കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ആറ് റൂട്ടുകളിൽ എസി ഇലക്ട്രിക് ഫീഡർ ബസ് സർവീസ് ഈ മാസം ആരംഭിക്കും. കൊച്ചി മെട്രോ യാത്രക്കാരുടെ തുടർയാത്രകൾ സുഗമമാക്കുന്നതിൻ്റെ ഭാഗമായി 15 ഇലക്ട്രിക് ബസുകളാണ് കെഎംആർഎൽ വാങ്ങിയത്. മധ്യപ്രദേശിലെ ഇൻഡോറിൽനിന്നുള്ള അഞ്ച് ബസ്സുകൾ മുട്ടം യാർഡിലെത്തി. ബാക്കിയുള്ള 10 ബസുകൾ വൈകാതെ എത്തും. ഒരാഴ്ചയ്ക്കുള്ളിൽ റൂട്ടുകൾ KMRL ഔദ്യോഗികമായി പ്രഖ്യാപിക്കും. നിലവിൽ പരിമിതമായ മെട്രോ കണക്റ്റിവിറ്റിയുള്ള റൂട്ടുകളിലാണ് 33 സീറ്റുകളുള്ള വോൾവോ-ഐഷർ എസി ഇലക്ട്രിക് ബസ് വിന്യസിക്കുക. ആലുവ മെട്രോ-നെടുമ്പാശ്ശേരി, കാക്കനാട് വാട്ടർ മെട്രോ-ഇൻഫോപാർക്ക് എന്നീ റൂട്ടുകൾക്കാണ് പ്രഥമ പരിഗണന.
നേരത്തെ ക്ലീൻ ആൻഡ് സ്മാർട്ട് ബസ് ലിമിറ്റഡുമായി (KSBL) ചേർന്ന് കൊച്ചി മെട്രോ ഫീഡർ സർവീസുകൾ നടത്തിയിരുന്നു. ഇതിന്റെ പ്രർത്തനം നിലച്ച സാഹചര്യത്തിലാണ് മെട്രോ സ്വന്തമായി ബസ്സുകൾ ഇറക്കാൻ തീരുമാനിച്ചത്. 12 കിലോമീറ്റർ വരെയാണ് ഓരോ റൂട്ടിന്റേയും ദൂരം. 20 മിനിറ്റ് ഇടവേളകളിലാണ് ബസ് ഉണ്ടാകുക. കെഎസ്ആർടിസി നിലവിൽ സർവീസ് നടത്തുന്ന റൂട്ടുകളിൽ മെട്രോ ഫീഡർ സർവീസ് നടത്തില്ല. വോൾവോ ഇലക്ട്രിക് ബസുകൾ ഓടിക്കുന്നത് ബുദ്ധിമുട്ടായ റൂട്ടുകളിലും സർവീസ് ഉണ്ടാകില്ല. മെട്രോ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കാക്കനാട് ഭാഗത്ത് ബദൽ ഫീഡറുകൾ സർവീസ് നടത്തുന്നത് പ്രായോഗികമല്ലെന്ന് മെട്രോ അധികൃതർ പറഞ്ഞു.
ഫീഡർ സർവീസുകൾക്കായി മെട്രോയുടെ മുട്ടം യാർഡിൽ ഡിപ്പോയും ഇലക്ട്രിക് ചാർജിങ് സംവിധാനവും സ്ഥാപിച്ചു. ഡിപ്പോയ്ക്ക് പുറമേ വൈറ്റില, ആലുവ, ഇടപ്പള്ളി മെട്രോകളിൽ ചാർജിങ് സംവിധാനം ഉണ്ടാകും. കലൂരിലെ ചാഞജിങ് സംവിധാനത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. മെട്രോ സ്റ്റേഷനുകളിൽ ചാർജിങ് സംവിധാനം ഇല്ലാത്തത് മുൻപ് ഫീഡർ ബസ്സുകളുടെ പ്രവർത്തനെത്തെ ബാധിച്ചിരുന്നു.
ഐഷർ കമ്പനിയുടെ 33 സീറ്റുള്ള എസി ബസുകൾ ഒറ്റ ചാർജിൽ 160 കിലോമീറ്റർ ഓടും. 90 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. ബസിന് രണ്ടു വർഷം വാറണ്ടിയും ബാറ്ററിക്ക് അഞ്ച് വർഷം വാറണ്ടിയും ഐഷർ കമ്പനി ഉറപ്പ് നൽകുന്നു. ഒൻപത് മീറ്റർ ആണ് ബസുകളുടെ നീളം. നീളക്കുറവ് കാരണം ട്രാഫിക് കൂടുതലുള്ള സമയങ്ങളിലും ഇവ സർവീസ് നടത്താൻ അനുയോജ്യമാണ്.
Kochi Metro Rail Limited introduces AC electric feeder bus services on six routes this month, using 33-seater Volvo-Eicher buses to improve connectivity. The electric buses, equipped with charging depots at metro stations, aim to facilitate the onward journeys of Kochi Metro passengers.