ആലപ്പുഴയിലെ കൈതപ്പുഴ കായലിന്റെ തീരത്ത് ജനിച്ചുവളർന്ന ഒരു മലയാളി പയ്യന് മീനിനോട് ഒരു അധിക ഇഷ്ടം തോന്നുന്നത് സാധാരണമാണ്. എന്നാൽ ആ ഇഷ്ടം മാത്യു ജോസഫ് എന്ന മനുഷ്യനെ എത്തിച്ചത് ലോകത്തിലെ തന്നെ ആദ്യത്തെ ഓണ്‍ലൈൻ പച്ചമീൻ ഹോം ഡെലിവറി ബിസിനസിലേക്ക് ആയിരുന്നു. മീനിനോടുള്ള സ്നേഹം പിന്നീട് അതേ ബിസിനസിലേക്ക് തന്നെ തിരിയാൻ കാരണമാവുകയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഫിഷ് മാർക്കറ്റ്, ലോകത്തിലെ ആദ്യത്തെ പച്ചമീൻ ഓൺലൈൻ ബ്രാൻഡ്, ആമസോൺ ആദ്യമായി ഇൻവെസ്റ്റ് ചെയ്ത മലയാളി ബ്രാൻഡ് ഇങ്ങിനെ വിശേഷണങ്ങൾ ഏറെയാണ് ഫ്രഷ് ടു ഹോം എന്ന സംരഭത്തിന്. തന്റെ സംരംഭക യാത്രയെ കുറിച്ചും ബിസിനസ് വിജയത്തെ കുറിച്ചും ചാനൽ അയാമിന്റെ മൈ ബ്രാൻഡ് മൈ പ്രൈഡ് എന്ന ഷോയിൽ സംസാരിക്കുകയാണ് മാത്യു ജോസഫ്.
ബിസിനസിലേക്ക്
“മീനില്ലാതെ ഫുഡ് കഴിക്കാൻ പറ്റാത്ത ആളാണ് ഞാൻ. ഒന്നും ഇല്ലെങ്കിലും തലേ ദിവസം മീൻകറി ഉണ്ടാക്കിയ ചട്ടിയുടെ മണം എങ്കിലും വേണമായിരുന്നു ആഹാരം കഴിക്കാൻ. ചോറുണ്ണണമെങ്കിൽ മീൻ നിർബന്ധമാണ്. ഏറ്റവും ഇഷ്ടം ഇലച്ചിൽ എന്ന കായൽ മീനാണ്. മാന്തൽ എന്ന മീനിന്റെ കായൽ മീൻ ആണ് ഇലച്ചിൽ. മീനിനോടുള്ള ഇഷ്ടം കൊണ്ട് ഈ ബിസിനസിലേക്ക് വരും മുൻപ് 11 വർഷം ഒരു സീഫുഡ് എക്സ്പോർട്ടിങ് കമ്പനിയിൽ ജോലി ചെയ്തു. അക്കൗണ്ടന്റായി തുടങ്ങി ഓപ്പറേഷൻ മാനേജർ ആയിട്ട് വരെ പ്രവർത്തിച്ചു. ബിസിനസ് തുടങ്ങാൻ പോകുന്ന എല്ലാവർക്കും വേണ്ടത് അനുഭവ സമ്പത്ത് ആണ്. പുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന അറിവുകളെക്കാൾ അനുഭവിച്ചറിയുന്ന എക്സ്പീരിയൻസ് തന്നെയാണ് വേണ്ടത്. എല്ലാവരും വിജയിച്ചവരുടെ കഥകൾ മാത്രം ആണ് ഈ ലോകത്ത് കേൾക്കാറുള്ളത്. പരാജയപ്പെട്ടവരെ കൂടി കേൾക്കണം. ബിസിനസ് ലോകത്ത് പഠിക്കാൻ ഉള്ളത്, എന്ത് ചെയ്യണം എന്നതിനേക്കാൾ എന്ത് ചെയ്യരുത് എന്നതാണ്.
ചെറുപ്പത്തിൽ ഒരു ബിസിനസുകാരന് നാട്ടിൽ ലഭിക്കുന്ന ബഹുമാനം കണ്ടിട്ടാണ് ഒന്നും അറിയാത്തൊരു പ്രായത്തിൽ ബിസിനസിലേക്ക് എത്തണം എന്ന് ആഗ്രഹിച്ചു തുടങ്ങിയത്. ഞാൻ അഭിമാനത്തോടെ പറയും ഞാൻ ഒരു മീൻ കച്ചവടക്കാരൻ ആണ് എന്ന്. കഴിഞ്ഞ വർഷത്തെ ടേൺ ഓവർ 1100 കോടി ആയിരുന്നു. ഇന്ത്യയിലെ മീൻ മാർക്കറ്റ് കരുതുന്നതിലും വലുതാണ്. ലോകത്തിൽ ബിസിനസ് ചെയ്യാൻ ഏറ്റവും നല്ലത് ഇന്ത്യൻ മാർക്കറ്റ് ആണ്.
ധീരുഭായ് അംബാനിയെ കാണാൻ
നമുക്കെല്ലാവർക്കും സ്വപ്നം പോലെ ഒരു റോൾ മോഡൽ ഉണ്ടാവണം.എന്റെ റോൾ മോഡസ്‍ ധിരുഭായ് അമ്പാനിയാണ്.ഒരിക്കലും അദ്ദേഹത്തെ അനുകരിച്ചിട്ടില്ല. അദ്ദേഹത്തെ എന്റെ റോൾ മോഡൽ ആക്കണം എന്ന് തോന്നിയത് ബിസിനസിനോട് അത്രയ്ക്ക് പാഷൻ ഉള്ള ഒരാൾ ആണ് അദ്ദേഹം എന്നുള്ളത് കൊണ്ടാണ്. ഇന്നത്തെ പോലെ അന്ന് യൂട്യൂബ് ഒന്നും ഇല്ല. ബിസിനസ് മാഗസിനുകളിൽ നിന്നാണ് വായിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് മാൻ ആണ് അദ്ദേഹം എന്ന് അറിയുന്നത്. പിന്നെ ആഗ്രഹം അദ്ദേഹത്തെ ഒന്ന് കാണുക, ഒന്ന് തൊടുക എന്നത് ആയിരുന്നു. ഞാൻ കാണാൻ ചെന്നപ്പോഴേക്കും അദ്ദേഹം അവിടെ നിന്നും മുംബൈയിലേക്ക് മാറിയിരുന്നു. റിലയൻസ് കുടുംബത്തിലെ ബന്ധുക്കളെ ഒക്കെ കണ്ടിട്ടുണ്ട്.
ഫ്രഷ് ടു ഹോമിന്റെ പിറവി
എന്തുകൊണ്ടാണ് ജനം ഫ്രഷ് ടു ഹോമിനെ ഏറ്റെടുത്തത് എന്ന് ആലോചിച്ചിട്ടുണ്ടോ? എല്ലാവരും ചെയ്യുന്ന ഒരു ജോലി ചെയ്യാൻ എളുപ്പമാണ്. എല്ലാവരാലും ചെയ്യാൻ കഴിയാത്ത ഒരു ജോലി ചെയ്യുക എന്നതാണ് ബുദ്ധിമുട്ട്. പച്ചമീൻ പാക്ക് ചെയ്തു വിടുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അത്തരം ഒരു കാര്യം ചെയ്യുന്നത് തന്നെയാണ് ഫ്രഷ് ടു ഹോം ശ്രദ്ധിക്കപ്പെടാൻ കാരണം. ഞാൻ ഇത് ചെയ്യാൻ തുടങ്ങും മുൻപ് ഡൽഹിയിലും ബാംഗ്ലൂരിലും ഉള്ള എല്ലാ മാർക്കറ്റുകളിലെയും മീനുകൾ പരിശോധിച്ചതാണ്. 2011-12 കാലഘട്ടത്തിൽ ഞാൻ അത് പരിശോധിക്കുമ്പോൾ തന്നെ 60 % അമോണിയയും ബാക്കി ഫോർമലിനും കണ്ടെത്തിയിട്ടുണ്ട്. അത്രയും കാലം മീനുമായി ബന്ധമുള്ള ജോലികൾ ചെയ്തിരുന്ന എനിക്ക് പോലും അറിയില്ലായിരുന്നു മീനിൽ ഫോർമലിൻ ചേർക്കും എന്ന്. അത്തരം ഒരു മാർക്കറ്റിനെ നമുക്ക് പിടിച്ചെടുക്കണം എങ്കിൽ നമ്മൾ അവർ ഫേസ് ചെയ്യുന്ന പ്രശ്നത്തിന് ഒരു പരിഹാരം നൽകണം. അത്തരത്തിൽ നല്ല മീൻ വേണം എന്ന് ആഗ്രഹിച്ചിരുന്ന ആളുകൾക്ക് അതിനുള്ള പരിഹാരമാണ് ഫ്രഷ് ടു ഹോം നൽകിയത്.
മീനായാലും ഇറച്ചിയായാലും കേടുകൂടാതെ നമുക്ക് സൂക്ഷിക്കാൻ കഴിയും. അതിനു ചെയ്യേണ്ടത് ആ വസ്തുവിനെ 0 മുതൽ 4 ഡിഗ്രിയിൽ സൂക്ഷിക്കുക എന്നതാണ്. നോർമലി അരമണിക്കൂർ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നതിന്റെ ഈ ഡിഗ്രിയിൽ സൂക്ഷിച്ചാൽ രണ്ടുദിവസം വരെ കേടുകൂടാതെ വയ്ക്കാൻ പറ്റും. കോൾഡ് ചെയിൻ എന്നാണ് ഇതിനെ പറയുന്നത്. . സാക്ഷാൽ സച്ചിൽ ടെണ്ടുൽക്കർ, ബോളിവുഡ് സിനിമയിലെ സൂപ്പർ താരങ്ങൾ എന്നിവർ ഫ്രഷ്ഡ് ഹോമിന്റെ കസ്റ്റമേഴ്സ് ആണ്.
ഷാൻ കടവിലും മാത്യു ജോസഫും ചേർന്ന് 2015ലാണ് ഫ്രഷ് ടു ഹോം തുടങ്ങുന്നത്.
കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.
Mathew Joseph, co-founder of Fresh to Home, turned his love for fish into India’s first online raw fish home delivery business. Discover how his passion and entrepreneurial spirit created the world’s first green fish brand invested by Amazon.