ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നിയമസഭാകക്ഷി യോഗത്തിൽ മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ മറ്റു ചേരുവകളും ഉപയോഗിച്ചെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ ആരോപണം വൻ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടി നിഷേധിക്കുകയും, ആന്ധ്രപ്രദേശ് കോൺഗ്രസ് പാർട്ടി അധ്യക്ഷയും ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്.ശർമിള സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്ത സംഭവ വികാസങ്ങൾ വാർത്തകളിലും സമൂഹമാധ്യമങ്ങളിലും ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിലേക്ക് ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ചേർത്ത നെയ്യ് വിതരണം ചെയ്‌തത് പാക്കിസ്‌ഥാന്‍  കമ്പനികളാണെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  ഈ പ്രചാരണം സത്യമാണോ എന്ന് ചാനൽ ഐ ആം നടത്തിയ വസ്തുതാ പരിശോധനയിലേക്ക്.

“തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിലേക്ക് ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ചേർത്ത് നെയ്യ് വിതരണം ചെയ്ത കമ്പനികൾ.ഇത് മനപ്പൂർവ്വം ചെയ്തതാണോ അല്ലയോ എന്ന കാര്യത്തിൽ ആർക്കും സംശയം ഒന്നും ഇല്ലല്ലോ?” എന്ന കുറിപ്പിനൊപ്പമാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുന്നത്.

തിരുമല തിരുപ്പതി ദേവസ്ഥാനമാണ് (ടിടിഡി) ക്ഷേത്രത്തിന്റെ ഭരണം നടത്തുന്നത്. ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പുമായി ബന്ധപ്പെട്ട ആരോപണം എആര്‍ ഡയറി എന്ന സ്ഥാപനത്തിനെതിരെയാണെന്ന് ലഭ്യമായ വാർത്താ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായി. പാകിസ്ഥാൻ കമ്പനികൾ മൃഗക്കൊഴുപ്പ് വിതരണം നടത്തിയത് സംബന്ധിച്ച് വിവരങ്ങളൊന്നും തന്നെ ലഭ്യമായില്ല. കൂടാതെ മത്സ്യ എണ്ണയ്ക്ക് നെയ്യിനെക്കാള്‍ വിലയുണ്ടെന്നും അത് കലര്‍ത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ചൂണ്ടിക്കാട്ടി എആര്‍ ഡയറി രംഗത്തെത്തിയിരുന്നു. പത്ത് ടൺ നെയ്യാണ് പ്രതിദിനം ക്ഷേത്രത്തിൽ ആവശ്യമായിട്ടുള്ളത്. എന്നാൽ അതിൽ 0.1% പോലും ഇവർ സപ്ലൈ ചെയ്തിട്ടില്ലെന്നും എആർ കമ്പനി വിവിധ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്. 470 രൂപ കിലോ നിരക്കിൽ നിലവിൽ നന്ദിനി–യാണ്  തിരുപ്പതി ക്ഷേത്രത്തിൽ നെയ്യ് വിതരണം ചെയ്യുന്നത്.

കൂടുതൽ അന്വേഷണത്തിൽ തിരുമല ദേവസ്വത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ ടെന്‍ഡര്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടുള്ളതായി കണ്ടെത്തി. സെപ്റ്റംബര്‍ 2024 മുതല്‍ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍(KMF) ആണ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള നെയ്യ് വിതരണ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. എക്‌സ് അക്കൗണ്ടിലെ വിവരങ്ങൾ പ്രകാരം പ്രിമിയര്‍ അഗ്രി ഫുഡ്‌സ്, കൃപാ റാം ഡയറി, വൈഷ്‌ണവി, ശ്രീ പരാഗ് മില്‍ക്ക്, എആര്‍ ഡയറി എന്നീ സ്ഥാപനങ്ങളാണ് തിരുപ്പതിയിലേക്ക് നെയ്യ് വിതരണം ചെയ്‌തിരുന്ന കമ്പനികള്‍.

വൈറല്‍ പോസ്റ്റിലുള്ള എആർ ഫുഡ്‌സിനെക്കുറിച്ചും അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇത് സുഗന്ധവ്യഞ്ജനങ്ങളും സ്നാക്സും വിതരണം ചെയ്യുന്ന പാക്കിസ്‌ഥാനിലെ ഇസ്‌ലാമാബാദിൽ  തന്നെയുള്ള കമ്പനിയാണെന്ന് ബോധ്യമായി. Food and Beverage Services Islamabad എന്നാണ് ഇവരുടെ വിവരങ്ങളിൽ നൽകിയിരിക്കുന്നത്.കൂടുതൽ തിരയലിൽ വൈറൽ പോസ്റ്റിൽ നൽകിയിരിക്കുന്ന പേരുകൾ ഇസ്‌ലാമാബാദിലെ AR Foods കമ്പനിയിലെ തൊഴിലാളികളുടെ വിവരങ്ങളാണെന്ന് സ്ഥിരീകരിക്കുന്ന മറ്റൊരു റിപ്പോർട്ടും  ലഭിച്ചു. ഇതിൽ നിന്ന് തിരുമല തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തിരുന്നത് പാക്കിസ്‌ഥാനിൽ നിന്നുള്ള കമ്പനികളല്ലെന്ന്  വ്യക്തമായി. നെയ്യ് വിതരണം നടത്തിയത് ഇന്ത്യൻ കമ്പനികളാണ്.

Recent allegations regarding ghee mixed with animal fat in Tirupati temple laddus have been fact-checked, revealing no involvement from Pakistani companies. The temple’s ghee is supplied by Indian firms, including Karnataka Milk Federation.

Share.

Comments are closed.

Exit mobile version