സർക്കാർ ജീവനക്കാർക്ക് ഇനി പഞ്ചിങ് യന്ത്രത്തിനു മുന്നിൽ വരിനിൽക്കാതെ മൊബൈൽ വഴി ഹാജർ രേഖപ്പെടുത്താം. ആധാർ ഫേസ് ആർഡി, ആധാർ എനേബിൾഡ് ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റം (എ.ഇ.ബി.എ.എസ്.) എന്നീ ആപ്പുകൾ ഉപയോഗിച്ചാണ് ഹാജർ രേഖപ്പെടുത്താനാകുക. പ്ലേ സ്റ്റോറിൽ നിന്ന് ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യാം. സുരക്ഷയ്ക്കും മറ്റാരും കൈകാര്യം ചെയ്യാതിരിക്കാനുമായി ആപ്പിൽ മുഖം വ്യക്തമാകുന്ന തരത്തിലുള്ള സെൽഫി അപ്ലോഡ് ചെയ്യണം. ഓഫീസിനുള്ളിലും പരിസരത്തും മാത്രമേ ഇത്തരത്തിൽ ഹാജർ രേഖപ്പെടുത്താനാകൂ.
നേരത്തെ സർക്കാർ ഓഫീസുകളിൽ സ്പാർക്കിനൊപ്പം ബയോമെട്രിക് പഞ്ചിങ് സംവിധാനങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ ഇതിൽ യന്ത്രത്തകരാർ സംഭവിക്കുകയും ജീവനക്കാർ ബുദ്ധിമുട്ടിലാകുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതിന് പരിഹാരമായാണ് മൊബൈൽ ആപ്പുകൾ എത്തിയത്. മിക്ക ഓഫീസുകളും ഇപ്പോൾ മൊബൈൽ പഞ്ചിങ് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. സംസ്ഥാന ഐടി സെല്ലിനു കീഴിലാണ് മൊബൈൽ പഞ്ചിങ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
എന്നാൽ ആൻഡ്രോയിഡ് ഒൻപത് മുതലുള്ള ഫോണുകളിൽ മാത്രമേ ആപ്പുകൾ പ്രവർത്തിക്കുകയുള്ളൂ. ചൈനീസ് നിർമിത ഫോണുകളിലും ആപ്പുകൾ പ്രവർത്തിക്കില്ല. സുരക്ഷാ മാനദണ്ഡം മുൻനിർത്തിയാണ് ഇതെന്നും പ്രശ്നപരിഹാരത്തിനായി നാഷണൽ ഇൻഫോർമാറ്റിക് സെന്ററിനെ സമീപിച്ചതായും അധികൃതർ വ്യക്തമാക്കി.