പത്ത് പുതിയ പ്രീമിയം സൂപ്പർഫാസ്റ്റ് ഏസി ബസ്സുകൾ നിരത്തിലിറക്കി കെഎസ്ആർടിസി. ടാറ്റ മോട്ടോർസ് നിർമിച്ച 39.8 ലക്ഷം രൂപ വില വരുന്ന ബിഎസ്6 ബസ്സുകളാണ് വന്നിരിക്കുന്നത്. നാൽപ്പത് സീറ്റുള്ള ബസ്സിൽ എഐ, ഫ്രീ വൈഫൈ, ചാർജിങ് പോർട്ടുകൾ തുടങ്ങിയ നിരവധി അത്യാധുനിക സൗകര്യങ്ങളുണ്ട്. ഇതിന് പുറമേ പുഷ് ബാക്ക് സീറ്റുകൾ, റീഡിങ് ലാമ്പ്, ബോട്ടിൽ ഹോൾഡർ, സ്ലൈഡിങ് വിൻഡോകൾ, സൈഡ് കർട്ടനുകൾ, എല്ലാ സീറ്റുകളിലും സീറ്റ് ബൈൽറ്റുകൾ എന്നിവയും ലഭ്യമാണ്. സിസി ടിവി ക്യാമറകൾ ഘടിപ്പിച്ച ബസ്സിൽ മ്യൂസിക് സിസ്റ്റം, ടെലിവിഷൻ എന്നിവയും ഉണ്ട്.
ബസ് യാത്രകൾ കൂടുതൽ മെച്ചപ്പെടുത്താനും സുരക്ഷിതമാക്കാനുമായാണ് കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകൾ നിരത്തിലിറക്കുന്നത്. ആദ്യ ഘട്ടത്തിലുള്ള 10 ബസുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
മറ്റ് ബസ് സർവീസുകളില്ലാത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവും വൈഫൈ സൗകര്യവുമാണ് സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകളുടെ സവിശേഷത. ഒരു ജിബി സൗജന്യ വൈഫൈയ്ക്ക് പുറമേ വീണ്ടും ചെറിയ തുക നൽകി കൂടുതൽ വൈഫൈ ലഭ്യമാക്കുന്ന ടോപ് അപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൊബൈൽ ആപ് വഴി മുൻകൂട്ടി റിസർവ് ചെയ്യാം. സുരക്ഷയ്ക്കായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എഐ ക്യാമറ അസിസ്റ്റുമുണ്ട്. ഡ്രൈവർ മോണിറ്ററിങ് സംവിധാനം വഴി ഡ്രൈവർമാർ ഉറങ്ങുകയോ മൊബൈൽ ഉപയോഗിക്കുകയോ ചെയ്താൽ കൺട്രോൾ റൂമിൽ അലർട്ടുകൾ ലഭിക്കും. ഈ സംവിധാനം യാത്ര കൂടുതൽ സുരക്ഷിതമാക്കും.
നിലവിലെ ഫാസ്റ്റ് പാസഞ്ചറുകളും പ്രീമിയം എസി ബസുകളും കാലപ്പഴക്കം കൊണ്ട് സ്ഥിരമായി സർവീസ് നടത്താൻ കഴിയാത്ത സ്ഥിതിയായിരുന്നു. പഴയ സൂപ്പർ ഫാസ്റ്റുകളും ലോ ഫ്ലോർ എസി ബസുകളും മാറ്റി പകരം ചെലവു കുറഞ്ഞതും മൈലേജ് കൂടിയതുമായ എസി ബസുകൾ ഓടിക്കാനാണ് കെഎസ്ആർടിസി പദ്ധതി. ഈ പദ്ധതി പ്രകാരണമാണ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി ബസുകൾ പുറത്തിറക്കിയത്.
തിരുവനന്തപുരം–കോട്ടയം–വൈറ്റില–തൃശൂർ, തിരുവനന്തപുരം–കോട്ടയം–മൂവാറ്റുപുഴ–തൃശൂർ ,തിരുവനന്തപുരം–കോട്ടയം–മൂവാറ്റുപുഴ–അങ്കമാലി–ബൈപാസ്–പാലക്കാട്തി , തിരുവനന്തപുരം–കോട്ടയം–വൈറ്റില–ബൈപ്പാസ്–പാലക്കാട്, തിരുവനന്തപുരം–വാളകം–പത്തനാപുരം, പത്തനംതിട്ട–പാല–തൊടുപുഴ റൂട്ടുകളിലാണ് സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസ് നടത്തുക. എല്ലാ സർവീസുകൾക്കും കോഴിക്കോട് വരെ ലോ ഫ്ലോർ എസി കണക്ഷൻ സർവീസുകളും ഉണ്ടാകും. ദീർഘദൂര യാത്രക്കാർക്ക് എവിടെനിന്നും കുറഞ്ഞ ചാർജ് നൽകി കയറാം. സൂപ്പർ ഫാസ്റ്റ് ബസുകളുടെ നിരക്കിനേക്കാൾ ഉയർന്ന നിരക്കാണ് കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകൾക്ക്. എന്നാൽ മറ്റ് ഏസി ബസുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കുമാണ്.
കെഎസ്ആർടിസി സ്വിഫ്റ്റിന്റെ തനതു ഫണ്ട് ഉപയോഗിച്ചു വാങ്ങിയ 10 സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കെഎസ്ആർടിസി ബസ് യാത്രകൾ സ്മാർട്ട് ആക്കുന്നത് വഴി ഏറ്റവും മികച്ച സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
KSRTC has introduced ten new premium superfast AC buses featuring state-of-the-art facilities like AI, free Wi-Fi, and enhanced safety systems. Discover the details of this innovative launch aimed at improving bus travel in Kerala.