിൽ നടന്ന ഒരു വ്യാപാരമേളയിൽ അദ്ദേഹം പങ്കെടുക്കുന്നത്. തുടർന്ന് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറലിൽ നിന്ന് സോയ ബീനിൽ നിന്നും പാലും സോയ പനീറും തയ്യാറാക്കുന്നതിൽ അദ്ദേഹം പരിശീലനം നേടി. തിരികെ വന്നശേഷം, സോയ പാലും ടോഫുവും ഉൽപ്പാദിപ്പിക്കുന്നതിനായി അദ്ദേഹം ഒരു ചെറിയ ഒറ്റമുറി ഫാക്ടറി സ്ഥാപിച്ചു. ഉൽപ്പന്നങ്ങളുടെ വിപണനത്തിന് മറ്റ് മാർഗങ്ങളൊന്നുമില്ലാതെ, തൻ്റെ പലചരക്ക് കടയിൽ വരുന്ന ഉപഭോക്താക്കൾക്ക് അവ സാമ്പിളുകളായി നൽകാൻ തുടങ്ങി.
പശുവിൻ്റെയും എരുമയുടെയും പാൽ ഇഷ്ടപ്പെടുന്ന സ്ഥലത്ത് ഈ ഉൽപ്പന്നം വിപണനം ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. അതിനാൽ, അവർക്ക് അതിൻ്റെ രുചി ഇഷ്ടപ്പെട്ടെങ്കിലും, ആരും അത് കാശുകൊടുത്ത് വാങ്ങാൻ തയാറായില്ല. ഇതിനിടയിൽ കൃഷി വകുപ്പിലെ പ്രശസ്തരായ ഏതാനും ഉദ്യോഗസ്ഥർ പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ദെഹ് കലാൻ ഗ്രാമത്തിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. പഞ്ചാബ് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി (പിഎയു) വൈസ് ചാൻസലർ ഡോ. ജി.എസ്. കല്ലാട്ട്, ഇന്ത്യയിലെ ഹരിതവിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന കൃഷി ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥൻ എന്നിവർ ഉൾപ്പെടുന്ന സംഘം ആയിരുന്നു ഈ യാത്രയിൽ ഉണ്ടായിരുന്നത്. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിലാണ് ബച്ചിത്താർ സിങ്ങിനെക്കുറിച്ച് ഇവർ അറിയുന്നത്. ഗാർച്ച നടത്തുന്ന സോയാബീൻ സംസ്കരണ യൂണിറ്റിനെ കുറിച്ചും ഇവർ മനസിലാക്കി. ഗോതമ്പും നെൽകൃഷിയും കൂടുതലുള്ള പ്രദേശത്ത് സോയാബീൻ സംസ്ക്കരിക്കുന്നതിനുള്ള ഈ പുതിയ സംരംഭം തുടങ്ങിയ ഈ കർഷകനെ കുറിച്ചറിഞ്ഞപ്പോൾ ഇവർക്ക് ആശ്ചര്യം കൂടി.
“എൻ്റെ വീടിന് പുറത്ത് ഇത്രയധികം ഉദ്യോഗസ്ഥരെ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു” എന്നാണ് 65-കാരനായ കർഷകൻ ഇതേക്കുറിച്ചുള്ള ഓർമ്മ പങ്കുവയ്ക്കുന്നത്. ഡോക്ടർ സ്വാമിനാഥൻ, ഈ കർഷകൻ നൽകിയ ടോഫു (പനീർ) വും സോയ പാലും കഴിച്ചു നോക്കിയപ്പോൾ അവ അദ്ദേഹത്തിന് ശരിക്കും ഇഷ്ടപ്പെട്ടു. എവിടെയാണ് ഇവ വിപണനം ചെയ്തതെന്ന് അറിയാൻ അദ്ദേഹത്തിന് ഒരു ആഗ്രഹവും തോന്നി.
ഈ ഉല്പന്നങ്ങൾ സൗജന്യമായി നൽകുന്നുവെന്ന് അദ്ദേഹം ശാസ്ത്രജ്ഞനോട് തമാശയായി വെളിപ്പെടുത്തിയപ്പോൾ, അയാൾ അമ്പരന്നു. പക്ഷേ, അതൊരു വഴിത്തിരിവായി മാറിയെന്ന് ബച്ചിത്താർ പറയുന്നു. അതിനുശേഷം ഒരിക്കലും തൻ്റെ ഉൽപ്പന്നങ്ങൾ അദ്ദേഹത്തിന് സൗജന്യമായി നൽകേണ്ടി വന്നില്ല. പഞ്ചാബ് കാർഷിക സർവകലാശാലയുടെ സഹായത്തോടെ അദ്ദേഹത്തിന് മാർക്കറ്റ് ലിങ്കേജ് സൗകര്യങ്ങൾ ഒരുക്കി ഒപ്പം കാമ്പസിൽ ഒരു വിൽപ്പന ബൂത്ത് അനുവദിക്കുകയും ചെയ്തു.
ഇന്ന്, സോയാബീനിൽ നിന്നും പാലും ടോഫുവുമുണ്ടാക്കാൻ ബച്ചിത്താർ ഒരു ഓട്ടോമാറ്റിക് പ്ലാൻ്റ് നടത്തുന്നുണ്ട്. കൂടാതെ ഇതിന്റെ സംസ്കരണ അവശിഷ്ടങ്ങളിൽ നിന്ന് ഉപോൽപ്പന്നങ്ങളായി അദ്ദേഹം ബിസ്ക്കറ്റ്, മിച്ചർ എന്നിവ തയ്യാറാക്കുന്നുണ്ട്. ‘വിഗൂർ സോയ ഹെൽത്ത് മിൽക്ക്’ എന്ന ഇദ്ദേഹത്തിന്റെ ഉൽപ്പന്നം ലുധിയാന, സംഗ്രൂർ, ധുരി, ബർണാല, ബതിന്ഡ, രാജ്പുര ജില്ലകളിൽ ഒരു വലിയ ഉപഭോക്തൃ അടിത്തറ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. ഇതിന്റെ വാർഷിക വിൽപ്പന 48 ലക്ഷം രൂപയിലധികമാണ്. ഈ ഓട്ടോമാറ്റിക് സോയാബീൻ സംസ്കരണ പ്ലാൻ്റ് ഉപയോഗിച്ച് ആവശ്യാനുസരണം, ദിവസവും 700 ലിറ്റർ പാൽ തയ്യാറാക്കുന്നുണ്ട്. ഇത് പ്രതിവർഷം 10-12 ലക്ഷം രൂപ ലാഭം നേടുന്നുമുണ്ട്.
2003-ലെ സംസ്ഥാന അവാർഡും 2004-ൽ ചൗധരി ചരൺ സിംഗ് ദേശീയ അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ സോയ വ്യവസായത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2023-ലെ സോയിൽ പാനീയത്തിനുള്ള പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Bachittar Singh Garcha, a farmer from Punjab, turned his life around by venturing into soybean farming and processing. After facing severe losses in potato farming, Garcha’s soy milk and tofu business now earns up to ₹48 lakh annually.