ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ ഇതുവരെ ആർക്കും ലഭിച്ചിട്ടില്ലാത്ത ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് മെഗാസ്റ്റാർ കെ ചിരഞ്ജീവിക്ക് ഞായറാഴ്ച ലഭിച്ചു. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സിൻ്റെ പ്രതിനിധി ചിരഞ്ജീവിക്ക് സർട്ടിഫിക്കറ്റ് കൈമാറി.
ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ ഗാനരംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ നൃത്തച്ചുവടുകള്‍ ചെയ്ത താരം എന്ന അവാർഡ് ആണ് കൊനിഡെല ചിരഞ്ജീവി അല്ലെങ്കിൽ മെഗാ സ്റ്റാർ 2024 സെപ്റ്റംബർ 20-ന് നേടിയത് എന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് നൽകിയ സർട്ടിഫിക്കറ്റിൽ പറയുന്നു. “ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ വർഷങ്ങളിലെല്ലാം എൻ്റെ സിനിമാജീവിതത്തിൽ നൃത്തം എൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്നു,” എന്നാണ് ഈ ബഹുമതിക്ക് എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ചിരഞ്ജീവി പറഞ്ഞത്. ഇന്ത്യയ്ക്ക് അകത്തോ പുറത്തോ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് ചിരഞ്ജീവിയെ തേടിയെത്തിയത്.
മെഗാ സ്റ്റാർ ചിരഞ്ജീവി തൻ്റെ 156 സിനിമകളിലായി 537 പാട്ടുകളിൽ 24,000 നൃത്തച്ചുവടുകൾ 45 വർഷത്തിനിടെ അവതരിപ്പിച്ചതായി നടനുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. 1978 സെപ്റ്റംബർ 22 നാണു അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
താൻ ചിരഞ്ജീവി ഗാരുവിൻ്റെ വലിയ ആരാധകനാണെന്ന് ചിരഞ്ജീവിക്കൊപ്പം വേദി പങ്കിട്ട സൂപ്പർ താരം ആമിർ ഖാൻ പറഞ്ഞു. “ഞാൻ അദ്ദേഹത്തെ എൻ്റെ ജ്യേഷ്ഠസഹോദരനായാണ് കാണുന്നത്. ചിരഞ്ജീവിക്ക് ഈ ബഹുമതി ലഭിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണ്, അത് അറിഞ്ഞപ്പോൾ ശരിക്കും ത്രില്ലായിരുന്നു. അദ്ദേഹത്തിൻ്റെ ഏതെങ്കിലും പാട്ടിൽ നിങ്ങൾ അദ്ദേഹത്തെ ശ്രദ്ധിച്ചാൽ അതിൽ അദ്ദേഹത്തിന്റെ ഹൃദയം നിങ്ങൾക്ക് കാണാൻ കഴിയും. അത്രയേറെ അദ്ദേഹം അത് ആസ്വദിച്ചാണ് ചെയുന്നത്” എന്ന് ആമിർ പറഞ്ഞു.
തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലായി 150 ലധികം ഫീച്ചർ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ചിരഞ്ജീവി തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ്. രുദ്ര വീണ, ഇന്ദ്രൻ, ടാഗോർ, സ്വയം ക്രുഷി, സെയ് റാ നരസിംഹ റെഡ്ഡി, സ്റ്റാലിൻ, ഗാംഗ് ലീഡർ എന്നിവ അദ്ദേഹത്തിൻ്റെ ജനപ്രിയ ചിത്രങ്ങളിൽ ചിലതാണ്.
Megastar Chiranjeevi receives the Guinness World Record for being the most prolific actor/dancer in Indian cinema. With 24,000 dance moves across 537 songs and 156 films, his 45-year career leaves a lasting legacy in Telugu and Indian cinema.