ഭാഗ്യം വരുന്ന വഴിയേതാണ് എന്ന് പറയാൻ സാധിക്കില്ല എന്ന് പറയും പറയുംപോലെ ആണ് പലരുടെയും ജീവിതവും. ഒട്ടും പ്രതീക്ഷിക്കാത്ത ആശയങ്ങളാകും പലർക്കും വിജയങ്ങൾ സമ്മാനിക്കുക. അത്തരത്തിലൊരു കഥയാണ് പൂനം ഗുപ്തയ്ക്കും ഉള്ളത്. കുപ്പയിലും മാണിക്യം ഉണ്ട് എന്ന് പറയുന്നത് ശരി വയ്ക്കും പോലെ പലരും തലവേദനയായി കരുതുന്ന മാലിന്യങ്ങളാണ് പൂനത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്.
സ്വന്തം ആശയം കൊണ്ട് ഉയർന്ന് വന്ന ഒരു സംരംഭകയാണ് പൂനം ഗുപ്ത. ഒരു പേപ്പർ റീസൈക്ലിംഗ് ബിസിനസ് സ്ഥാപിച്ച് അതിനെ 800 കോടി രൂപയുടെ സാമ്രാജ്യമാക്കി മാറ്റാൻ ചെറു പ്രായത്തിൽ തന്നെ പൂനത്തിന് സാധിച്ചു. ഈ നേട്ടങ്ങൾ എല്ലാം പൂനം കൈവരിച്ചത് വിദേശ മണ്ണിലാണെന്നതും പൂനത്തിന്റെ മറ്റൊരു വിജയം തന്നെയാണ്.
ഡൽഹിലാണ് പൂനം ജനിച്ചത്. ലേഡി ഇർവിൻ സ്കൂളിലും, ഡൽഹി പബ്ലിക് സ്കൂളിലുമാണ് പഠിച്ചത്. തുടർന്നു ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം നേടി. ഡൽഹിയിലെ തന്നെ ഫോർ സ്കൂൾ ഓഫ് മാനേജ്മെന്റ്, ഹോളണ്ടിലെ മാസ്ട്രിക്റ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് എന്നിവിടങ്ങളിൽ നിന്നായി ഇന്റർനാഷണൽ ബിസിനസ് ആൻഡ് മാർക്കറ്റിംഗിൽ എംബിഎ ചെയ്തു.
2002 ൽ വിവാഹ ശേഷം പൂനം ഭർത്താവിനൊപ്പം സ്കോട്ട്ലൻഡിലേയ്ക്ക് പറന്നു. അവിടെ അനുയോജ്യമായ ഒരു ജോലി കണ്ടെത്താൻ പൂനത്തിന് കഴിഞ്ഞില്ല. അങ്ങനെയാണ് ഒരു ബിസിനസ് എന്ന ആശയത്തിലേയ്ക്ക് പൂനം എത്തിയത്. 2003 -ൽ സ്കോട്ട്ലൻഡിലെ കിൽമാകോമിലുള്ള തന്റെ വീട്ടിൽ ഇരുന്നുകൊണ്ട് സ്കോട്ടിഷ് സർക്കാരിൽ നിന്ന് ലഭിച്ച ഒരു ലക്ഷം രൂപ മുതൽമുടക്കിൽ പിജി പേപ്പർ കമ്പനി ലിമിറ്റഡ് എന്ന കമ്പനി പൂനം സ്ഥാപിച്ചു.
വിവിധ ഉറവിടങ്ങളിൽ നിന്നു പേപ്പറുകളുടെ റീസൈക്ലിംഗ്, ഉപോൽപ്പന്നങ്ങൾ എന്നിവയെ കുറിച്ച് പൂനം അറിവ് നേടിയിരുന്നു. പലർക്കും തലവേദനയായിരുന്നു പേപ്പർ മാലിന്യങ്ങളായിരുന്നു പൂനത്തിന്റെ അസംസ്കൃത വസ്തുക്കൾ. ആർക്കും വേണ്ടാത്തത് ആയതുകൊണ്ട് തന്നെ വളരെ കുറഞ്ഞ ചെലവിൽ അത് കണ്ടെത്താൻ പൂനത്തിന് സാധിച്ചു. പല കമ്പനികളുമായി കരാറുണ്ടാക്കിയ പൂനം, റീസൈക്കിൾ ചെയ്ത പേപ്പർ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് അതിവേഗം വിപണി പിടിച്ചെടുത്തു.
മികച്ച ജോലിയുണ്ടായിരുന്ന തന്റെ ഭർത്താവിന് ഒന്നര കോടിയുടെ ശമ്പള പാക്കേജ് നൽകി കൊണ്ട്, തന്റെ കമ്പനി തുടങ്ങി ആറു മാസം കൊണ്ട് തന്നെ കമ്പനിയിൽ എത്തിക്കാൻ പൂനത്തിന് സാധിച്ചു. ഉപേക്ഷിക്കപ്പെട്ട ഉൽപ്പന്നങ്ങൾ സംരക്ഷിക്കാനും, വീണ്ടും ഉപയോഗിക്കാനും ആയിരുന്നു തുടക്കത്തിൽ പൂനം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കമ്പനി വളർന്നതോടെ ഇതിന്റ അർത്ഥവും, വ്യാപ്തിയും വർധിച്ചു.
ഇന്നു ലോകമെമ്പാടും വളർന്നു പന്തലിച്ചു കിടക്കുന്ന സാമ്രാജ്യമാണ് പിജി പേപ്പർ എന്ന പൂനത്തിന്റെ കമ്പനി. ഈ സ്ഥാപനം 53 -ലധികം രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. യുകെയിലെ അതിവേഗം വളരുന്ന പേപ്പർ കമ്പനികളിലൊന്നാണ് ഇന്ന് പിജി. പൂനത്തിന്റെ കഠിനാധ്വാനവും ദൃഢനിശ്ചയവും ആണ് ഈ ചെറിയ ആശയത്തെ ഒരു വലിയ സാമ്രാജ്യമാക്കി വളർത്തിയത്.
നിലവിലെ റിപ്പോർട്ടുകൾ പ്രകാരം പിജി പേപ്പറിന്റെ ആസ്തി 800 കോടി രൂപ പിന്നിട്ടിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ്, മെഡിക്കൽ എന്നിവയുൾപ്പെടെ ഐടി മേഖലയിലേക്കും അവളുടെ കമ്പനി ചുവടുവച്ചു കഴിഞ്ഞു. സ്കോട്ട്ലൻഡിലാണ് കമ്പനിയുടെ ആസ്ഥാനം. ഏകദേശം 350 പേർക്ക് തൊഴിൽ നൽകാൻ പൂനത്തിന് ഇന്ന് സാധിക്കുന്നുണ്ട്. ഏഴ് രാജ്യങ്ങളിലായി ഇന്നു 9 ഓഫീസുകൾ പിജി പേപ്പറിനുണ്ട്. വരും സാമ്പത്തിക വർഷം പിജി പേപ്പറിന്റെ വരുമാനം 1,000 കോടി കവിയുമെന്ന് പൂനം പ്രതീക്ഷിക്കുന്നു.
Discover the inspiring journey of Poonam Gupta, an entrepreneur who transformed her passion for paper recycling into an Rs 800 crore empire, creating jobs and promoting sustainability across the globe.