വിപണി പിടിച്ചടക്കാനെത്തിയ രണ്ട് മിൽമ ഉല്പന്നങ്ങളാണ് കരിക്കിൻ വെള്ളവും കശുവണ്ടിപ്പൊടി ഹെൽത്ത് ഡ്രിങ്കും. ഗുണമേൻമയുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിൻറെ ഭാഗമായാണ് മിൽമ ടെണ്ടർ കോക്കനട്ട് വാട്ടറും കാഷ്യൂ വിറ്റാ പൗഡറും വിപണിയിലിറക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്പന്നങ്ങൾ സംരംഭത്തിന്റെ ഔ0്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.
കേരളത്തിൻറെ മുഖമുദ്രയായ ഇളനീരിനെ കേരളത്തിനകത്തും അയൽ സംസ്ഥാനങ്ങളിലേക്കും അന്താരാഷ്ട്ര വിപണിയിലേക്കും എത്തിക്കാനായി ലക്ഷ്യം വച്ച് മിൽമ അവതരിപ്പിക്കുന്ന ഉത്പന്നമാണ് മിൽമ ടെണ്ടർ കോക്കനട്ട് വാട്ടർ. യാത്രകളിൽ ഉൾപ്പെടെ സൗകര്യപ്രദമായി എവിടെയും എപ്പോഴും ലഭ്യത ഉറപ്പുവരുത്താവുന്ന വിധത്തിലാണ് ഉത്പന്നം വിപണിയിൽ ലഭ്യമാക്കുക.
പ്രത്യേക സാങ്കേതികവിദ്യയുടെ മികവിൽ മനുഷ്യ കരസ്പർശമേൽക്കാതെ തയ്യാറാക്കുന്ന ടെണ്ടർ കോക്കനട്ട് വാട്ടർ ഒൻപത് മാസം വരെ കേടാകില്ല. 200 മില്ലി കുപ്പികളിൽ ഇളനീരിൻറെ പോഷകമൂല്യങ്ങൾ ചോർന്നുപോകാതെ തയ്യാറാക്കിയിട്ടുള്ള ടെണ്ടർ കോക്കനട്ട് വാട്ടർ ഒരു ബോട്ടിലിന് 40 രൂപയാണ് വില.
കേരളത്തിൻറെ ഏറ്റവും മികച്ച കാർഷിക ഉത്പന്നങ്ങളിലൊന്നായ കശുവണ്ടിയിൽ നിന്നും അന്താരാഷ്ട്ര വിപണി ലക്ഷ്യം വച്ച് അവതരിപ്പിക്കുന്ന ഹെൽത്ത് ഡ്രിങ്കാണ് മിൽമ കാഷ്യു വിറ്റാ പൗഡർ. പാലിൽ ചേർത്ത് ഉപയോഗിക്കാവുന്ന ഒരു മികച്ച ഹെൽത്ത് ഡ്രിങ്ക് ആണ് മിൽമ കാഷ്യു വിറ്റ. അത്യാധുനിക സാങ്കേതിക വിദ്യയുടെ മികവിൽ സംസ്കരിച്ചെടുക്കുന്ന ഇവ ആറ് മാസം വരെ പ്രിസർവേറ്റീവുകൾ ചേർക്കാതെ തന്നെ കേടുകൂടാതെ ഇരിക്കും. ഈ ഉത്പന്നം ചോക്ലേറ്റ്, പിസ്ത, വാനില എന്നീ ഫ്ളേവറുകളിൽ 250 ഗ്രാം പാക്കറ്റുകളിലായാണ് ലഭിക്കുക. കാഷ്യു വിറ്റാ ചോക്ക്ലേറ്റ് ഒരു പാക്കറ്റിന് 460 രൂപയും പിസ്തയ്ക്ക് 325 രൂപയും വാനില ഫ്ളേവറിന് 260 രൂപയുമാണ് വില.
വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷനുമായി സഹകരിച്ചാണ് മിൽമ കാഷ്യു വിറ്റാ വിപണിയിൽ അവതരിപ്പിക്കുന്നത്. മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎഫ്ടിആർഐ) വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് ഉത്പാദിപ്പിക്കുന്നത്.
റീപൊസിഷനിംഗ് മിൽമ
മിൽമ ഉത്പന്നങ്ങളുടെ ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന ‘റീപൊസിഷനിംഗ് മിൽമ’ പദ്ധതിയുടെ ഭാഗമായി പാൽ, തൈര്, നെയ്യ് എന്നീ ഉത്പന്നങ്ങൾ കൂടാതെ ഒട്ടനവധി പുതിയ ഉത്പന്നങ്ങളും വിപണിയിലെത്തിച്ചിട്ടുണ്ട്. വിവിധ ഫ്ളേവറുകളിലുള്ള ഐസ്ക്രീമുകൾ, ഫ്ളേവേർഡ് മിൽക്കുകൾ, വിവിധ തരം പേഡകൾ, പനീർ ബട്ടർ മസാല എന്നിവ അവയിൽ ചിലതാണ്.
മിൽമ ഉത്പന്നങ്ങളുടെ പാക്കിംഗ്, ഡിസൈൻ, ഗുണനിലവാരം, വിപണനം എന്നിവയിൽ സമഗ്രമായ മാറ്റം വരുത്തി സംസ്ഥാനമൊട്ടാകെ ഏകീകരിച്ച് വിപണിയിൽ അവതരിപ്പിക്കുന്ന പദ്ധതിയാണ് ‘റീപൊസിഷനിംഗ് മിൽമ’. സംസ്ഥാനത്തിൻറെ ഉൾപ്രദേശങ്ങളിൽ പോലും മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ലഭ്യമാക്കുന്ന രീതിയിൽ വിപണനശൃംഖല വികസിപ്പിക്കുവാനും സംസ്ഥാനത്ത് പാലുത്പാദനവും വിപണനവും മെച്ചപ്പെടുത്താനും വിപണിസാധ്യത പ്രയോജനപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.
മിൽമയുടെ പുതിയ പ്രീമിയം ചോക്ലേറ്റുകളായ ഡെലിസ ചോക്ലേറ്റുകൾ, ഒസ്മാനിയ ബട്ടർ ബിസ്ക്കറ്റ്, ബട്ടർ ഡ്രോപ്സ് എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. ഉപഭോക്താക്കൾക്ക് വളരെ ഉപകാരപ്രദമായ നിരവധി ഇൻസ്റ്റൻറ് പ്രോഡക്റ്റുകളും മിൽമ അവതരിപ്പിക്കുന്നുണ്ട്. ഇൻസ്റ്റൻറ് പുളിശ്ശേരി മിക്സ്, റെഡി-ടു-ട്രിങ്ക് പാലട പായസം എന്നിവയും ഉപഭോക്താക്കൾക്കായി മിൽമ വിപണിയിലവതരിപ്പിച്ചിരുന്നു.
Milma introduces new products, including Tender Coconut Water and Cashew Vita Powder, aimed at enhancing market presence. Chief Minister Pinarayi Vijayan inaugurated the launch, showcasing Milma’s commitment to quality and innovation.