ടിക്കറ്റ് ഇതര വരുമാനത്തിൽ KSRTC ക്ക് ഇപ്പോൾ അവകാശപെടാനുള്ളത് വൻ വരുമാന നേട്ടം. കൊറിയർ ആൻഡ് ലോജിസ്റ്റിക്സ്, പരസ്യവരുമാനം, സിനിമാഷൂട്ടിങ്, ഹില്ലി അക്വ കുടിവെള്ള വിൽപ്പന തുടങ്ങിയ മാർഗങ്ങളിലൂടെ അഞ്ചുകോടിക്കു മുകളിലേക്കാണ് വരുമാനം കുതിച്ചത്. ടിക്കറ്റ് വരുമാനത്തെമാത്രം ആശ്രയിച്ചിരുന്ന കെഎസ്ആർടിസിക്ക് ഇത് തെല്ലൊന്നുമല്ല ആശ്വാസമായിരിക്കുന്നത്.
സംസ്ഥാനത്താകെ 15 മാസംകൊണ്ടാണ് കൊറിയർ സർവീസിലൂടെ അഞ്ചുകോടിക്കുമുകളിൽ വരുമാനം ലഭിച്ചത്. കെഎസ്ആർടിസി സ്റ്റാൻഡുകളിലെയും ബസുകളിലെയും പരസ്യവരുമാനം റെക്കോഡിലാണ്. കഴിഞ്ഞ രണ്ടുവർഷം പരസ്യത്തിലൂടെ 30 കോടി രൂപ ലഭിച്ചു. സിനിമാചിത്രീകരണത്തിന് സ്ഥലം നൽകിയതിൽ രണ്ടുലക്ഷവും, ബസ് സർവീസുകളിൽ ഹില്ലി അക്വാ കുപ്പിവെള്ളവിതരണത്തിലൂടെ രണ്ടുമാസംകൊണ്ട് ഒരുലക്ഷവും നേടി.
കഴിഞ്ഞവർഷം ജൂണിൽ തുടക്കത്തിൽ കേവലം 20,000 രൂപയാണ് കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസിലൂടെ ലഭിച്ചത്. നിലവിൽ ആ വരുമാനം അഞ്ചുകോടിയിലേക്ക് ഉയർന്നു. 2024 ഏപ്രിലിൽ 43.31 ലക്ഷവും സെപ്തംബറിൽ 52.39 ലക്ഷവുമായി ഉയർന്നു. ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന എറണാകുളം ഡിപ്പോയിൽ ദിവസം ശരാശരി 35,000 രൂപയുടെ ചരക്കു നീക്ക ബിസിനസുണ്ട്. വൈറ്റിലയിലാണ് കൊറിയർ സർവീസ് ഓഫീസ് പ്രവർത്തിക്കുന്നത്.
കെഎസ്ആർടിസി ലോജിസ്റ്റിക്സ് സർവീസിലൂടെ ചുരുങ്ങിയ ചെലവിലാണ് ആവശ്യക്കാർക്ക് സാധനങ്ങൾ എത്തിക്കുന്നത്. ഡിപ്പോയിൽ പാഴ്സൽ എത്തിച്ചാൽ 16 മണിക്കൂറിനകം അത് ആവശ്യക്കാരുടെ കൈയിലെത്തും. കെഎസ്ആർടിസി ബസുകളിലും ചരക്കുവാഹനങ്ങളിലുമാണ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. സംസ്ഥാനത്തിനുപുറമെ തമിഴ്നാടിനെയും കോർത്തിണക്കി അവധിയില്ലാതെയാണ് സർവീസ്.
കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസിനു ഡിമാൻഡ് കൂടിയതോടെ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് . വിതരണകേന്ദ്രമായ ഡിപ്പോകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതടക്കം നിർദേശങ്ങൾ മാനേജ്മെന്റിന്റെ പരിഗണനയിലാണ്.
KSRTC’s non-ticket revenue has seen a substantial increase, surpassing five crores through courier, logistics, advertising, and other services. Learn how these additional sources of income are boosting KSRTC’s financial stability.