മഹാവിപത്തിൽ നാട് പകച്ചു നിന്നപ്പോൾ വന്നു തൊട്ട സ്നേഹസ്പർശമായാണ് രത്തൻ ടാറ്റയെ മലയാളികൾ ഓർക്കുക. കാസർകോഡ് ജില്ല ഇന്ത്യയിലെ ഏറ്റവുമധികം കോവിഡ് രോഗികൾ ഉള്ള ജില്ലയെന്ന നിലയിൽ പരുങ്ങിയപ്പോൾ അറുപത് കോടി ചെലവിട്ട് അന്ന് ടാറ്റ ഗ്രൂപ്പ് ആശുപത്രിയും വൈദ്യസഹായവും ഒരുക്കി. രത്തൻ ടാറ്റയുടെ ശ്രമഫലമായി അന്ന് രാജ്യത്താകെ ടാറ്റ സാമൂഹിക സുരക്ഷാ ഫണ്ടിൽ നിന്നും കോവിഡ് വ്യാപനം തടയാനായി ചെലഴിച്ചത് 1500 കോടി രൂപയാണ്. ഇതിന്റെ ഭാഗമായാണ് കേരളത്തിനും സഹായം ലഭിച്ചത്. കോവിഡ് രോഗികളെ ചികിത്സിക്കാനായി നിർമിച്ച രാജ്യത്തെ ആദ്യ ആശുപത്രി കൂടിയായിരുന്നു ഇത്. കാസർകോഡ് തെക്കിൽ എന്ന ഗ്രാമത്തിൽ നിർമിച്ച ആശുപത്രി 2020 സെപ്റ്റംബറിൽ ടാറ്റ സംസ്ഥാന സർക്കാറിനു കൈമാറി.

ആരോഗ്യമേഖല തകർന്നു നിൽക്കുന്ന സമയത്ത് അഞ്ച് മാസം കൊണ്ടാണ് ടാറ്റ കാസർഗോഡ് ആശുപത്രി പണിതത്. 81000 സ്ക്വയർ ഫീറ്റിൽ അഞ്ചര ഏക്കർ സ്ഥലത്തായിരുന്നു ആശുപത്രി നിർമാണം. 128 ശീതീകരിച്ച കണ്ടെയ്നറുകളിൽ 550 ബെഡുകളം മറ്റ് സംവിധാനങ്ങളുമായി പ്രവർത്തനം സജ്ജമാക്കിയ ആശുപത്രിയിൽ ടാറ്റ തന്നെ ഇരുന്നോറോളം ജീവനക്കാരെയും നിയമിച്ചു. മൂന്ന് സോണുകളായി തിരിച്ച ആശുപത്രിയിൽ ക്വാറൻ്റീൻ-ഐസൊലേഷൻ വാർഡുകളും ഉണ്ടായിരുന്നു. കോവിഡ് സമയത്ത് അയ്യായിരത്തിലധികം രോഗികളെയാണ് ആശുപത്രിയിൽ ചികിത്സിച്ചത്. മുപ്പത് വർഷം കാലാവധി നിശ്ചയിച്ച ആശുപത്രി പക്ഷേ പ്രവർത്തനം നിർത്തി. കണ്ടെയ്നറുകൾ പിന്നീട് ജില്ലാ ഭരണകൂടം ഏറ്റെടുക്കും എന്ന് അറിയിച്ചിരുന്നു.

കോവിഡ് സമയത്ത് മാത്രമല്ല, രാജ്യം ഏത് വിപത്തിനെ നേരിട്ടപ്പോഴും അതിന് സാന്ത്വനമാകാൻ രത്തൻ ടാറ്റ എന്നും മുൻപന്തിയിലുണ്ടായിരുന്നു. മുംബൈ ഭീകരാക്രമണ സമയത്ത് കത്തിയമരുന്ന കെട്ടിടത്തിനു പുറത്ത് വേവലാതിപ്പെട്ടു നടന്ന രത്തൻ ടാറ്റയെ മറക്കാനാവില്ല. ആക്രമണത്തിനിരയായവരെ ആശുപത്രിയിലെത്തി ആശ്വസിപ്പിക്കാനും സഹായമെത്തിക്കാനും അന്ന് രത്തൻ ടാറ്റയെത്തി. ഭീകരാക്രമണത്തിനു ശേഷം താജ് പബ്ലിക് വെൽഫെയർ ട്രസ്റ്റ് എന്ന സംഘടന രൂപീകരിച്ച് പ്രവത്തനമാരംഭിച്ചതും രത്തൻ ടാറ്റയുടെ മനുഷ്യത്വത്തിന്റെ വലിയ മനസ്സായിരുന്നു. രണ്ടാഴ്ച കൊണ്ട് ആക്രമണത്തിന് ഇരയായവർക്ക് സഹായമെത്തിച്ചതിനോടൊപ്പം ഭാവിയിൽ ഇത്തരം ദുരന്തങ്ങളിൽ പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള ചുമതലയും രത്തൻ ടാറ്റ ഏറ്റെടുത്തു.

ഇതേ നിശ്ചദാർഢ്യം തന്നെയാണ് കോവിഡ് കാലത്തും രത്തൻ ടാറ്റ പ്രകടിപ്പിച്ചത്. ഭരണകർത്താക്കൾ അടക്കം പകച്ച് നിന്ന ഘട്ടത്തിൽ ടാറ്റാ സൺസ് വഴി ആയിരം കോടി രൂപയും ടാറ്റാ ട്രസ്റ്റ് വഴി അഞ്ഞൂറ് കോടി രൂപയും രത്തൻ ടാറ്റ രാജ്യത്തിനായി നൽകി. മനുഷ്യത്വമുള്ളവന്റെ കയ്യിലെ പണം എത്രത്തോളം ഉപകാരപ്രദമാണ് എന്ന് അന്ന് ഇന്ത്യക്കാർ ഒന്നടങ്കം തിരിച്ചറിഞ്ഞു, ഒപ്പം രത്തൻ ടാറ്റയെന്ന മഹാമനുഷ്യനേയും.
Ratan Tata, a symbol of compassion and leadership, leaves behind a legacy of nation-building and philanthropy. His unwavering support during crises like the 26/11 Mumbai attacks and the COVID-19 pandemic will forever inspire future generations.
