2027ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നതിന് 1300 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് (AAHL). വിമാനത്താവളത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് “പ്രൊജക്റ്റ് അനന്ത” എന്ന വമ്പൻ പദ്ധതി എത്തുന്നത്.
വികസനത്തിന്റെ ഭാഗമായി പുതിയ ടെർമിനൽ നിർമിക്കും. ചാക്കയിലെ നിലവിലെ രണ്ടാം ടെർമിനലിനോടുചേർന്നാണ് പുതിയ ടെർമിനൽ നിർമിക്കുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളുടെ രൂപകല്പന മാതൃകയാക്കിയുള്ള വാസ്തുവിദ്യയാണ് പുതിയ ടെർമിനലിന്റെ സവിശേഷത. ക്ഷേത്രങ്ങൾക്കൊപ്പം കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തേയും പ്രതിഫലിപ്പിക്കുന്നതാകും ഡിസൈൻ.
നിലവിൽ 45000 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള വിമാനത്താവളം വർഷത്തിൽ 32 ലക്ഷം യാത്രക്കാരെയാണ് സ്വീകരിക്കുന്നത്. വികസനത്തോടെ വിമാനത്താവളം 165000 സ്ക്വയർ മീറ്ററായി വിപുലീകരിക്കും. ഇതോടെ പ്രതിവർഷം 1.2 കോടി യാത്രക്കാരെ സ്വീകരിക്കാവുന്ന സജ്ജീകരണങ്ങൾ ഒരുങ്ങും. പദ്ധതി പൂർത്തിയാകുന്നതോടെ ഫ്ലൈറ്റ് ബേകളുടെ എണ്ണം എട്ടിൽ നിന്ന് 19 ആയി ഉയരും.
വികസന പദ്ധതികളുടെ നിർമ്മാണം ഈ വർഷം ആരംഭിക്കും. 2027ഓടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ആധുനിക സജ്ജീകരണങ്ങളോടെയുള്ള പുതിയ ടെർമിനലിൽ പ്ലാസ, ഹോട്ടൽ എന്നിവയ്ക്ക് പുറമേ അഡ്മിനിസ്ട്രേറ്റീവ് സ്പെയ്സുകളും ഉണ്ടാകും. ഇതെല്ലാം ഒരൊറ്റ മമുച്ചയത്തിലാകും വരിക. സന്ദർശകരുടേയും യാത്രക്കാരുടേയും സൗകര്യം വർധിപ്പിക്കുന്നതിനായി മെച്ചപ്പെട്ട കാർ പാർക്കിങ് സൗകര്യവും ഒരുക്കും. നവീകരത്തിന്റെ ഭാഗമായുള്ള പുതിയ എയർ ട്രാഫിക് കൺട്രോൾ (ATC) ടവർ, ഇന്റർനാഷണൽ കാർഗോ കോംപ്ലക്സ്, റിമോട്ട് ചെക്ക്-ഇൻ ഓപ്ഷൻ എന്നി കൂടി ചേരുന്നതോടെ എയർപോർട് നവീന നിലയിലേക്ക് ഉയരും.
2021 ഒക്ടോബറിലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ നടത്തിപ്പും വികസനവും അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് ഏറ്റെടുത്തത്. 1932 ൽ സ്ഥാപിച്ച വിമാനത്താവളം സംസ്ഥാനത്തെ ആദ്യത്തേതാണ്. അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനു മുൻപ് തിരുവനന്തപുരം വിമാനത്താവളം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലായിരുന്നു.
നിർമാണത്തിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്നുള്ള അനുമതി ലഭിച്ചു. നിലവിലെ ടെർമിനലിന്റെ പണി പൂർത്തിയായതിനു ശേഷം ശംഖുംമുഖത്തുള്ള ആഭ്യന്തര ടെർമിനലിന്റെ നവീകരണവും നടക്കും.
Adani Airport Holdings Limited announces a Rs 1300 crore investment for the development of Thiruvananthapuram International Airport under “Project Ananta.” The project includes a new terminal designed to reflect Kerala’s cultural heritage, expanding the airport’s capacity to accommodate 1.2 crore passengers annually by 2027.