നല്ല കടുപ്പമുള്ള ഒരു കാപ്പി കിട്ടിയാൽ ആ ദിവസം ഉഷാറായി എന്ന് പറയുന്നവർ ആണ് നമ്മൾ എല്ലാവരും. ഗുണമേന്മയുള്ള കാപ്പി പരിപ്പും അതിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കാപ്പിപ്പൊടിയുമായി മലയാളി മനസുകളിൽ ഇടം നേടിയ ഒരു ബ്രാൻഡ് ആണ് താര കോഫി. വയനാട്ടിലെ കാപ്പിത്തോട്ടങ്ങൾക്കിടയിൽ വളർന്ന അനന്ദു നൈനാൻ വില്ലോത്ത് എന്ന ചെറുപ്പക്കാരൻ കാപ്പിയെ ഒരു ബിസിനസ് ആക്കി മാറ്റുന്നത് തികച്ചും യാദൃശ്ചികമായിട്ടാണ്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു കയറ്റുമതി സ്ഥാപനം കൂടിയാണ് താരാ കോഫീസ്. ഇറ്റലി, ജർമനി തുടങ്ങിയ യൂറോപ്യൻരാജ്യങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും താരാ കോഫി കാപ്പി കയറ്റി അയയ്ക്കുന്നുണ്ട്.കൊച്ചിയിൽ കാരവനിൽ ആണ് കോഫി ഷോപ്പ് ഇപ്പോൾ സെറ്റ് ചെയ്തിരിക്കുന്നത്. തന്റെ സംരംഭക യാത്രയെ കുറിച്ച് താര കോഫിയുടെ ഫൗണ്ടറും സിഇഒയുമായ അനന്ദു ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡ് ഷോയിൽ സംസാരിക്കുകയാണ്.

താര എന്റെ അമ്മയാണ്
ആ പേരിൽ നിന്നും ഇൻസ്പെയ്ഡ് ആണ് എന്റെ ബ്രാൻഡ്. ആ പേരിന്റെ യൂണിക്ക്നെസ് പിന്നെ അമ്മ തരുന്ന മോട്ടിവേഷൻ ഇതൊക്കെയാണ് ആ പേര് തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം. അത് എപ്പോഴൊക്കെ നമ്മൾ മാച്ച് ചെയ്യാൻ ശ്രമിച്ചാലും മാച്ച് ചെയ്യാൻ പറ്റാത്ത ഒരു മോട്ടിവേഷൻ ആണ്. അച്ഛനും അമ്മയും കാപ്പി കൃഷി ചെയ്തു വന്നവരല്ല. അവര് സൈഡ് ആയിട്ട് ഒരു ഹോബി പോലെ കാപ്പിത്തോട്ടം സൂക്ഷിച്ചിരുന്നവരാണ്. അവർ അധ്യാപകരാണ്. ഞാൻ ഇങ്ങനെ ഒരു ബിസിനസിലേക്ക് തിരിയുന്നു എന്നറിഞ്ഞപ്പോൾ ആദ്യം എതിർത്തത് അച്ഛനും അമ്മയും ആണ്.

ഇഷ്ടം കൊണ്ട്
കാപ്പി ആഗോളതലത്തിൽ തന്നെ എല്ലാവരും ഉപയോഗിക്കുന്ന ഒരു വസ്തുവാണ്. ക്രൂഡോയിൽ കഴിഞ്ഞാൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഒരു വസ്തു കാപ്പിയാണ്. അത്രയും ഫോളോവേഴ്സും ഫാൻ ബേസും ഉള്ള കാപ്പി നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുമ്പോൾ അത് എന്റെ കൈയിലും ഉണ്ടെങ്കിൽ എനിക്ക് അതിനെ പ്രമോട്ട് ചെയ്യാനുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ ഈ ബിസിനസിലേക്ക് വരുന്നത്. ഇഷ്ടം കൊണ്ട് ചെയ്യുന്ന ബിസിനസ് ആണ്. എന്റെ കാഴ്ചപ്പാട് മോശം കാപ്പി ഒരിക്കലും കൊടുക്കരുത് എന്നുള്ളതാണ്.

കാപ്പി വ്യവസായം
കാപ്പിക്കാവശ്യമായ റോ മെറ്റീരിയൽസ് ഉണ്ടാക്കുന്നതാണ് കഴിവും അറിവും വേണ്ടത്. ഒരു കഫെ തുടങ്ങിയേക്കാം എന്ന് കരുതി നേരെ പോയി ഒരു കാപ്പിത്തോട്ടം വാങ്ങി കൃഷി തുടങ്ങാം എന്ന് വിചാരിക്കുന്നത് നടക്കുന്ന കാര്യമല്ല. ദൈവം അനുഗ്രഹിച്ചു ആ മേഖലയിൽ നമുക്കുള്ള അറിവും എക്സ്പീരിയൻസും ഇൻഡഗ്രേറ്റ് ചെയ്യുകയാണ് ഇപ്പോൾ ഞാൻ ചെയ്യുന്നത്. അവിടെയാണ് ആ സിഗ്നേച്ചർ ടേസ്റ്റും പ്രൊഫൈലും നമുക്കുണ്ടാക്കാൻ സാധിക്കുന്നത്. 25 മുതൽ 30 വരെ വെറൈറ്റി കോഫികൾ ഞങ്ങൾ ഉണ്ടാക്കുന്നുണ്ട്. കാപ്പി വ്യവസായം ഒരു വലിയ ഇൻഡസ്ട്രി ആണ്. ഇന്ത്യയിൽ നിന്ന് തന്നെ ഏകദേശം നാല് ലക്ഷം ടൺ കാപ്പിയാണ് കയറ്റുമതി ചെയ്യുന്നത്. ഇപ്പോൾ കാപ്പിക്ക് പ്രാദേശിക ഡിമാൻഡും കൂടുതൽ ആണ്. ഞങ്ങളിപ്പോൾ ഞങ്ങളുടെ ബ്രാൻഡ് തുറന്നതിനു ശേഷം തന്നെ കൊച്ചിയിൽ ഒരുപാട് കഫെകൾ വന്നു.

ഒർജിനൽ കാപ്പി ടേസ്റ്റ്
നമ്മൾ ഒരു ഓർഗാനിക് പ്രോഡക്റ്റ് പോലെയാണ് കാപ്പിയെ അവതരിപ്പിക്കുന്നത്. പഞ്ചസാരയുടെ അതിപ്രസരം നമുക്ക് ഉണ്ടാവാനും പാടില്ല കാപ്പിയുടെ ഒർജിനൽ ടേസ്റ്റ് അതിന് മുകളിൽ നിൽക്കുകയും വേണം. കാപ്പിയുടെ കൂടെ സ്നാക്സ് കൂടി കൊടുത്തുകൊണ്ട് ആ ബിസിനസിനെ പ്രമോട്ട് ചെയ്യുക എന്നതിനേക്കാൾ ഉപരി കാപ്പി മാത്രം പ്രമോട്ട് ചെയ്യാനാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്. അതാണ് ഞങ്ങളുടെ ബിസിനസിന്റെ ലിമിറ്റേഷൻ. പിന്നെ സ്നാക്സുകൾ പുറത്തുനിന്നു വാങ്ങി ഞങ്ങൾ വിൽക്കുന്നതിനോട് ഞങ്ങൾക്ക് താല്പര്യമില്ല. സ്വന്തമായി ചെയ്യാനുള്ള ഒരു ഫെസിലിറ്റി ആകുന്നത് വരെ ഞങ്ങൾക്ക് ഇങ്ങനെ പോകാനെ കഴിയുള്ളൂ. ജനങ്ങളുടെ ഇടയ്ക്ക് ജനകീയമായി പോകുന്ന ഒരു സിസ്റ്റമാണ് താര കോഫി.

ചായ സമൂഹത്തിലെ കോഫി
നമ്മുടെ സമൂഹം ഒരു ചായ സമൂഹം ആണ്. അത്തരം ഒരു ചായ സമൂഹത്തിനിടയ്ക്ക് ഒരു കാപ്പി ഇൻട്രൊഡ്യൂസ് ചെയ്യുമ്പോൾ അത് രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. കാപ്പിക്ക് വിലയും കൂടുതലാണ്. പത്തു മുതൽ 12 രൂപയ്ക്ക് വരെ ഒരു ചായ കിട്ടുന്ന സ്ഥലത്ത് 40 രൂപയ്ക്ക് ഒരു കാപ്പി എന്നു പറഞ്ഞാൽ ആളുകൾക്ക് അത് ദഹിക്കില്ല. ഞങ്ങളുടെ കാപ്പി കുടിക്കുമ്പോൾ ജനങ്ങളുടെ മുഖത്ത് വരുന്ന എക്സ്പ്രഷൻ ആണ് ഞങ്ങൾ ഫീഡ്ബാക്ക് ആയി കണക്കാക്കുന്നത്. കാപ്പി കൃഷിയുടെ തുടക്കം മുതൽ അത് കോഫി ആകുന്നത് വരെ കൂടെയുള്ള ആൾ ആയതുകൊണ്ട് അതിന്റെ ക്വാളിറ്റി എനിക്ക് ഉറപ്പുവരുത്താൻ കഴിയും.

താര കോഫിയുടെ ഭാവി
താരാ കോഫി കുറച്ചുകൂടി വിപുലീകരിക്കണം. വണ്ടിയിൽ നിന്നും മാറണം. ഒരു ബ്രാൻഡ് ഐഡന്റിറ്റി ഉണ്ടാക്കുക, യുണീക്കായ ടേസ്റ്റ് പരിചയപ്പെടുത്തുക എന്നതൊക്കെയായിരുന്നു നമ്മൾ ഉദ്ദേശിച്ചിരുന്നത് അത് നടന്നിട്ടുണ്ട്. കാപ്പിയിൽ നമ്മുടെ ടേസ്റ്റ് ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു.
Discover Thara Coffee’s journey, founded by Anandu Ninan Villoth, from coffee plantations in Wayanad to becoming a leading coffee exporter to Europe and the Gulf. An inspiring story of passion, quality, and perseverance.